പാര്‍ലിമെന്റ് ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം; സഭ പ്രക്ഷുബ്ധമാകും

Posted on: February 22, 2016 4:45 am | Last updated: February 21, 2016 at 11:48 pm

parliamentന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയ ജെ എന്‍ യു, രോഹിത് വെമൂല സംഭവങ്ങളുടെ പാശ്ചാത്തലത്തില്‍ പാര്‍ലിമെന്റ് ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. ജെ എന്‍ യുവിലെ അഫ്‌സല്‍ഗുരു അനുസ്മരണവും തുടര്‍ന്നുള്ള പോലീസ് നടപടിയും ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമൂലയുടെ ആത്മഹത്യയും ഇരുസഭകളെയും പ്രക്ഷുബ്ധമാക്കും.
ബി ജെ പി സര്‍ക്കാറുകളുടെ ചരിത്രത്തിലാദ്യമായി സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് സഹായമഭ്യര്‍ഥിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വകക്ഷിയോഗം വളിച്ചിരുന്നു. ശനിയാഴ്ച ഉപരാഷ്ട്രപതിയുടെ അധ്യക്ഷതയിലും യോഗം ചേര്‍ന്നിരുന്നു. ഇന്ന് സ്പീക്കറും പാര്‍ലിമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡുവും യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇതിനിടെ ഇന്ന് വൈകുന്നേരം ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ചചെയ്യും.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രതിപക്ഷകക്ഷി നേതാക്കളെയും കാണുന്നുണ്ട്. ഹൈദരാബാദ് സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് തെലങ്കാന എം പിയും കേന്ദ്ര തൊഴില്‍ മന്ത്രിയുമായ ബന്ദാരു ദത്താത്രേയക്കെതിരെ പട്ടികജാതി, വര്‍ഗക്കാര്‍ക്കെതിരെയുള്ള അക്രമം തടയല്‍ നിയമപ്രകാരം കേസെടുത്തിരുന്നു. വിഷയത്തില്‍ മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാന്‍ ലഭിച്ച ഈ അവസരങ്ങള്‍ പ്രതിപക്ഷം ഉപയോഗിക്കുന്നതോടെ പാര്‍ലിമെന്റ് കഴിഞ്ഞ രണ്ട് സെഷനുകളിലെ പോലെ പ്രക്ഷുബ്ധമാകും.
ഒപ്പം ജെ എന്‍ യു വിഷയം ചര്‍ച്ചയാക്കി ഭരണപക്ഷം പ്രതിരോധമൊരുക്കും. അലിഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷപദവി സംബന്ധിച്ച പ്രശ്‌നം ബജറ്റ് സമ്മേളനത്തില്‍ ഉന്നയിക്കുമെന്ന് കോണ്‍ഗ്രസും ഇടതുകക്ഷികളും ജെ ഡി യുവും അറിയിച്ചിരുന്നു. അതേസമയം, വിവാദ വിഷയങ്ങളില്‍ ഇതുവരെ പ്രധാനമന്ത്രി പ്രതികരിക്കാത്തതും പട്യാലഹൗസ് കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരെയും വിദ്യാര്‍ഥികളെയും അഭിഭാഷകര്‍ മര്‍ദിച്ചതും പാര്‍ലിമെന്റില്‍ വിഷയമാകും.
നാളെ രാഷ്ട്രപതി സഭാംഗങ്ങളെ അഭിസംബോധന ചെയ്യും. 25ന് റെയില്‍വേ ബജറ്റും 29ന് പൊതുബജറ്റും അവതരിപ്പിക്കും. ബജറ്റിനു മുന്നോടിയായുള്ള സാമ്പത്തിക സര്‍വേ 26ന് സഭയില്‍ സമര്‍പ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ സെഷന്‍ അടുത്ത മാസം 16ന് അവസാനിക്കും. രണ്ടാം സെഷന്‍ ഏപ്രില്‍ 25നു തുടങ്ങി മെയ് 13വരെ നീണ്ടുനില്‍ക്കും.