മാധ്യമ പ്രവര്‍ത്തകക്ക് നേരെ ഭീഷണി: സംഘ്പരിവാര്‍ നേതാക്കള്‍ പോലീസ് സ്റ്റേഷനില്‍ ബഹളം വെച്ചു

Posted on: March 2, 2016 12:16 am | Last updated: March 2, 2016 at 12:16 am
SHARE

thalassery2-Oqqmxതലശ്ശേരി: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റര്‍ സിന്ധു സൂര്യകുമാറിന് നേരെ ഫോണില്‍ വധഭീഷണി മുഴക്കിയതിന് ധര്‍മ്മടത്ത് കസ്റ്റഡിയിലായ മൂന്ന് യുവാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സംഘ്പരിവാര്‍ നേതാക്കളും പ്രവര്‍ത്തകരും ധര്‍മ്മടം പോലീസ് സ്‌റ്റേഷനില്‍ ബഹളം വെച്ചു.
ഇന്നലെ രാവിലെ മുതലാണ് സ്‌റ്റേഷനില്‍ പ്രക്ഷുബ്ധ രംഗങ്ങള്‍ അരങ്ങേറിയത്. പ്രശ്‌നം രൂക്ഷമാവുന്നതിനിടെ മൂന്ന് പേരെയും തലശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിലേക്ക് മാറ്റി. പിന്നീട് തിരുവനന്തപുരത്തേക്കും കൊണ്ടുപോയി. കിഴക്കേ പാലയാട്ടെ ഓട്ടോ ഡ്രൈവര്‍ വാഴയില്‍ വീട്ടില്‍ ഷിജിന്‍ (26), നിര്‍മ്മാണ തൊഴിലാളി തുലാപറമ്പത്ത് കാട്ടാമ്പള്ളി വികാസ് (30), കാവുംഭാഗം സ്വദേശി ഒയ്യത്ത് വിഭാഷ്(25) എന്നിവരെ തിങ്കളാഴ്ച ഉച്ചയോടെയാണ് ധര്‍മ്മടം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.
മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുത്ത തിരുവനന്തപുരം സിറ്റി പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെയും കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്തവരെ ചോദ്യംചെയ്യാന്‍ തിരുവനന്തപുരത്ത് നിന്നും ഒരു എസ് ഐയുടെ നേതൃത്വത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ ഇന്നലെ രാവിലെ ധര്‍മ്മടത്ത് എത്തിയിരുന്നു.
പ്രതികളെ ഇവര്‍ കസ്റ്റഡിയിലെടുത്ത്് തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുമെന്ന സൂചന പുറത്തുവന്നതോടെ സംഘപരിവാര്‍ നേതാക്കളും പ്രവര്‍ത്തകരും പോലീസ് സ്‌റ്റേഷനിലേക്ക് കൂട്ടമായെത്തി. ബഹളം രൂക്ഷമായതിനെ തുടര്‍ന്നാണ് മൂവരെയും തലശ്ശേരിയിലേക്ക് മാറ്റിയത്.
സംഘര്‍ഷ വിവരമറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ എത്തിയെങ്കിലും അവരെയും പോലീസ് സ്‌റ്റേഷന്‍ കവാടത്തില്‍ തടയാന്‍ ശ്രമം നടന്നു. കുറ്റാരോപിതരുടെ ഫോട്ടോയെടുക്കാന്‍ പോലീസും അനുവദിച്ചില്ല. പിടിയിലായ മൂന്ന് പേരെയും കൂടുതല്‍ ചോദ്യം ചെയ്യാനായി ഇന്നലെ വൈകീട്ടോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.
സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മന്ത്രി സ്മൃതി ഇറാനിയും തമ്മില്‍ രാജ്യസഭയില്‍ ഉണ്ടായ വാദ പ്രതിവാദങ്ങളെ പറ്റിയായിരുന്നു ഏഷ്യാനെറ്റില്‍ ചാനല്‍ ചര്‍ച്ച നടത്തിയത്. ഇതില്‍ ദുര്‍ഗ്ഗാദേവിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയത് ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു കൊലവിളി.

LEAVE A REPLY

Please enter your comment!
Please enter your name here