അരുണാചലില്‍ രാഷ്ട്രപതി ഭരണം: പ്രധാനമന്ത്രി മോദിക്ക് ശത്രുഘ്‌നന്‍ സിന്‍ഹയുടെ വിമര്‍ശം

Posted on: January 31, 2016 9:17 am | Last updated: January 31, 2016 at 9:18 am

sathrughan sinhaന്യൂഡല്‍ഹി: രാഷ്ട്രീയ തര്‍ക്കത്തിന്റെ പേരില്‍ അരുണാചല്‍ പ്രദേശത്തില്‍ രാഷ്ട്രപതി ഭരണം നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍തീരുമാനത്തിനെതിരെ മുതിര്‍ന്ന ബി ജെ പി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തി. രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കെ ഗവര്‍ണറുടെ വിശദീകരണം കേട്ട് ധൃതിപിടിച്ച് തീരുമാനമെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയയെ ചോദ്യം ചെയ്താണ് ബി ജെ പി. എം പി കൂടിയായ സിന്‍ഹയുടെ വിമര്‍ശം. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ തിടുക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തത് ശരിയായില്ലെന്നാണ് ശത്രുഘ്‌നന്‍ സിന്‍ഹ ഉന്നയിച്ചത്. നിലവിലെ സാഹചര്യത്തില്‍ പ്രധാനമന്ത്രി രാജ്യത്തെ നയിക്കാന്‍ കഴിവുള്ളയാളാണെങ്കിലും അരുണാചല്‍ പ്രദേശിലെ രാഷ്ട്രപതിഭരണം ഉള്‍പ്പെടെയുള്ള മോദിയുടെ തീരുമാനങ്ങള്‍ പാര്‍ട്ടിയുടെ സ്വീകാര്യത നശിപ്പിക്കും. വിവാദമായ തീരുമാനങ്ങളില്‍ മിക്കതിലും പ്രധാനമന്ത്രി മറ്റാരുടെയോ ഉപദേശം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് മനസ്സിലാകുന്നത്. അതാരാണെന്ന് വ്യക്തമാകുന്നില്ലെന്നും ഇത് പാര്‍ട്ടിക്കും ഭരണത്തിനും ദോഷം ചെയ്യുമെന്നും സിന്‍ഹ അഭിപ്രായപ്പെട്ടു.
അതേസമയം, പല വിഷയങ്ങളിലുമായി താന്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ പലപ്പോഴും വിമര്‍ശിക്കപ്പെടുന്നുണ്ടെന്ന് സമ്മതിച്ച ശത്രുഘ്‌നന്‍ സിന്‍ഹ തന്റെ അഭിപ്രായങ്ങള്‍ പലര്‍ക്കും അംഗീകരിക്കാന്‍ കഴിഞ്ഞെന്ന് വരില്ലെന്നും എന്നാല്‍ താന്‍ നടത്തിയ മുഴുവന്‍ പരാര്‍ശങ്ങളും സദുദ്ദേശ്യത്തോടെ മാത്രമാണെന്നും ആരോഗ്യകരമായ വിമര്‍ശനമാണ് താന്‍ ഉദ്ദശിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.