Connect with us

National

അഴിമതിവിരുദ്ധ സമരം ശക്തമാക്കാന്‍ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ടാം അഴിമതിവിരുദ്ധ സമരത്തിന് യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ചേര്‍ന്ന് തയ്യാറെടുക്കുന്നു. എ എ പിയില്‍ നിന്ന് പുറത്തുപോയവര്‍ രൂപവത്കരിച്ച സ്വരാജ് അഭിയാന്റെ നേതൃത്വത്തിലാണ് പുതിയ നീക്കം.
ദുര്‍ബലമായ ലോകായുക്ത ബില്‍ കൊണ്ടുവന്ന് അഴിമതിവിരുദ്ധ പ്രസ്ഥാനത്തെ ഡല്‍ഹി മുഖ്യമന്ത്രി വഞ്ചിക്കുകയാണെന്നും ഇതിന് അംഗീകാരം നല്‍കാന്‍ സാധ്യതയില്ലെന്നും സ്വരാജ് അഭിയാന്‍ നേതാക്കള്‍ പറഞ്ഞു. ഡല്‍ഹിയില്‍ പുതിയ അഴിമതിവിരുദ്ധ സമരത്തിന് തയ്യാറെടുക്കുകയാണെന്നും ഈ സമരത്ത് അന്നാ ഹസാരെയുടെ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും അവര്‍ പറഞ്ഞു. അഴിമതിക്കെതിരെ സംഘടിപ്പിച്ച രണ്ട് ദിവസത്തെ ദേശീയ കണ്‍വെന്‍ഷനിലാണ് യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും അടക്കമുള്ള നേതാക്കള്‍ ഈ പ്രഖ്യാപനം നടത്തിയത്.
മോദി സര്‍ക്കാര്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. ഡല്‍ഹിയില്‍ സമരം ആരംഭിക്കുന്നതിന് സിറ്റിസണ്‍ വിസില്‍ ബ്ലോവേഴ്‌സ് ഫോറം എന്ന പേരില്‍ സംഘടിക്കുന്നതിനും തയ്യാറെടുക്കുകയാണ്. മുമ്പ് എ എ പി രൂപവത്കരിച്ച ഘട്ടത്തില്‍ അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ സമരം കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തങ്ങള്‍ വിചാരിച്ചിരുന്നു. പക്ഷേ, പാര്‍ട്ടിയുടെ പരമാധികാരിയായി കെജ്‌രിവാള്‍ മാറി. ലോകായുക്ത കൊണ്ടുവരാന്‍ പോലും ആദ്യ സര്‍ക്കാര്‍ അനുവദിച്ചില്ല. പിന്നീട് വന്ന സര്‍ക്കാര്‍ ദുര്‍ബലമായ ബില്ലിന്റെ കരടുരേഖകൊണ്ടുവന്നു. അതുപോലും ഒരു നിയമമാകും എന്നുറപ്പില്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന അഴിമതിവിരുദ്ധ ബില്ലിനെ എതിര്‍ത്ത് നേരത്തെ ഇരുവരും രംഗത്തെത്തിയിരുന്നു.

Latest