ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയെന്ന് പറഞ്ഞയാള്‍ അങ്കമാലിയില്‍ പിടിയില്‍

Posted on: February 3, 2016 9:35 am | Last updated: February 3, 2016 at 9:35 am
SHARE

കല്‍പ്പറ്റ: അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയതായി പരാതിയുള്ള റിസോര്‍ട്ട് മാനേജരെ കണ്ടെത്തി. മേപ്പാടി റിപ്പണ്‍ വാളത്തൂരിലെ ‘മൈഗാര്‍ഡന്‍ ഓഫ് ഏദന്‍ റിസോര്‍ട്ടില്‍ നിന്നും ജനുവരി 28 മുതല്‍ കാണാതായ റിസോര്‍ട്ട് മാനേജര്‍ ഈങ്ങാപ്പുഴ സ്വദേശി ലിജീഷ് ജോസിനെയാണ് അങ്കമാലി ബസ്സ് സ്റ്റാന്റില്‍ വെച്ച് കല്‍പ്പറ്റ സി.ഐയും സംഘവും പിടികൂടിയത്.
ലിജീഷ് ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചതിനെ പിന്‍തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. മേപ്പാടിയില്‍ നിന്നും മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവടങ്ങളില്‍ കറങ്ങിയ ശേഷം അങ്കമാലിയിലെത്തിയപ്പോഴാണ് പോലീസ് പിടിയിലായത്. സാമ്പത്തിക ബാധ്യത മൂലം ഇയാള്‍ നാടുവിട്ടതായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഇക്കഴിഞ്ഞ ജനുവരി 28 പുലര്‍ച്ചെ മൂന്നോടെ തന്നെ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോകുന്നതായി ഇയാള്‍ സുഹൃത്തിനെ ഫോണില്‍ വിളിച്ചു പറയുകയും, പിന്നീട് ഇയാളുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആവുകയുമായിരുന്നു. തുടര്‍ന്ന് മാവോയിസ്റ്റ് സാന്നിധ്യമടക്കമുള്ള സാധ്യതകള്‍ പരിഗണിച്ച് പോലീസ്, തണ്ടര്‍ബോള്‍ട്ട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രദേശത്ത് വ്യാപക തിരച്ചിലും, വാഹന പരിശോധനയും മറ്റും നടത്തിയിരുന്നു. ഇതിനിടയില്‍ സാമ്പത്തിക ബാധ്യത മൂലം ഇയാള്‍ കളിച്ച നാടകമാണ് തട്ടികൊണ്ട് പോകല്‍ സംഭവമെന്ന് സൂചന ലഭിച്ച പോലീസ് ആ വഴിക്ക് അന്വേഷണം മുന്നോട്ടു കൊണ്ടു പോകുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കല്‍പ്പറ്റ സ്റ്റേഷനില്‍ എത്തിച്ച ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അഞ്ച് ലക്ഷത്തോളം രൂപ കടബാധ്യതയുണ്ടായിരുന്നുവെന്നും, അത് നല്‍കേണ്ട ദിവസമായതോടെയാണ് നാടുവിട്ടതെന്നും ലിജീഷ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.