മലപ്പുറം ജില്ലയിലെ പ്രവാസികളില്‍ ഭൂരിപക്ഷവും ഡ്രൈവര്‍മാര്‍

Posted on: February 11, 2016 12:03 pm | Last updated: February 11, 2016 at 12:03 pm

DRIVERമലപ്പുറം: ജില്ലയിലെ പ്രവാസികളില്‍ ഭൂരിഭാഗവും തൊഴില്‍ ചെയ്യുന്നത് ഡ്രൈവര്‍മാരായി. ജില്ലയിലെ ആകെ പ്രവാസികളുടെ എണ്ണം 292,753 ആണ്. ഇവരില്‍ 44848 പേരും ഗള്‍ഫ് നാടുകളില്‍ ഡ്രൈവര്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതായാണ് കണക്കുകള്‍.

ഇക്കണോമിക് ആന്‍ഡ് സ്റ്റാസ്റ്റിക്‌സ് വകുപ്പ് നടത്തിയ പ്രവാസി മലയാളി സെന്‍സസിന്റെ പഞ്ചായത്ത് തല റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. പ്രവാസികളെ ആശ്രയിച്ച് കഴിയുന്ന 228,706 വീടുകളാണ് ജില്ലയിലുള്ളത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ളത് വേങ്ങര പഞ്ചായത്തിലാണ്. വേങ്ങര പഞ്ചായത്തിലെ 5,152 പേരാണ് വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. പഞ്ചായത്തിലെ 3,974 വീടുകളില്‍ പ്രവാസികളുണ്ട്.

ഏറ്റവും കുറവ് പ്രവാസികളുള്ളത് ചാലിയാര്‍ പഞ്ചായത്തിലാണ്. 596 പ്രവാസികളാണ് ഇവിടെയുളളത്. പ്രവാസികളില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ 278,396 പേരാണ്. ഇതില്‍ 276,645 പുരുഷന്‍മാരും 1751 സ്ത്രീകളുമുണ്ട്. കുടുംബവുമൊത്ത് താമസിക്കുന്ന 94076 പേരുണ്ട്. ബിസിനസ് മേഖലയില്‍ 16706 പേരും സെയില്‍സ്മാന്‍മാരായി 42364 പേരും അധ്യാപകന്‍മാരായി 825 പേരുമുണ്ട്. ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന 2782 പേരും എന്‍ജിനീയര്‍മാരായ 2999 പേരും 802 നഴ്‌സുമാരും 321 ഡോക്ടര്‍മാരും ജില്ലയിലെ പ്രവാസികളിലുണ്ട്. മറ്റു വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ട 164,573 പേരുമുണ്ട്.
സ്ത്രീകളില്‍ 56 ശതമാനം പേരും നഴ്‌സാണ്. കൂടുതല്‍ പ്രവാസികളുള്ളത് സഊദി അറേബ്യയിലാണ്. 154,246 പേരാണ് ഇവിടെയുള്ളത്. യു എ ഇയില്‍ 93294 പേരും കുവൈത്തില്‍ 9897 പേരുമുണ്ട്. ഏറ്റവും കുറവ് പ്രവാസികളുള്ളത് നൈജീരിയയിലാണ്. 33 പേരാണ് നൈജീരിയയിലുള്ളത്. പത്ത് വര്‍ഷത്തിലേറെയായി പ്രവാസ ജീവിതം നയിക്കുന്ന 72097 പേരാണ് ജില്ലയിലുള്ളത്. 25നും 34നും ഇടയില്‍ പ്രായമുള്ളവരാണ് വിദേശത്ത് ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും. 1,06949 പേരാണ് ഈ പ്രായത്തിലുള്ളത്. 18നും 24നും ഇടയില്‍ പ്രായമുള്ള 24580 പേരുണ്ട്. 65 വയസിന് മുകളിലുള്ള 446 പേരുമുണ്ട്.