ഖത്വറില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ക്കും ബ്യൂട്ടി സലൂണുകള്‍ക്കും പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നു

Posted on: March 4, 2016 9:28 pm | Last updated: March 4, 2016 at 9:28 pm

saloonദോഹ: രാജ്യത്തു പ്രവര്‍ത്തിക്കന്ന ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി സലൂണുകള്‍, മസാജ് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളും നിബന്ധനകളും വരുന്നു. പുതിയ നിയമം പ്രത്യേക മന്ത്രാലയ സമിതി തയാറാക്കിക്കി വരികയാണ്. ആരോഗ്യ സുരക്ഷക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് നിബന്ധനകള്‍ വരുന്നത്. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ഏതാനും ബ്യൂട്ടി പാര്‍ലറുകള്‍ അടച്ചു പൂട്ടിയിരുന്നു. മിന്നല്‍ പരിശോധനയില്‍ കാലാവധി കഴിഞ്ഞ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതു കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നടപടി.

ബ്യൂട്ടി പാര്‍ലറുകളുടെയും സലൂണുകളുടെയും ലൈസന്‍സ് നിബന്ധനകളും സുരക്ഷാ മാനദണ്ഡങ്ങളും ശക്തമാക്കണമെന്ന് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതു ആരോഗ്യം, മുനിസിപ്പാലിറ്റി ആന്‍ഡ് എന്‍വിയോണ്‍മെന്റ്, വാണിജ്യ മന്ത്രാലയങ്ങളില്‍ നിന്നുള്ള പ്രതിനിധികളുള്‍ക്കൊള്ളുന്ന സമിതിയാണ് ഇതു സംബന്ധിച്ച് പഠനം നടത്തി പുതിയ നിബന്ധനകള്‍ കൊണ്ടു വരുന്നത്. അതേസമയം മസാജ് പാര്‍ലറുകളെപ്പോലെ ബ്യൂട്ടി സലൂണുകളുടെ ലൈസന്‍സിംഗ് നിയമം ലഘൂകരിക്കുമെന്ന് ഖത്വര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നതിന് പ്രൊഫഷനല്‍ യോഗ്യതയുള്ളവരെ മാത്രം നിയോഗിക്കുക എന്നാണ് മെഡിക്കല്‍ കമ്മീഷന്‍ ഡയറക്ര്‍ ഡോ. ഇബ്രാഹിം അല്‍ ശാറും ഹെല്‍ത്ത് പ്രോട്ടക്ഷന്‍ ആന്‍ഡ് കമ്യൂണിക്കബിള്‍ ഡിസീസ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ ഹാജിരിയും മുന്നോട്ടു വെക്കുന്ന നിര്‍ദേശം. വിദേശികള്‍ ജോലിക്കു വരുമ്പോള്‍ അവരുടെ നാടുകളില്‍നിന്ന് യോഗ്യത നേടിയാണ് വരുന്നതെന്ന് ഉറപ്പു വരുത്തണം. മസാജ് തെറാപ്പിസ്റ്റുകള്‍ക്ക് രാജ്യാന്തര നിലവാരത്തിലുള്ള പരിശീലന കോഴ്‌സുകള്‍ സംഘടിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

മസാജ് സെന്ററുകളില്‍ സേവനം തേടിയെത്തുന്ന ഉപഭോക്താക്കളുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിച്ചു വെക്കണം. മസാജിനെത്തുടര്‍ന്ന് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഈ വിവരങ്ങള്‍ ഹാജരാക്കണം. മസാജ് പാര്‍ലറുകളില്‍ ധാര്‍മിക വിരുദ്ധമായ ഇടപാടുകളുണ്ടായാലും രജിസ്റ്റര്‍ ഹാജരാക്കണമെന്നും നിയമ നിര്‍ദേശത്തില്‍ പറയുന്നു.