യമനില്‍ ഭീകരാക്രമണം; നാല് ഇന്ത്യന്‍ കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ടു

Posted on: March 4, 2016 6:24 pm | Last updated: March 5, 2016 at 12:00 pm

YEMENഏദന്‍: യമനിലെ വൃദ്ധസദനത്തില്‍ അജ്ഞാത ഭീകരസംഘം നടത്തിയ വെടിവെപ്പില്‍ കന്യാസ്ത്രികളായ നാല് ഇന്ത്യന്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ തുറമുഖ നഗരമായ ഏദനിലാണ് സംഭവം. നാല് പേര്‍ ഉള്‍പ്പെട്ട സംഘമാണ് വെടിവെപ്പ് നടത്തിയത്. വൃദ്ധസദനത്തിലെ ഗാര്‍ഡ് ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. വൃദ്ധരെ കെട്ടിയിട്ട് വെടിയുതിര്‍ക്കുകയായിരുന്നു. ഏദനില്‍ സാന്നിധ്യം ശക്തമാക്കാന്‍ ശ്രമിക്കുന്ന ഇസില്‍ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. എന്നാല്‍, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
മിഷനറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ മലയാളികളുണ്ടോയെന്ന് വ്യക്തമല്ല. ബെംഗളൂരുവില്‍ നിന്നുള്ള പാസ്റ്ററായ ഫാദര്‍ ടോണിയെ ആക്രമണത്തിന് ശേഷം കാണാതായിട്ടുണ്ട്. രണ്ട് ആയുധധാരികള്‍ വൃദ്ധസദനത്തിന് ചുറ്റും വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മറ്റ് രണ്ട് പേര്‍ മുറികളില്‍ കയറി വെടിയുതിര്‍ക്കുകയുമായിരുന്നു. ചിലരെ കൈവിലങ്ങ് അണിയിച്ച ശേഷം തലക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.
പ്രാദേശിക സമയം രാവിലെ 8.30 ഓടെയാണ് ആക്രമണം നടന്നതെന്ന് മിഷനറീസ് ഓഫ് ചാരിറ്റി വക്താവ് സുനിത കുമാര്‍ കൊല്‍ക്കത്തയിലെ ആസ്ഥാനത്ത് പറഞ്ഞു. 80 മുതിര്‍ന്ന പൗരന്‍മാരാണ് ഇവിടെ അന്തേവാസികളായുള്ളത്.
ആദ്യമായാണ് യമനില്‍ വൃദ്ധ സദനം ആക്രമിക്കപ്പെടുന്നത്. രണ്ടാം തവണയാണ് മിഷനറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകള്‍ യമനില്‍ ആക്രമിക്കപ്പെടുന്നത്. 1998ല്‍ ഹൊദയ്ദയില്‍ ഭീകരാക്രമണത്തില്‍ മൂന്ന് കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു.