യു ഡി എഫില്‍ ഇടം തേടാന്‍ ടി എസ് ജോണ്‍ വിഭാഗം

Posted on: March 2, 2016 9:34 am | Last updated: March 2, 2016 at 9:34 am

ts-john.jpg.image.784.410കോട്ടയം: പി സി ജോര്‍ജുമായി തെറ്റിപ്പിരിഞ്ഞ മുന്‍ നിയമസഭാ സ്പീക്കര്‍ ടി എസ് ജോണിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് സെക്യുലര്‍ വിഭാഗം യു ഡി എഫില്‍ ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് മുന്നണി നേതൃത്വത്തിന് കത്ത് നല്‍കി. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന യു ഡി എഫ് യോഗം ഇക്കാര്യത്തില്‍ തീരുമാനം കൈകൊള്ളുമെന്ന പ്രതീക്ഷയിലാണ് ജോണും അനുയായികളും.
യു ഡി എഫിനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും നിരന്തരം വെല്ലുവിളി ഉയര്‍ത്തി നിലനിന്ന പി സി ജോര്‍ജിനെ ഒതുക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ ആശിര്‍വാദത്തോടെയാണ് കേരള കോണ്‍ഗ്രസ് സെക്യുലര്‍ വിഭാഗം ടി എസ് ജോണിന്റെ നേതൃത്വത്തില്‍ രണ്ടായത്. പാര്‍ട്ടി പേരും ചിഹ്‌നവും സ്വന്തമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പാര്‍ട്ടി പിളര്‍ത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ടി എസ് ജോണ്‍ കരുക്കള്‍ നീക്കിയിരുന്നു. ഇത്തരം ആലോചനകള്‍ക്ക് ജോണിനും അനുയായികള്‍ക്കും ഊര്‍ജ്ജം നല്‍കിയത് ഉമ്മന്‍ ചാണ്ടിയില്‍ നിന്നും ലഭിച്ച ചില ഉറപ്പുകളായിരുന്നുവെന്നാണ് സൂചന.
എന്നാല്‍ യു ഡി എഫില്‍ ഘടകക്ഷിയാക്കിയാല്‍ പാര്‍ട്ടിയില്‍ നിന്നും ഭൂരിപക്ഷം നേതാക്കളും പ്രവര്‍ത്തകരും തങ്ങള്‍ക്കൊപ്പം എത്തുമെന്നാണ് ടി എസ് ജോണിന്റെ വാദം. ഇതിനിടെ തിരുവല്ല സീറ്റിനായി മുന്‍ എം എല്‍ എ ജോസഫ് എം പുതുശേരിയും കേരള കോണ്‍ഗ്രസ് എം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസും രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ മുന്‍ കല്ലൂപ്പാറ എം എല്‍ എ കൂടിയായ ടി എസ് ജോണിനെ കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിപ്പിച്ച് തിരുവല്ലയില്‍ സ്ഥാനാര്‍ഥിയാക്കാന്‍ കെ എം മാണി ആലോചിക്കുന്നുവെന്ന വാര്‍ത്തകളും പ്രചരിക്കുന്നു.
പത്തനംതിട്ട ജില്ലയില്‍ കോണ്‍ഗ്രസിന്റെ അവസാന വാക്കായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്റെ മൗനാനുവാദവും ഇക്കാര്യത്തില്‍ ടി എസ് ജോണിന് അനുകൂലഘടകമാണ്. കേരള കോണ്‍ഗ്രസിലെ വിമതശല്യം ഒഴിവാക്കാന്‍ ടി എസ് ജോണിനെ പരിഗണിക്കണമെന്ന നിര്‍ദേശം പി ജെ കുര്യന്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയെ അറിയിച്ചതായും സൂചനയുണ്ട്.
അതേസമയം ബി ജെ പി സംസ്ഥാന നേതൃത്വവുമായി ടി എസ് ജോണ്‍ കോട്ടയത്ത് കൂടിക്കാഴ്ച നടത്തിയെങ്കിലും കാര്യമായ ഉറപ്പൊന്നും നേതാക്കളുടെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നില്ല. ഈമാസം 19 ന് കോട്ടയത്ത് പാര്‍ട്ടിയുടെ സംസ്ഥാന പ്രവര്‍ത്തക കണ്‍വെന്‍ഷനും ശക്തിപ്രകടനവും നടത്തുമെന്നും ടി എസ് ജോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.