ഖത്വര്‍ പെട്രോളിയം 1000 ഇന്ത്യക്കാരെ പിരിച്ചു വിട്ടു: തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് കേന്ദ്രത്തിന്റെ ആശ്വാസം ഇല്ല

Posted on: March 4, 2016 8:43 pm | Last updated: March 8, 2016 at 9:30 pm

QUATAR PETROLIUMദോഹ:എണ്ണ വിലയിടിവിനെെത്തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസമുള്‍പ്പെടെയുള്ള ആശ്വാസ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാകില്ല. ഇന്ത്യക്കാര്‍ പിരിച്ചു വിടപ്പെടുകയും വിവിധ കേന്ദ്രങ്ങള്‍ പ്രശ്‌നം സര്‍ക്കാറിന്റെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുമ്പോഴും വിഷയത്തില്‍ നിഷേധാത്മക നിലപാട് പുലര്‍ത്തുകയാണ് കേന്ദ്രം.

പാര്‍ലിമെന്റിലെ ചോദ്യോത്തര വേളയില്‍ വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് ആണ് സര്‍ക്കാറിന് പ്രത്യേക പദ്ധതികളെന്നുമില്ലെന്ന് പ്രഖ്യാപിച്ചത്. ലോക്‌സഭയില്‍ അസദുദ്ദീന്‍ ഉവൈസിയും രാജ്യസഭയില്‍ കുപേന്ദ്ര റെഡ്ഢിയുമാണ് ജോലി നഷ്ടപ്പെട്ട പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനെ സംബന്ധിച്ച് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നുണ്ടോയെന്ന ചോദ്യങ്ങള്‍ ഉന്നയിച്ചത്.

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെടുന്നുണ്ടെന്നും ചില രാഷ്ട്രങ്ങള്‍ മൂല്യവര്‍ധിത നികുതി നടപ്പാക്കാന്‍ സാധ്യതയുണ്ടെന്നും അവിടെ ചെലവ് കൂടുകയാണെന്നും തുടങ്ങിയ കാര്യങ്ങള്‍ പൂര്‍ണബോധ്യമുണ്ടെന്ന് അസദുദ്ദീന്‍ ഉവൈസിക്ക് വി കെ സിംഗ് നല്‍കിയ മറുപടിയില്‍ പറയന്നു. അതേസമയം, ഇത്തരം പ്രതിസന്ധികളെ തുടര്‍ന്ന് ഇന്ത്യക്കാര്‍ തിരിച്ചുവന്നതായി ഇന്ത്യന്‍ എംബസികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ജോലി നഷ്ടപ്പെട്ട് തിരിച്ചുവന്ന പ്രവാസികളുടെ സംസ്ഥാനം തിരിച്ചുള്ള കണക്കും പുനരധിവാസ വിശദാംശങ്ങളുമാണ് കുപേന്ദ്ര റെഡ്ഢി ആരാഞ്ഞത്. റെഡ്ഢിക്കുള്ള മറുപടിയില്‍ ഖത്വറില്‍ ദേശീയ പെട്രോളിയം കമ്പനിയില്‍ നിന്ന് ആയിരം ഇന്ത്യക്കാരെ പിരിച്ചുവിട്ടതായി മന്ത്രി രാജ്യസഭയെ അറിയിച്ചു.

ജോലി നഷ്ടപ്പെട്ടവര്‍ തിരിച്ചുവരികയോ അവിടെതന്നെ മറ്റ് ജോലി നേടുകയോ ചെയ്തുവെന്ന് ഖത്വറിലെ ഇന്ത്യന്‍ എംബസി അറിയിച്ചതായും മറ്റ് രാഷ്ട്രങ്ങളില്‍ ഇങ്ങനെ വലിയതോതില്‍ ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
എണ്ണ വിലയിടിവിനെത്തുടര്‍ന്ന് ഗള്‍ഫ് രാഷ്ട്രങ്ങളിലെ സര്‍ക്കാറുകളും വ്യവസായ സ്ഥാപനങ്ങളും സാമ്പത്തിക ചെലവ് ചുരുക്കുന്നതിനാല്‍ മലയാളികള്‍ അടക്കം നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചു പോകുന്ന സാഹചര്യമുണ്ട്. ഈ പശ്ചാത്തലത്തിലാണ് പാര്‍ലിമെന്റില്‍ വിഷയം ഉയര്‍ന്നു വന്നതും.

ജോലി നഷ്ടമാകുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക പദ്ധതികള്‍ വേണമെന്ന ആവശ്യം പ്രവാസി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, പ്രവാസി വകുപ്പ് ഇല്ലാതാക്കുകയും മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ കാലത്ത് തുടങ്ങിവെച്ച ‘പ്രവാസിഭാരത് ദിവസ്’ പരിപാടി ഉപേക്ഷിക്കുകയും ചെയ്ത നരേന്ദ്ര മോദി സര്‍ക്കാര്‍ പൊതുവേ പ്രവാസി സമൂഹത്തോടു പുലര്‍ത്തുന്ന നിഷേധ മനോഭാവമാണ് മന്ത്രിയുടെ പ്രഖ്യാപനത്തിലുമുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കേന്ദ്ര പൊതുബജറ്റിലും പ്രവാസികളുടെ ക്ഷേമത്തിന് തുക നീക്കി വെച്ചിരുന്നില്ല. ഇത് പ്രവാസി സമൂഹത്തില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഗള്‍ഫില്‍ സര്‍ക്കാര്‍, സ്വകാര്യ കമ്പനികളിലും താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം അറിയാമെന്ന് സമ്മതിച്ചാണ് ആശ്വാസ പദ്ധതികളൊന്നും ആലോചിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

പ്രവാസികള്‍ തിരിച്ചു വരണമെന്ന് നേരത്തേ നരേന്ദ്ര മോദി പ്രസ്താവന നത്തിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസി സമൂഹത്തോട് അസഹിഷ്ണുതാപരമായ സമീപനമായി ഈ പ്രസ്താവന വിലയിരുത്തപ്പെട്ടിരുന്നു. അതിന്റെ തുടര്‍ച്ചയാണ് പ്രവാസി വിരുദ്ധ സമീപനമെന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.