മികവുത്സവം: ചന്തേര ഇസ്സത്തുല്‍ സ്‌കൂളില്‍ വിജാഘോഷം സംഘടിപ്പിച്ചു

Posted on: March 2, 2016 5:57 am | Last updated: March 1, 2016 at 10:57 pm

ചെറുവത്തൂര്‍: ചെറുവത്തൂര്‍ ബി ആര്‍ സിയില്‍ നടന്ന ജില്ലാതല സ്‌കൂള്‍ മികവുത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ചന്തേര ഇസ്സത്തുല്‍ ഇസ്‌ലാം എ എല്‍ പി സ്‌കൂളിന്റെ നേട്ടം നാട് ആഘോഷമാക്കി. കാലിക്കടവില്‍ നിന്നും വിജായാഘോഷ ഘോഷയാത്ര നടന്നു. ചന്തേര ബി ആര്‍ സി യില്‍ നടന്ന ജില്ലാതല മികവുത്സവത്തില്‍ സാമൂഹ്യ പങ്കാളിത്ത മേഖലയിലാണ് ചന്തേര ഇസ്സത്തുല്‍ ഇസ്‌ലാം എ എല്‍ പി സ്‌കൂള്‍ ഒന്നാം സ്ഥാനം നേടിയത്. വിദ്യാലയം സമൂഹത്തെയും സമൂഹം വിദ്യാലയത്തേയും സ്വീകരിച്ചപ്പോള്‍ കുട്ടികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ച അനുഭവ സാക്ഷ്യവുമായാണ് ചന്തേര ഇസ്സത്തുല്‍ ഇസ്‌ലാം എ എല്‍ പി സ്‌കൂള്‍ സംസ്ഥാനതല മികവുത്സവത്തില്‍ ജില്ലയെ പ്രതിനിധീകരിക്കുക.
ആഹ്ലാദം പ്രകടിപ്പിച്ച് ചന്തേര പൗരാവലിയുടെ നേതൃത്വത്തില്‍ വിജയാഘോഷ റാലി സംഘടിപ്പിച്ചു. തുടര്‍ന്ന് നടന്ന യോഗം പിലിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ശൈലജ ഉദ്ഘാടനം ചെയ്തു. എം ബാബു അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിനുള്ള ജമാഅത്ത് കമ്മറ്റിയുടെ ഉപഹാരം ടി കെ പൂക്കോയതങ്ങളില്‍ നിന്നും പ്രധാനാധ്യാപിക സി എം മീനാകുമാരി ഏറ്റുവാങ്ങി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പി പ്രകാശ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെയാണ് കാലിക്കടവില്‍ നിന്നും ഘോഷയാത്ര നടന്നത്.