സര്‍ക്കാറിന്റെ യുവജന വഞ്ചനക്കെതിരെ ഡി വൈ എഫ് ഐ

Posted on: March 4, 2016 11:07 am | Last updated: March 4, 2016 at 11:07 am

DYFI-flag.svgമലപ്പുറം: യു ഡി എഫിന്റെ യുവജന വഞ്ചനക്കെതിരായി കടുത്ത പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സമ്മേളനം തീരുമാനിച്ചതായി സെക്രട്ടറി എം സ്വരാജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 19 പ്രമേയങ്ങളായിരുന്നു ഈ സമ്മേളന കാലയളവില്‍ പാസാക്കിയത്. അതില്‍ ആദ്യത്തേതാണ് സര്‍ക്കാരിന്റെ യുവജന വഞ്ചനക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്തുള്ളത്. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി.
സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യപ്പെടുന്നതാണ് മറ്റൊരു പ്രമേയം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഭീഷണി ഇപ്പോള്‍ കേരളത്തിലും ഉണ്ടായിരിക്കുന്നു. വനിതാ മാധ്യമപ്രവര്‍ത്തകക്കെതിരായ വധഭീഷണിക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി.
ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കു നേരെ കാപ്പ നിയമം പ്രയോഗിക്കുന്നു. യുവജന രംഗത്തുള്ള പ്രവര്‍ത്തകരെ നാടുകടത്താനുള്ള നീക്കം ചെറുക്കണം എന്ന് ആഹ്വാനം ചെയ്യുന്ന പ്രമേയം, വര്‍ഗീയതക്കെതിരായ പോരാട്ടം തീവ്രമായി പ്രതിരോധിക്കുക, പുതുതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, മദ്യാസക്തിക്കും മയക്കുമരുന്നിനും എതിരായ ബോധവത്കരണം, ഔഷധ വിലവര്‍ധനവിനെതിരെ പ്രക്ഷോഭം എന്നീ വിഷയങ്ങളിലുമായി 19 പ്രമേയങ്ങളാണ് പാസാക്കിയത്.