കോടതി വിധികളെ വിമര്‍ശിക്കാന്‍ മാധ്യമങ്ങള്‍ക്ക് അധികാരമുണ്ട്:ജസ്റ്റിസ് കമാല്‍ പാഷ

Posted on: January 30, 2016 7:55 pm | Last updated: January 31, 2016 at 8:44 am

kamal pashaകൊല്ലം: കോടതി വിധികളെ വിമര്‍ശിക്കാന്‍ മാധ്യമങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ജസ്റ്റിസ് കമാല്‍ പാഷ. കോടതി വിധി വിമര്‍ശന വിധേയമാവുന്നത് നല്ലതാണ്. എങ്കില്‍ മാത്രമേ നല്ല വിധികള്‍ ഉണ്ടാവുകയുള്ളൂ. വിധി പറയുന്ന ജഡ്ജി ഇന്നയാളുടെ ബന്ധുവാണെന്ന് പറഞ്ഞ് വിമര്‍ശിക്കുന്നത് ശരിയല്ല. നിയമം അറിയുന്നവരെ വിളിച്ചിരുത്തിയാവണം മാധ്യമങ്ങള്‍ വിമര്‍ശനം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരള ലോ സ്റ്റുഡന്‍സ് ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം അഡ്വ. ഇ ഷാനവാസ്ഖാന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണം നടത്തേണ്ട കേസുകളില്‍ കുറ്റാരോപിതനോട് വിശദീകരണം തേടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമം അനുശാസിക്കുന്നതും സുപ്രീംകോടതി പറഞ്ഞിട്ടുള്ളതും അതാണ്. പ്രതിയുടെ അഭിപ്രായം ചോദിക്കാതെയാണ് വിധി പ്രസ്താവിച്ചതെന്ന് വിമര്‍ശിക്കുന്നത് വിവരക്കേടാണെന്നും അദ്ദേഹം പറഞ്ഞു.