Connect with us

Malappuram

വൈസനിയം ഹൈടെക് ലൈബ്രറി സമര്‍പ്പണവും പൊതുസമ്മേളനവും വ്യാഴാഴ്ച

Published

|

Last Updated

മലപ്പുറം: മഅ്ദിന്‍ വൈസനിയത്തിന്റെ ഭാഗമായുള്ള ഹൈടെക് ലൈബ്രറി സമര്‍പ്പണവും പൊതു സമ്മേളനവും വ്യാഴാഴ്ച മഹബ്ബ സ്‌ക്വയറില്‍ നടക്കും. മഅ്ദിന്‍ പോളിടെക്‌നിക് കോളജിലാണ് ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ പബ്ലിക് ആക്‌സസ് കാറ്റലോഗ് സംവിധാനം വഴി ലൈബ്രേറിയന്റെ സഹായം കൂടാതെ തന്നെ പുസ്തകമെടുക്കുവാനും പുസ്തക സംബന്ധമായ വിവരങ്ങള്‍ ലഭ്യമാകാനും സാധിക്കും. മിനുറ്റുകള്‍ക്കകം പുസ്തകങ്ങളുടെ സ്റ്റോക്കെടുക്കാന്‍ ഹാന്‍ഡ് ഹെല്‍ഡ് റീഡര്‍ വഴി സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റഡി മെറ്റീരിയലുകളും ചോദ്യപ്പേപ്പറുകളും ഇ-ബുക്ക്, ഇ-ജേര്‍ണലുകള്‍ എന്നിവയും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാന്‍ ഡെല്‍-നെറ്റ് സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്. വൈകുന്നേരം അഞ്ചിന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി സന്ദേശപ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന ആത്മീയ സമ്മേളനത്തില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമാ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും.
സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സമസ്ത കേന്ദ്ര സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, മര്‍കസ് മാനേജര്‍ സി.മുഹമ്മദ് ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് എന്നിവര്‍ പ്രസംഗിക്കും. വൈസനിയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാന തല റീഡിംഗ് ഫെസ്റ്റിവല്‍ രണ്ടാം ഘട്ട ഉദ്ഘാടനവും പരിപാടിയില്‍ നടക്കും. വിവരങ്ങള്‍ക്ക് 9562451461, 9947846210 .

Latest