Connect with us

National

മയിലും കാട്ടുപോത്തും ശല്യക്കാരെന്ന് ഗോവ സര്‍ക്കാര്‍

Published

|

Last Updated

പനാജി: മയിലിനെയും കാട്ടുപോത്തിനെയും ഗോവ സര്‍ക്കാര്‍ ശല്യക്കാരായ ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. കര്‍ഷകരുടെ വിളവുകള്‍ നശിപ്പിക്കുകയും ജനവാസകേന്ദ്രങ്ങളിലേക്ക് വന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് കാണിച്ചാണ് ഇവയെ ശല്യക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുരങ്ങും പട്ടികയില്‍ ഉള്‍പ്പെടുന്നുവെന്ന് കൃഷി മന്ത്രി രമേഷ് തവാദ്കര്‍ പറഞ്ഞു. ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന ജീവികള്‍ക്കെതിരെ പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ വ്യവസ്ഥയുള്ളതിനാല്‍ വന്‍ തോതില്‍ വേട്ട നടക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരും വനസംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും പറയുന്നത്. ദേശീയ പക്ഷിയായ മയിലിനെ സംരക്ഷിക്കുന്നതിന് പകരം കൊല്ലാന്‍ വിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പരിസ്ഥിതി സംഘടനകള്‍ ആരോപിക്കുന്നു. ഗോവയുടെ സംസ്ഥാന മൃഗമായ കാട്ടുപോത്ത് സംരക്ഷിത ജീവിവര്‍ഗങ്ങളില്‍ പെട്ടതാണ്.
ദേശീയ പക്ഷിയും സംസ്ഥാന മൃഗവും പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നുവെന്നത് തനിക്കറിയാവുന്ന കാര്യമാണെന്നും എന്നാല്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് പട്ടിക തയ്യാറാക്കിയതെന്നും മന്ത്രി പറഞ്ഞു. കര്‍ഷകര്‍ നല്‍കിയ പരാതികള്‍ വിശദമായി പരിശോധിച്ചും വിവിധ വകുപ്പുകളുടെ കൈവശമുള്ള വിവരങ്ങള്‍ പരിഗണിച്ചുമാണ് പട്ടിക തയ്യാറാക്കിയത്. പട്ടികയില്‍ ഉള്‍പ്പെട്ടുവെന്നതിനര്‍ഥം ഈ ജീവിവര്‍ഗങ്ങള്‍ക്കുള്ള സംരക്ഷണ നടപടികള്‍ മരവിപ്പിക്കുമെന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുരങ്ങ് അടക്കമുള്ള ഏതാനും ജീവിവര്‍ഗങ്ങളെ ശല്യക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പര്‍സേകര്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ നിന്ന് കുരങ്ങു പനി റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.