മലയാളം സര്‍വകലാശാല ഓണ്‍ലൈന്‍ കോഴ്‌സ് തുടങ്ങുന്നു

Posted on: February 17, 2016 12:29 am | Last updated: February 17, 2016 at 12:29 am

തിരുവനന്തപുരം: മലയാള ഭാഷാ പഠനത്തിനായി തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല ആദ്യമായി ഓണ്‍ലൈന്‍ കോഴ്‌സ് തുടങ്ങുന്നു. മലയാളം പഠിക്കാന്‍ കഴിയാത്ത പ്രവാസി മലയാളികളെ കൂടി ലക്ഷ്യമിട്ടാണ് ഓണ്‍ലൈന്‍ കോഴ്‌സ്. 200 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സിന് പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാവുന്നതാണെന്ന് വൈസ്ചാന്‍സലര്‍ കെ ജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഏപ്രില്‍ ഒന്നിന് ഓണ്‍ലൈന്‍ പ്രവേശം തുടങ്ങും. മേയ് അഞ്ചിന് ഓണ്‍ലൈനായുള്ള ക്ലാസുകള്‍ തുടങ്ങും. ആകെയുള്ള 200 മണിക്കൂറില്‍ 100 മണിക്കൂര്‍ സാഹിത്യ പരിചയത്തിനും 60 മണിക്കൂര്‍ ഭാഷാ പരിചയത്തിനും 40 മണിക്കൂര്‍ സാംസ്‌കാരിക പരിചയത്തിനുമായാണ് നീക്കിവെച്ചിരിക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ്് മാനേജ്‌മെന്റ് കേരളയുടെ സാങ്കേതിക സഹായത്തോടെയാണ് കോഴ്‌സ് നടത്തുന്നത്. ഭാഷാ പരിപോഷണ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന കോഴ്‌സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കും. കോഴ്‌സിന് പാഠ്യപദ്ധതി തയറാക്കാന്‍ സര്‍വകലാശാലാ തലത്തില്‍ സമിതി രൂപവത്കരിച്ചിട്ടുണ്ട്.
സര്‍വകലാശാല തയാറാക്കുന്ന സമഗ്രമലയാള നിഘണ്ടു ഈ വര്‍ഷം ഓണ്‍ലൈനില്‍ ലഭ്യമാക്കും. പദങ്ങളോടൊപ്പം ഓഡിയോ കൂടി ചേര്‍ത്താണ് നിഘണ്ടു ലഭ്യമാക്കുന്നത്.