കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഉത്തരേന്ത്യയിലേക്ക്

Posted on: February 8, 2016 12:48 pm | Last updated: February 8, 2016 at 12:48 pm

MARIJUANAകാസര്‍കോട്: കാസര്‍കോട് ഉള്‍പ്പെടെ കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തുന്ന സംഘത്തെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു. കാസര്‍കോട് നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി. ടി പി പ്രേമരാജന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തരാഞ്ചല്‍ എന്നീ സംസ്ഥാനങ്ങളില്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചു. കേരളത്തിലേക്കുള്ള കഞ്ചാവ് കടത്തിന്റെ സൂത്രധാരന്‍ എന്ന് സംശയിക്കുന്ന ഇടുക്കി സ്വദേശി രാജു തോമസിനെ റായ്ഗഡ് ജയിലിലെത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. കഞ്ചാവ് കടത്ത് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഇയാളെ കോടതി അനുമതിയോടെയാണ് ചോദ്യം ചെയ്തത്. രാജു തോമസില്‍ നിന്ന് കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്ള കഞ്ചാവ് കടത്ത് സംഘങ്ങളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ലഭിച്ചു.

കേരളത്തിലേക്കുള്ള കഞ്ചാവ് കടത്ത് വര്‍ധിച്ചതിനെ തുടര്‍ന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് ഡി വൈ എസ് പി നേതൃത്വത്തില്‍ പോലീസ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അന്വേഷണത്തിന് പോയത്.
കഞ്ചാവ് കടത്തിന്റെയും കഞ്ചാവ് കൃഷിയുടെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് റായ്ഗഡ് ജില്ലാ പൊലീസ് മേധാവി ബാലസുബ്രഹ്മണ്യന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. ഇടുക്കി സ്വദേശി രാജു തോമസിനെ കൂടാതെ നിരവധി മലയാളികള്‍ ഛത്തീസ്ഗഡിലെ ജയിലുകളില്‍ കഞ്ചാവ് കേസുകളില്‍ പ്രതികളായി കഴിയുന്നതായ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ രാജക്കാട്, പണിക്കന്‍കുടി, മുരിക്കാശ്ശേരി സ്വദേശികളായ 30ല്‍ പരം യുവാക്കള്‍ ഒഡീഷയിലെ ജയിലില്‍ കഴിയുന്നുണ്ട്. കഞ്ചാവ് കടത്തിയതും കൃഷി ചെയ്തതുമാണ് ഇവര്‍ക്കെതിരെയുള്ള കേസ്. മലഞ്ചെരിവുകള്‍ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് കൃഷിക്ക് മാവോയിസ്റ്റ് സഹായമുള്ളതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പ്രധാന വരുമാന മാര്‍ഗമെന്ന നിലയിലാണ് മാവോയിസ്റ്റുകള്‍ കഞ്ചാവ് കൃഷിക്ക് എല്ലാതരത്തിലുമുള്ള സഹായങ്ങളും ചെയ്ത് കൊടുക്കുന്നതെന്ന് പറയുന്നു. വിളവെടുക്കുന്ന കഞ്ചാവ് മാവോയിസ്റ്റുകളുടെ സഹായത്തോടെ തന്നെ ആന്ധ്രാപ്രദേശ് അതിര്‍ത്തി വരെ എത്തിക്കുന്നു. അവിടെ നിന്ന് വാഹനങ്ങളില്‍ കയറ്റിയാണ് കഞ്ചാവ് കേരളത്തിലേക്കും മറ്റും എത്തിക്കുന്നത്. കഞ്ചാവ് കടത്തുന്നതിന് പ്രത്യേക അറകള്‍ തീര്‍ത്ത വാഹനങ്ങള്‍ ഉള്ളതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കഞ്ചാവ് കൃഷിക്ക് നേതൃത്വം നല്‍കുന്നത് ഇടുക്കി ജില്ലയിലെ പഴയകാല കഞ്ചാവ് കൃഷിക്കാരനാണെങ്കില്‍ കഞ്ചാവ് കടത്തുന്നതിന് പിന്നില്‍ കേരളത്തിലെ കുപ്രസിദ്ധ വാഹന കവര്‍ച്ചക്കാരനാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.