മാധ്യമ പ്രവര്‍ത്തകക്ക് വധ ഭീഷണി: മൂന്ന് ആര്‍ എസ് എസുകാര്‍ പിടിയില്‍

Posted on: March 1, 2016 9:12 am | Last updated: March 1, 2016 at 9:12 am
SHARE

arrestതലശ്ശേരി: ചാനല്‍ ചര്‍ച്ചയുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകയെ വധിക്കുമെന്ന് ഫോണില്‍ ഭീഷണിപ്പെടുത്തിയതിന് മൂന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകരെ ധര്‍മടം പോലീസ് കസ്റ്റഡിയിലെടുത്തു. കിഴക്കേ പാലയാട് വാഴയില്‍ ഹൗസില്‍ ഷിജിന്‍, പറമ്പത്ത് കാട്ടാമ്പള്ളി വികാസ്, കാവുംഭാഗത്തെ ഒയ്യത്ത് വിഭാഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കേസന്വേഷിക്കുന്ന തിരുവനന്തപുരം സിറ്റി പോലീസിന് മൂവരെയും കൈമാറും.
വധഭീഷണിക്കേസിലെ കുറ്റാരോപിതരെ ഏറ്റുവാങ്ങി ചോദ്യം ചെയ്യാന്‍ തിരുവനന്തപുരത്ത് നിന്നും പോലീസ് സംഘം തലശ്ശേരിയിലേക്ക് പുറപ്പെട്ടതായി ധര്‍മടം പോലീസ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റര്‍ സിന്ധു സൂര്യകുമാറാണ് കഴിഞ്ഞ ദിവസം 1000ത്തിലേറെ ഭീഷണി സന്ദേശം ലഭിച്ചിരുന്നത്. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മന്ത്രി സ്മൃതി ഇറാനിയും തമ്മില്‍ പാര്‍ലിമെന്റില്‍ നടന്ന വാദപ്രതിവാദങ്ങളിന്മേല്‍ ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. ദുര്‍ഗ്ഗാദേവിക്കെതിരെ നടത്തിയ ചില പരാമര്‍ശങ്ങള്‍ ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ഭീഷണി.
സിന്ധു സൂര്യകുമാറിനെ വ്യക്തിഹത്യ നടത്തുന്ന പരാമര്‍ശങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി മാധ്യമപ്രവര്‍ത്തക സിറ്റി പോലീസ് കമ്മീഷണര്‍ സപര്‍ജന്‍കുമാറിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തലശ്ശേരി ധര്‍മടം, കൊളശ്ശേരി കാവുംഭാഗം സ്വദേശികളായ മൂന്ന് സംഘപരിവാര്‍ അനുകൂലികള്‍ പിടിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here