ഇന്ത്യന്‍ വിദഗ്ധ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് റോഡ് ഷോ

Posted on: February 18, 2016 3:31 pm | Last updated: February 18, 2016 at 3:31 pm
KM MURALIDHARAN
ദുബൈ ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ എം മുരളീധരന്‍

ദുബൈ: ഉത്തര്‍പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് തൊഴിലവസരം തേടി അതാത് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ യു എ ഇയിലേക്ക്. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇതിന് വേദിയാകുന്നത്. ഉത്തര്‍പ്രദേശിലെയും തെലുങ്കാനയിലെയും സംസ്ഥാന സര്‍ക്കാറുകളുടെ കയ്യില്‍ ഉദ്യോഗാര്‍ഥികളുടെ വിവരങ്ങളുണ്ട്. ഇവ 30 ഓളം യു എ ഇ കമ്പനി പ്രതിനിധികള്‍ക്ക് കൈമാറുമെന്ന് ദുബൈ ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ എം മുരളീധരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

ഈ മാസം 20ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ രാവിലെ ഒമ്പതിനാണ് റോഡ്‌ഷോ. ഇത് മറ്റു സംസ്ഥാന സര്‍ക്കാറുകള്‍ക്കും മാതൃകയാക്കാവുന്നതാണ്. അവിടങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് യു എ ഇയില്‍ തൊഴിലവസരം ലഭിക്കാന്‍ അനുകൂല സാഹചര്യമാണുള്ളത്. കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന്റെ അനുമതിയോടുകൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള തൊഴിലവസരങ്ങള്‍ റോഡ് ഷോയില്‍ ചര്‍ച്ചാ വിഷയമാകും. ഗള്‍ഫില്‍ ചില മേഖലകളില്‍ വിദഗ്ധ തൊഴിലാളികളുടെ അപര്യാപ്തതയുണ്ടെന്ന് സര്‍ക്കാറുകള്‍ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ ഒരു റിക്രൂട്ടിംഗ് ഏജന്‍സിയുടെ റോളാണ് വഹിക്കുക. യു എ ഇ ഗവണ്‍മെന്റിന്റെ അനുമതി റോഡ് ഷോക്ക് ഉണ്ടെന്ന് മുരളീധരന്‍ പറഞ്ഞു.