Health
സിക വൈറസ്: ലൈംഗിക ബന്ധത്തിലൂടെയും പകരുമെന്ന് റിപ്പോര്‍ട്ട്

ഓസ്റ്റിന്‍: സിക വൈറസ് ലൈംഗിക ബന്ധത്തിലൂടെയും പകരുമെന്ന് റിപ്പോര്‍ട്ട്. യുഎസിലെ ടെക്‌സാസിലാണ് ലൈംഗിക ബന്ധത്തിലൂടെ സിക വൈറസ് പകര്‍ന്ന കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊതുകിലൂടെ സിക വൈറസ് പകരുന്നതായാണ് ഇതുവരെ കണ്ടെത്തിയിരുന്നത്. രോഗത്തിനെതിരേയുള്ള പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സിക വൈറസ് 23 രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.
ലാറ്റിന്‍ അമേരിക്കയില്‍ തുടങ്ങിയ സിക വൈറസ് യൂറോപ്പിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രോഗപ്രതിരോധ നടപടികള്‍ക്കും ചികിത്സ്‌ക്കും ഗവേഷണത്തിനും കൂടുതല്‍ ഫണ്ട് ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
1947-ല്‍ ഉഗാണ്ടയിലെ സിക്ക വനത്തിലെ കുരങ്ങുകളിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. വൈറസിന് ഈ പേര് നല്‍കിയത് അതുമൂലമാണ്. സിക വൈറസ് കുട്ടികളില്‍ ഗുരുതര ജനിതകവൈകല്യങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.