Connect with us

Gulf

തൊഴിലില്‍ മികവു പുലര്‍ത്തിയില്ലെങ്കില്‍ ബോണസ് നിഷേധിക്കുമെന്ന് കഹ്‌റമ

Published

|

Last Updated

ദോഹ: തൊഴില്‍ രംഗത്ത് മികവു പുലര്‍ത്താത്ത ജീവനക്കാര്‍ക്ക് ബോണസ് ഉള്‍പ്പെടെയുള്ള അധിക ആനുകൂല്യങ്ങള്‍ നിഷേധിക്കുമെന്ന് ഇല്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷന്‍ (കഹ്‌റമ). ജീവനക്കാരുടെ പ്രവര്‍ത്തന മികവ് മെച്ചപ്പെടുത്തുന്നതിനായി ഏര്‍പ്പെടുത്തിയ ഗ്രേഡിംഗ് സിസ്റ്റത്തില്‍ ശരാശരിക്കു താഴെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവരുടെ ആനുകൂല്യങ്ങളാണ് തടഞ്ഞു വെക്കുകയെന്ന് കഹ്‌റമ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ശര്‍ഖ് അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെയാണ് വിലയിരുത്തുന്നത്. സ്ഥാപനം നിഷ്‌കര്‍ഷിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുള്‍പ്പെടെയുള്ള നിബന്ധനകള്‍ പാലിക്കുന്നതു കൂടി പരിഗണിച്ചാണ് ഗ്രേഡ് നല്‍കുന്നത്. ജോലി നിലവാരം ഉയര്‍ത്തുന്നതിനു വേണ്ടി നേരത്തേ നിര്‍ദേശവും മാര്‍ഗരേഖയും നല്‍കിയിട്ടും അതു പാലിക്കാതെ ഗ്രേഡില്‍ പിറകില്‍ നിന്നവര്‍ക്കായിരിക്കും പണിഷ്‌മെന്റ് സ്വീകരിക്കേണ്ടി വരിക. ജനുവരി 31നാണ് ഗ്രേഡിംഗ് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. ജീവനക്കാരുടെ മികവ് ഉയര്‍ത്തുന്നതിനായി സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണിത്. വര്‍ഷങ്ങളായി ജോലി ചെയ്യുന്നവര്‍ അവിടെ തന്നെ നില്‍ക്കുന്നതിനു പകരം ഉയര്‍ച്ച കൈവരിക്കണമെന്നാണ് കമ്പനിയുടെ നിലപാട്. ഇതുകൂടി പരിഗണിച്ചാണ് ഗ്രേഡിംഗ് ഏര്‍പ്പെടുത്തുന്നത്.
അതേസമയം, വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന തങ്ങള്‍ക്ക് ആനുകൂല്യം നിഷേധിക്കപ്പെട്ടുവെന്ന് ജീവനക്കാര്‍ പരാതിപ്പെട്ടുവെന്ന് ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ 20 വര്‍ഷമായിട്ടു ഒരേ നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്നവരുണ്ടെന്നും അവര്‍ക്ക് പ്രമോഷന്‍ നല്‍കുന്നതുള്‍പ്പെടെയുള്ള പുരോഗതിക്കു വേണ്ടിയാണ് ഗ്രേഡിംഗ് നടപ്പിലാക്കുന്നതെന്നും കഹ്‌റമ വൃത്തങ്ങള്‍ പറയുന്നു.