സാമൂഹിക മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങ്

Posted on: March 2, 2016 6:00 am | Last updated: March 1, 2016 at 11:46 pm

SIRAJ.......സാമൂഹിക മാധ്യമങ്ങളിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. നവമാധ്യമങ്ങളിലെ തുറന്ന അഭിപ്രായ പ്രകടനത്തിനുള്ള അവസരം പലരും ദുരുപയോഗം ചെയ്യുന്നതായും ഇത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും ഭീകരവാദ പ്രചാണത്തിനും ഇടയാക്കുന്നതായുമുള്ള ന്യായത്തിലാണ് സുപ്രീം കോടതി റദ്ദാക്കിയ ഐ ടി നിയമത്തിലെ 66-എ വകുപ്പിന് സമാനമായ പുതിയ ബില്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. 66-എ വകുപ്പ് എടുത്തുകളഞ്ഞത് സമൂഹിക മാധ്യമങ്ങള്‍ വഴി ദേശസുരക്ഷയെ ബാധിക്കുന്നതും സമാധാന അന്തരീക്ഷം തകര്‍ക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കാനിടയാക്കിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടത്രെ.
ഇരുതല മൂര്‍ച്ചയുള്ളതാണ് മാധ്യമങ്ങള്‍. വിശിഷ്യാ സാമൂഹിക മാധ്യമങ്ങള്‍. സൗഹാര്‍ദത്തിന്റെയും സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും പുതിയ തുരുത്തുകള്‍ രൂപപ്പെടുത്താന്‍ അവ പ്രയോജനകരമാണ്. അതേസമയം വിദ്വേഷവും അസഹിഷ്ണുതയും വിതറാനും ചതിക്കുഴികള്‍ സൃഷ്ടിക്കാനും സാമൂഹിക മാധ്യമങ്ങള്‍ക്ക് കഴിയും. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ഗുണത്തേക്കാളേറെ അപകടങ്ങള്‍ സൃഷ്ടിക്കും. വാര്‍ത്താമാധ്യമങ്ങള്‍ നിയമ നടപടികളെ ഭയന്നു വാര്‍ത്തകള്‍ കുറേയൊക്കെ സൂക്ഷിച്ചു കൈകാര്യം ചെയ്യാറുണ്ട്. തങ്ങള്‍ക്ക് താത്പര്യമില്ലാത്ത വാര്‍ത്തകളെ അപ്പാടെ തമസ്‌കരിക്കുന്നതും സാധാരണമാണ്. സാമൂഹിക മാധ്യമങ്ങള്‍ക്ക് ഇത്തരം നിയന്ത്രണങ്ങളൊന്നുമില്ല. നിയന്ത്രണ രേഖകളുടെ പരിധികളില്ലാതെ എന്തും എഴുതാം, പ്രചരിപ്പിക്കാം. കെട്ടുകഥകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കാനുള്ള വേദിയായി ഇവ ഉപയോഗപ്പെടുത്തുന്നുമുണ്ട്. ഭീകരരും തീവ്രവാദികളും വര്‍ഗീയവാദികളുമെല്ലാം സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നു. മുസഫര്‍നഗര്‍ ഉള്‍പ്പെടെ രാജ്യത്ത് അരങ്ങേറിയ പല കലാപങ്ങള്‍ക്കും വഴിമരുന്നിട്ടത് നവ മാധ്യമങ്ങളിലെ വ്യാജ പ്രചാരണമായിരുന്നു. ഇത്തരം ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സ്ഥാപിതമായ നിരവധി ഗ്രൂപ്പുകളും സാമൂഹിക മാധ്യമങ്ങളിലുണ്ട്. ഇത് നിയന്ത്രിക്കേണ്ടത് തന്നെയാണ്. തടയാന്‍ നിയമ നടപടികളും ആവശ്യമാണ്.
ഇത്തരമൊരു ലക്ഷ്യമാണോ പുതിയ നിയമ നിര്‍മാണത്തിന് പിന്നില്‍? അതോ സംഘ്പരിവാര്‍ ഭരണത്തിന് കീഴില്‍ രാജ്യത്ത് ശക്തിപ്പെട്ടുവരുന്ന അസഹിഷ്ണുതയുടെ മുഖവും ഹിന്ദുത്വഫാസിസത്തിന്റെ പൈശാചികതയും തുറന്നുകാട്ടുന്ന സാമൂഹിക മാധ്യമങ്ങളുടെ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളിലുള്ള അലോസരമോ? ഭരണകൂട ഭീകരത വെളിപ്പെടുന്നതിലുളള അസഹനീയതയോ? ജെ എന്‍ യു പ്രശ്‌നത്തിലും സമാന സംഭവങ്ങളിലും ഹിന്ദുത്വ ഫാസിസം നടപ്പാക്കിവരുന്ന വര്‍ഗീയ, ജാതീയ അജന്‍ഡകള്‍ക്കെതിരെ സമൂഹ മനഃസാക്ഷിയെ ഉണര്‍ത്തുന്നതില്‍ സാമൂഹിക മാധ്യമങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. മൂര്‍ച്ചയേറിയ വാക്കുകളും അവയുടെ മുറവിളിയും നീതിക്കും സത്യത്തിനും വേണ്ടിയുള്ള ശബ്ദങ്ങളും ദുശ്ശക്തികള്‍ വല്ലാതെ ഭയപ്പെടുന്നു. കാടന്‍ നിയമങ്ങളുടെ പിന്‍ബലത്തില്‍ ജാമ്യമില്ലാതെ കാരാഗൃഹത്തില്‍ കഴിയുന്ന നിരപരാധികള്‍ക്ക് വേണ്ടിയുള്ള മുറവിളി സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്. സമ്പത്തും രാഷ്ട്രീയ പിടിപാടും സ്വാധീനവുമുള്ള കുറ്റവാളികള്‍ കാലതാമസമില്ലാതെ ജാമ്യം കിട്ടി പുറത്തിറങ്ങുകയും കുറ്റവിമുക്തരായി വിലസി നടക്കുകയും ചെയ്യുമ്പോള്‍ പിന്‍വാതില്‍ പഴുതുകള്‍ തേടിച്ചെല്ലാത്ത ആയിരക്കണക്കിന് നിരപരാധികള്‍ ജയിലറകളില്‍ ദുരിത ജീവിതം നയിക്കുന്ന കാര്യം പൊതുസമൂഹം അറിയുന്നത് പലപ്പോഴും സാമൂഹിക മാധ്യമങ്ങളിലൂടെയാണ്. വാര്‍ത്താ മാധ്യമങ്ങളെ വിലക്കെടുത്ത് വായ മൂടിക്കെട്ടാന്‍ ഭരണ കൂടങ്ങള്‍ക്ക് സാധിച്ചെന്നിരിക്കും. സാമൂഹിക മാധ്യമങ്ങളെ സ്വാധീനിക്കാന്‍ സാധിക്കില്ല. സമൂഹം അറിയേണ്ട പല കാര്യങ്ങളും ഭരണാധികാരികളുടെയോ രാജ്യത്തെ പണച്ചാക്കുകളുടെയോ അനിഷ്ടം ഭയപ്പെട്ട് പൊതുധാരാ മാധ്യമങ്ങള്‍ മൂടിവെക്കുമ്പോള്‍, സാമൂഹികമാധ്യമങ്ങളാണ് പൊതുസമൂഹത്തിന് എത്തിച്ചു കൊടുക്കുന്നത്.
ഈയൊരു സാമൂഹിക പരിസരമാണ് പുതിയ നിയമനിര്‍മാണത്തിന് പ്രചോദകമെങ്കില്‍ അംഗീകരിക്കാവതല്ല. അത് അഭിപ്രായ സ്വാതന്ത്ര്യന്മേലുള്ള കടന്നുകയറ്റമാണ്. ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയത്. ക്രിയാത്മക പ്രതിപക്ഷത്തിന്റെ സ്ഥാനമാണ് മാധ്യമങ്ങള്‍ വഹിക്കുന്നതെന്നതിനാല്‍ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് 2014 ഒക്‌ടോബര്‍ 28ന് കേരള ഹൈക്കോടതിയും വ്യക്തമാക്കുകയുണ്ടായി.
നീതിക്കും സത്യത്തിനും വേണ്ടി ശബ്ദിക്കാനും സര്‍ക്കാറിന്റെ വീഴ്ചകളും കൊള്ളരുതായ്മകളും ചൂണ്ടിക്കാട്ടാനുമുള്ള സ്വാതന്ത്ര്യം വകവെച്ചു കൊടുക്കുന്നതോടൊപ്പം വര്‍ഗീയതയെയും തീവ്രവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് കടിഞ്ഞാണിടാനുള്ള സംവിധാനമാണ് വേണ്ടത്. അതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ നിലവിലുള്ള വകുപ്പുകള്‍ തന്നെ പര്യാപ്തമാണെന്നാണ് നിയമ വിദഗ്ധരുടെ പക്ഷം.