എണ്ണവിലയിടിവ്: ഉരീദുവിലും പിരിച്ചു വിടല്‍

Posted on: March 4, 2016 9:01 pm | Last updated: March 4, 2016 at 9:01 pm

JOB LOSSദോഹ: എണ്ണവിലയിടിവിനെത്തുള്ള സാമ്പത്തിക പ്രതിസന്ധി മറി കടക്കുന്നതിനുള്ള പുനഃക്രമീകരണങ്ങളുടെ ഭാഗമായി രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ ഉരീദുവിലും പിരിച്ചു വിടല്‍. കോര്‍പറേറ്റ് റിവ്യൂവിന്റെ ഭാഗമായി 100 ജീവനക്കാരെ ഒഴവാക്കുകയാണെന്ന് ഗ്ലോബല്‍ ടെലികോം സേവന സ്ഥാപനമായി ഉരീദു വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

ഖത്വര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉരൂദു കമ്പനിക്ക് ലോകവ്യാപകമായി പതിനായിരത്തിലധികം ജീവനക്കാരുണ്ട്. അള്‍ജീരിയ, കുവൈത്ത്, ഒമാന്‍ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ ഉരീദു പ്രവര്‍ത്തിച്ചു വരുന്നു. കമ്പനിയുടെ ആകെ ജീവനക്കാരുടെ ഒരു ശമതാനം മാത്രമാണ് ഇപ്പോള്‍ ഒഴിവാകുന്നതെന്ന് ഉരീദു വൃത്തങ്ങള്‍ പറഞ്ഞതായി ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഖത്വറില്‍ ജോലി ചെയ്യുന്നവരെയാണ് പിരിച്ചു വിടുന്നത്. എല്ലാവരും വിദേശികളാണ്.

നവംബറില്‍ ഉരീദു മാനേജ്‌മെന്റ് തലത്തില്‍ മാറ്റം വരുത്തിയിരുന്നു. ശൈഖ് സഊദ് ബിന്‍ നാസര്‍ അല്‍ താനിയാണ് പുതിയ സി ഇ ഒ ആയി ചുമതലയേറ്രെടുത്തത്. ഒമ്പതു വര്‍ഷം സി ഇ ഒ ആയി പ്രവര്‍ത്തിച്ച നാസര്‍ മുഹമ്മദ് മറാഫിഹിനു പകരക്കാരനായാണ് ശൈഖ് സഊദ് ചുമതലയേറ്റത്. കമ്പനിയുടെ സീനിയര്‍ ചുമതലകളിലും മാറ്റങ്ങള്‍ വന്നു. ഡെപ്യൂട്ടി ഗ്രൂപ്പ് സി ഇ ഒ ആയി വലീദ് മുഹമ്മദ് അല്‍ സായിദ്, ഉരീദു ഖത്വര്‍ ചീഫ് ഓപറേറ്റംഗ് ഓഫീസറായി യൂസുഫ് അബ്ദുല്ല അല്‍ കുബൈസിയും ചുമതലയേറ്റു. പുതിയ സംഘം ചുതമലയില്‍ വന്നതിനു ശേഷമാണ് ജീവക്കാരുടെ പിരിച്ചു വിടല്‍ ഉണ്ടായത്.

കമ്പനിയുടെ പ്രവര്‍ത്തനങ്ങളും സ്ഥിതികളും പരിശോധനക്കു വിധേയമാക്കിക്കൊണ്ടുള്ള സാധാരണ നടപടി മാത്രമാണിതെന്ന് ഉരീദു വൃത്തങ്ങള്‍ പറയുന്നു. കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക റിപ്പോര്‍ട്ട് വന്ന സമയത്തുതന്നെയാണ് ജീവനക്കാരെ പിരിച്ചു വിടാനുള്ള തീരുമാനമുണ്ടാകുന്നത്.