വനാതിര്‍ത്തിയിലെ പുനരധിവാസ പദ്ധതി തുക മുടങ്ങി; പദ്ധതി ഒച്ച് വേഗതയില്‍

Posted on: March 2, 2016 9:23 am | Last updated: March 2, 2016 at 9:23 am

കല്‍പ്പറ്റ: വനാതിര്‍ത്തിയില്‍ കഴിയുന്ന പുനരധിവാസ പദ്ധതിയുടെ തുക മുടങ്ങികിടക്കുന്നു. വയനാട് വന്യ ജീവി സങ്കേതത്തിലെ കര്‍ഷകരുടെ സ്വയം സന്നദ്ധ പുനരധിവാസത്തിനുള്ള മുറവിളി ആരംഭിച്ചിട്ട് രണ്ടര പതിറ്റാണ്ടിലേറെയായി. പുനരധി വാസ പദ്ധതി ഒച്ചിന്റെ വേഗത്തിലാണ് നീങ്ങുന്നത്.
തെരഞ്ഞടുപ്പ് വേളകളില്‍ വാഗ്ദാനങ്ങള്‍ നല്‍കിയ ഉത്തരവാദിത്തപ്പെട്ടവരും നിസ്സംഗത പാലിക്കുകയാണ്. വയനാട് വന്യജീവി കേന്ദ്ര കര്‍ഷക ക്ഷേമ സമിതിയും വയനാട് പ്രകൃതി സംരക്ഷണ സമിതിയും ചേര്‍ന്ന് നടത്തിയ ശ്രമങ്ങളുടെ ഫലമായി മന്ത്രി ജയലക്ഷ്മി കുറിച്യാട് ഈശ്വരന്‍കൊല്ലി, നരിമാന്തി കൊല്ലി ഗ്രാമങ്ങളിലെ 74 ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി അനുവദിച്ച 7.4 കോടി രൂപ കഴിഞ്ഞ ഒന്‍പതു മാസമായി ജില്ലാ കലക്ടറുടെ അക്കൗണ്ടില്‍ മരവിച്ച് കിടക്കുന്നു.
കേന്ദ്ര ഗവണ്‍മെന്റ് ഫണ്ട് ഉപയോഗിച്ച് ഒന്നര വര്‍ഷം മുമ്പ് തുടങ്ങിയ കുറിച്യാട് ഗ്രാമത്തിലെ പുനരധിവാസവും പൂര്‍ത്തിയായിട്ടില്ല. 35 കുടുംബങ്ങള്‍ക്ക് ആറ് ലക്ഷം രൂപ വീതം ഒന്നാം ഘഡുവും 14 കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതമുള്ള രണ്ടാം ഘഡുവും നല്‍കാന്‍ ബാക്കിയുണ്ട്. സ്വയം സന്നദ്ധ പുനരധിവാസത്തിനായി കേന്ദ്ര ഗവണ്‍മെന്റ് ആദ്യം അനുവദിച്ച 5.5 കോടി രൂപ ജില്ലാ കലക്ടറുടെ ഫണ്ടിലെത്തി 30 ദിവസം കൊണ്ട് അമ്മവയല്‍, ഗോളൂര്‍ ഗ്രാമങ്ങളിലെ 49 കുടുംബങ്ങള്‍ക്ക് പണം നല്‍കി പുനരധിവസിപ്പിച്ച് അതിന്റെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയത്തിലെത്തിച്ച ചരിത്രവും വയനാട് കലക്ടറേറ്റിനുണ്ട്. വെള്ളക്കോട്, ഈശ്വരന്‍ കൊല്ലി, നരിമുണ്ട കൊല്ലി എന്നീ ഗ്രാമങ്ങളിലെ 30 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായുള്ള ശുപാര്‍ശ വനം വകുപ്പ് കലക്ടര്‍ക്ക് കൊടുത്തിട്ട് നാളേറെയായി. ഫണ്ട് അനുവദിച്ച മന്ത്രി 12 തവണ ഫോണില്‍ കലക്ടറെ വിളിച്ചും നേരില്‍ കണ്ടും പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ടതായി അറിഞ്ഞിട്ടുണ്ട്. മന്ത്രിയുടെ വാക്കിന് പോലും പുല്ലു വിലയാണ് ജില്ലാ കലക്ടറേറ്റ് നല്‍കുന്നത്. സാമ്പത്തികമോ രാഷ്ട്രീയമോ ആയ നേട്ടങ്ങള്‍ പ്രതീക്ഷിക്കാനില്ലാത്തതിനാല്‍ തന്നെ രാഷ്ട്രീയക്കാരാല്‍ ഉപേക്ഷിക്കപ്പെട്ട തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് വന്യജീവികള്‍ക്ക് ഇരയാവാന്‍ വിധിക്കപ്പെട്ട കര്‍ഷകര്‍, തങ്ങളുടെ ഇച്ചാശക്തി കൊണ്ട് നേടിയെടുത്ത പണം അതിന്റെ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ തയ്യാറാകാത്ത ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥക്കു മുമ്പില്‍ പകുച്ചു നില്‍ക്കാന്‍ തയ്യാറല്ല. വന്യ ജീവി ശല്യം രൂക്ഷമായ ഈ സാഹചര്യത്തില്‍ എത്രയും പെട്ടന്ന് ജില്ലാ ഇംപ്ലിമെന്റിങ് കമ്മിറ്റി വിളിച്ച് ചേര്‍ത്ത് മേല്‍ പറഞ്ഞ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് പണം അനുവദിക്കാതിരിക്കുകയും തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ ഉണ്ടാവുകയും ചെയ്താല്‍ പുനരധിവാസം അന്തിമമായി നീളുകയും ചെയ്യും. ഈ സാഹചര്യത്തില്‍ മൗനം പാലിച്ചിരിക്കാന്‍ കര്‍ഷകര്‍ തയ്യാറല്ല. സമര പരിപാടികളുമായി മുമ്പോട്ടു പോവാന്‍ നിര്‍ബന്ധിതരാവുകയാണ്. വ്യാഴാഴ്ച മുതല്‍ ജില്ലാ കലക്ടറേറ്റിന് മുമ്പില്‍ അനിശ്ചകാല നിരാഹാര സമരം ആരംഭിക്കാന്‍ വയനാട് വന്യ ജീവി കേന്ദ്ര കര്‍ഷക ക്ഷേമ സമിതി തീരൂമാനിച്ചു. തോമസ് പട്ടമന, സജീവന്‍ നരിമുണ്ടക്കൊല്ലി, രാഘവന്‍ നരിമുണ്ടക്കൊല്ലി, രാജേഷ് നരിമുണ്ടക്കൊല്ലി, മനീഷ് നരിമുണ്ടക്കൊല്ലി, രാജീവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു