Connect with us

Articles

ഒരു മഹാപാതകത്തിന്റെ ഓര്‍മ

Published

|

Last Updated

പാണ്ഡവരുടെ ത്യാഗത്തെക്കുറിച്ചും യുധിഷ്ഠിരന്റെ ക്ഷമാശീലത്തെക്കുറിച്ചും ഓര്‍ക്കുന്ന ത്യാഗത്തിന്റെയും ക്ഷമയുടെയും മതമാണ് ഹിന്ദുമതം എന്ന് കരുതിയ, മുസല്‍മാനോട് നീതിപുലര്‍ത്തിയ ഒരു ഭ്രാന്തന്‍ ഗാന്ധി നിങ്ങള്‍ക്കിടയില്‍ ഉണ്ടായത് അത്ര സങ്കടകരമായ കാര്യമാണോ?
ഗാന്ധി- യംഗ് ഇന്ത്യ 1927 മാര്‍ച്ച് 10.
വര്‍ഗീയവാദികളുടെ വെടിയുണ്ടക്കിരയായ മഹാത്മാ ഗാന്ധിയുടെ 58-ാം രക്തസാക്ഷി ദിനമാണ് ഇന്ന്. ഗാന്ധിജിയെ സ്മരിക്കുകയും ഗാന്ധിജിയുടെ സന്ദേശങ്ങളും ആദര്‍ശങ്ങളും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുക എന്നതോടൊപ്പം ഇപ്പോള്‍ രാജ്യത്ത് ശക്തമായിട്ടുള്ള ഗാന്ധിജിയുടെ ഘാതകരെ തിരിച്ചറിയുകയും നേരിടുകയും ചെയ്യുകയെന്ന ഉത്തരവാദിത്വത്തെ കൂടി ഓര്‍മപ്പെടുത്തുന്ന ദിനമാണിത്.
ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി വര്‍ഗീയതയുടെ വെല്ലുവിളികളും അവ വരുത്തിവെക്കുന്ന അസഹിഷ്ണുതയും തന്നെയാണ്. ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തിന്റെ രാഷ്്ട്രീയ ജീര്‍ണതയിലും സാമ്പത്തിക പാപ്പരത്തത്തിലുമാണ് ഈ വര്‍ഗീയ വാദികളുടെ വളര്‍ച്ചയും നിലനില്‍പ്പും. ഇന്ന് പാര്‍ലിമെന്റ് അടക്കമുള്ള ജനാധിപത്യ സ്ഥാപനങ്ങളെ ആകെ വലയം ചെയ്തിരിക്കുന്നു ഈ ശക്തി. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍, പ്രത്യേകിച്ച് നെഹ്‌റുവിനു ശേഷം വന്ന സര്‍ക്കാറുകള്‍ നടപ്പിലാക്കിയ സാമ്പത്തിക നയങ്ങളും നിലപാടുകളും ഗാന്ധിജിയുടെ ആദര്‍ശങ്ങളില്‍ നിന്നും അകന്നുപോയി. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അഴിമതി ഒരു ആഗോള പ്രതിഭാസമാണെന്ന്് കൂടി സമ്മതിക്കേണ്ടിവന്നു. നരസിംഹ റാവുവിന്റെ കൈയിലെത്തിയപ്പോഴേക്കും സാമ്പത്തിക ഉദാരവത്കരണങ്ങള്‍ അതിന്റെ ഉച്ചകോടിയിലെത്തി. ഗാന്ധിജിയുടെ സ്വാശ്രയത്വമെന്ന സങ്കല്‍പ്പം തന്നെ കുഴിച്ചുമൂടപ്പെട്ടു. എന്തിനും ഏതിനും വിദേശ സാമ്രാജ്യ ശക്തികളെ ആശ്രയിക്കുകയെന്ന അവസ്ഥ വന്നുചേര്‍ന്നു. ഇങ്ങനെ വൈദേശികാധിപത്യത്തിന്റെ പാതയിലേക്ക് വഴുതിവരുമ്പോഴേക്കും അഴിമതിയും അധികാര ദുര്‍മോഹവും ഒരു വ്യാളിയെപോലെ പിടികൂടി. ഗാന്ധിജിയുടെ പിന്‍മുറക്കാര്‍ എന്നു അവകാശപ്പെടുന്നവര്‍ നയിച്ച കോണ്‍ഗ്രസ് ഇന്ന് പാടെ മാറിക്കഴിഞ്ഞിരിക്കുന്നു. അതിന്റെ ദുരന്തം ജനങ്ങളില്‍ നിന്നും ഏറ്റുവാങ്ങി ചരിത്രത്തിലെ വലിയ തോല്‍വിയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ഇത്തരം സാഹചര്യങ്ങളാണ് ബദലുകളില്ലാത്ത ഒരു ഇന്ത്യനവസ്ഥയില്‍ ഹിന്ദു വര്‍ഗീയതയെ നേരിട്ട് സഹായിച്ചത്. ജീര്‍ണമായ ഈ അവസ്ഥക്കു മേല്‍ ഏകശിലാ ഹൈന്ദവതാ വാദം ഉയര്‍ത്തിയാണ് അവര്‍ പാവപ്പെട്ട ജനസാമാന്യത്തെ സമീപിച്ചുവരുന്നത്.
സത്യം, സ്‌നേഹം, അഹിംസ, ത്യാഗം തുടങ്ങിയ മൂല്യങ്ങള്‍ രാഷ്ട്രീയ സമരമുറയായി സ്വീകരിച്ച മഹാനാണ് ഗാന്ധിജി. നമ്മുടെ സ്വാതന്ത്ര്യസമരം ലോകചരിത്രത്തിന്റെ ഭാഗമാകുന്നതും അതുകൊണ്ടാകാം. പക്ഷേ, ആദര്‍ശനിഷ്ഠമായ ആ നേതൃത്വം നമുക്ക് 1948 ജനുവരി 30ന് നഷ്ടമാകുകയാണുണ്ടായത്. ഗാന്ധിജിയുടെ നേതൃകാലത്തുണ്ടായിരുന്ന നേട്ടങ്ങള്‍ നഷ്ടപ്പെടുകയും കോട്ടങ്ങള്‍ അവശേഷിച്ച് സങ്കീര്‍ണമായികൊണ്ടിരിക്കുകയുമാണ്.
ഗാന്ധിജിയും കൃപലാനിയുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയതു പോലെ സ്വാതന്ത്ര്യ സമരത്തിന്റെ മുന്‍പന്തിയില്‍ നിന്നിരുന്ന നേതാക്കള്‍ അധികാരത്തില്‍ എത്തിയതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സ്വഭാവമാകെ മാറിക്കഴിഞ്ഞിരുന്നു. നിസ്വാര്‍ഥ സേവകരായി അറിയപ്പെട്ടവര്‍ പെട്ടെന്ന് രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് ഉപരി സ്വന്തം കാര്യങ്ങള്‍ക്ക് അമിത പ്രധാന്യം നല്‍കിയത് ഗാന്ധിജിക്ക് തന്നെ കാണേണ്ടിവന്നു. അവസാന നാളുകളില്‍ ഗാന്ധിജിയുടെ സന്തത സഹചാരിയായിരുന്ന പര്യലാല്‍ ഇങ്ങനെ ഗാന്ധിജിയുടെ ആത്മഗതത്തെ വിവരിക്കുന്നുണ്ട്: “”ഇന്ന് ഞാന്‍ ഒറ്റയ്ക്കായിരിക്കുന്നു. സര്‍ദാറും ജവഹര്‍ലാലും പോലും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതില്‍ എനിക്ക് തെറ്റുപറ്റിയതായാണ് കരുതുന്നത്. വിഭജനത്തിനു നാം അനുമതി നല്‍കിയാല്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നു. വിഭജനം നടക്കുകയാണെങ്കില്‍ തന്നെ ബ്രിട്ടീഷുകാര്‍ ഇടപെട്ടുകൊണ്ടും ബ്രിട്ടീഷ് ഭരണത്തിന് കീഴിലുമായിരിക്കരുത് അത് നടക്കുന്നതെന്ന് ഞാന്‍ വൈസ്രോയിയോട് പറഞ്ഞത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. പ്രായമാകുന്തോറും ഞാന്‍ നശിക്കുകയല്ലേ എന്ന് അവര്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും എനിക്കു തോന്നുന്നത് പറയാതിരിക്കാന്‍ വയ്യ. ഇപ്പോള്‍ നാം പോകുന്ന മാര്‍ഗം തെറ്റാണെന്ന് വ്യക്തമായി കാണാന്‍ എനിക്ക് കഴിയുന്നുണ്ട്്.””
ഇതില്‍ നിന്നു നമുക്ക് മനസ്സിലാകുന്നത് സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയ ഗാന്ധിജിയും അദ്ദേഹത്തിന്റെ മഹത്തായ ആദര്‍ശങ്ങളും സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യത്തെ ഭരണാധികാരികള്‍ക്ക് തന്നെ വലിയ ഭാരവും തടസ്സവുമായിരുന്നുവെന്നാണ്. പല ദേശീയ നേതാക്കളും സ്വാതന്ത്ര്യത്തിന്റെ ആവേശം കെട്ടടങ്ങുന്നതിന് മുമ്പു തന്നെ അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ക്കായി ഓടി നടന്നപ്പോള്‍, വര്‍ഗീയ കൂട്ടക്കൊലകളില്‍ മരവിച്ചുപോയ ബംഗാളിലെ നവ്ഖാലിയിലെ തെരുവിലൂടെ ഗാന്ധിജി ശാന്തിമന്ത്ര മുരുവിട്ടുകൊണ്ട് ഒറ്റക്ക് നടക്കുകയായിരുന്നു.
ഹിന്ദു വര്‍ഗീയവാദികള്‍ ഗാന്ധിജിയെ മുസ്്‌ലിം ന്യൂനപക്ഷത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരാളായാണ് കണ്ടത്. പക്ഷേ, മറ്റു മതങ്ങളോടുള്ള സ്‌നേഹം ഇന്ത്യയുടെ നിലനില്‍പ്പിന് ഏറ്റവും അത്യാവശ്യമാണെന്ന് ഗാന്ധിജി മനസ്സിലാക്കിയിരുന്നു. എന്റെ മുസ്്‌ലിം സഹോദരനു പകരം എന്നെ കൊന്നോളൂ എന്ന് പറയാന്‍ ഇനിയും ഈ മതേതരവാദിയെ അനുവദിക്കില്ലെന്ന് ഹിന്ദു വര്‍ഗീയവാദികള്‍ നിശ്ചയിക്കുകയും അതിനുവേണ്ടി നാഥുറാം വിനായകെ ഗോദ്‌സെ എന്ന ഹിന്ദു മതഭ്രാന്തനെ ഉപയോഗപ്പെടുത്തുകയുമാണ് ചെയ്തത്. ഗാന്ധിജിയുടെ വധത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ദല്‍ഹിയില്‍ നടക്കുന്ന മുസ്‌ലിം വേട്ടക്കെതിരെ ഗാന്ധിജി സത്യഗ്രഹ സമരമാരംഭിച്ചത്. ഗാന്ധിജിയുടെ ജീവചരിത്രകാരനായ ലൂയി ഫിഷര്‍ ഈ സത്യാഗ്രഹത്തിന് ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് ഗാന്ധിജിയോട് ചോദിക്കുന്നുണ്ട്. ഗാന്ധിജി ലൂയിഫിഷറോട് ഇപ്രകാരം മറുപടി പറഞ്ഞതായി കാണാം: “”ആരെയുമല്ല; പക്ഷേ, ഹിന്ദുക്കളും സിഖുകാരും ഡല്‍ഹിയില്‍ നിന്നു മുസ്‌ലിംകളെ അടിച്ചോടിച്ചാല്‍ അവര്‍ ഇന്ത്യയെയും അവരുടെ മതത്തേയും വഞ്ചിക്കുകയായിരിക്കും ചെയ്യുക. അതെന്നെ വേദനിപ്പിക്കുന്നു. മുസ്‌ലിം സഹോദരങ്ങളെ സംരക്ഷിക്കാന്‍ ഞാന്‍ സത്യാഗ്രഹമനുഷ്ഠിക്കുന്നതിനെ ചിലര്‍ നിന്ദിക്കുന്നു.””
സനാതന ഹൈന്ദവ മൂല്യങ്ങളില്‍ വിശ്വസിച്ചിരുന്ന ഗാന്ധിജിയെ തങ്ങളുടെ സങ്കുചിതവും ചരിത്ര വിരുദ്ധവുമായ മതാശയങ്ങള്‍ കൊണ്ട് നേരിടുക എന്നത് ഹിന്ദുവര്‍ഗീയ വാദികള്‍ക്ക് വലിയ പ്രയാസമായിരുന്നു. അവര്‍ക്ക് അതിലും എളുപ്പം അദ്ദേഹത്തെ ശാരീരികമായി ഇല്ലാതാക്കുകയെന്നതായിരുന്നു. ഇതേ വികാരം തന്നെയാണ് അടുത്തകാലത്ത് ഗോവിന്ദ പന്‍സാരയുടെയും എം എം കല്‍ബുര്‍ഗിയുടെയും നരേന്ദ്ര ധബോല്‍ക്കറുടെയും കൊലപാതകങ്ങളിലും അവസാനം രോഹിത് വെമുലയുടെ ആത്മഹത്യയിലുമെത്തിച്ചത്. ഗാന്ധിജി വിഷ്ണുവിന്റെ മക്കളെന്ന അര്‍ഥത്തില്‍ ഹരിജനെന്ന് പേരിട്ട് മുഖ്യധാരയിലേക്ക് ഉയര്‍ത്തികൊണ്ടുവരാന്‍ ശ്രമിച്ച പിന്നാക്ക വിഭാഗത്തിലെ രോഹിത് വെമുലക്ക് ആര്‍ എസ് എസിന്റെ രാമരാജ്യത്ത് ആത്മഹത്യയല്ലാതെ മറ്റു പോംവഴിയില്ലായിരുന്നു. ആരാണ് ശിവജി എന്ന ഗോവിന്ദ പന്‍സാരയുടെ പുസ്തകം തീവ്രഹിന്ദുത്വ സംഘടനകളുടെ അസഹിഷ്ണുതയെ സഹികെടുത്തി. ശിവജി ഹിന്ദുവാദിയായ രാജാവായിരുന്നില്ലെന്നും എല്ലാമതങ്ങളെയും ഉള്‍ക്കൊണ്ട ഭരണാധികാരി കൂടിയായിരുന്നുവെന്നാണ് പന്‍സാരയുടെ വാദം. അതാണ് തീവ്ര ഹിന്ദു സംഘടനയായ സനാതന്‍ സന്‍സതയുടെ സജീവ പ്രവര്‍ത്തകനായ സമീര്‍ ഗെയ്കിനെയും പ്രചോദിപ്പിച്ച വികാരം. പുരോഗമന സാഹിത്യകാരനും കന്നഡ ഭാഷാ പണ്ഡിതനുമായിരുന്ന കല്‍ബുര്‍ഗിയുടെയും മഹാരാഷ്ട്രയിലെ സാഹിത്യകാരനും യുക്തിവാദിയുമായിരുന്ന നരേന്ദ്ര ധബോല്‍ക്കറുടെയും കൊലപാതകങ്ങളുടെയും പിന്നില്‍ മറ്റൊന്നായിരുന്നില്ല.
ഗാന്ധിജി വധത്തിലേക്കും പിന്നീട് വലിയൊരു ഇടവേളക്കു ശേഷം ബാബരി മസ്ജിദ് തകര്‍ച്ചയിലേക്കും ഏറെ വൈകാതെ ഗുജറാത്ത് വംശഹത്യയിലേക്കും വ്യാപിച്ച വര്‍ഗീയത അതിന്റെ പ്രയാണം തുടരുകയാണ്. വീണ്ടും അത്തരം സാധ്യതകള്‍ അവര്‍ ചികഞ്ഞുകൊണ്ടേയിരിക്കും. അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് ഇടക്ക് പറയുന്നതും മറ്റൊന്നല്ല. പക്ഷേ, ഹിന്ദു വര്‍ഗീയവാദികള്‍ക്ക് ഇപ്പോഴും ഗാന്ധിജി വലിയ പ്രതിബന്ധമാണ്. ഗാന്ധിജി രാഷ്ട്ര പിതാവല്ലെന്നും അവര്‍ പറയുന്നു. ഗാന്ധിജിയുടെ കൊല അത്യാവശ്യമാണെന്നും ഇന്നു ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ അതുതന്നെ ചെയ്യുമായിരുന്നുവെന്ന് മദന്‍ലാല്‍ പഹ്‌വും മറ്റും പറയുന്നതോടൊപ്പം ഗാന്ധിജിയെ കൊന്നത് തങ്ങളല്ലെന്നും ഗാന്ധിജിയുടെ രാമരാജ്യത്തിനും സ്വാശ്രയത്വത്തിനും വേണ്ടിയാണ് നിലകൊള്ളുന്നതെന്നും തീവ്ര ഹിന്ദുത്വവാദികള്‍ പറയുന്നു. ഗോദ്‌സെയെ ബലിധാനിയായി പ്രഖ്യാപിക്കണമെന്ന് ചില നേതാക്കള്‍ മറ്റൊരിടത്ത് പ്രസ്താവിക്കുന്നു. ഇതര വിഭാഗങ്ങളോടുള്ള അസഹിഷ്ണുതയില്‍ കവിഞ്ഞ് രാഷ്ട്രീയ സിദ്ധാന്തങ്ങളില്ലാത്ത വര്‍ഗീയവാദികള്‍ പരസ്പര വിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്നതും ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതും സ്വാഭാവികം മാത്രം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മാട്ടിറച്ചിയുടെ പേരില്‍ അഴിച്ചുവിടുന്ന അക്രമവും നിരോധനവും മറ്റൊരു ഹൈന്ദവ വത്കരണ പ്രക്രിയയാണ്. എന്നാല്‍, ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ക്കു വേണ്ടി ജീവിക്കുന്നുവെന്നു പറയുന്ന രാഷ്ട്രീയ നേതാക്കള്‍ ഗാന്ധിജിയെ സൗകര്യപൂര്‍വം മറന്നിരിക്കുന്നു. യഥാര്‍ഥ ഗാന്ധിയന്മാര്‍ ഇന്നത്തെ കലുഷമായ പൊതുജീവിതത്തില്‍ നിന്നകന്നുമാറി ഒറ്റപ്പെട്ട് ജീവിതം നയിക്കുന്നു.
ഗാന്ധിജിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരത്തിന് പ്രധാനപ്പെട്ട രണ്ട് ലക്ഷ്യങ്ങളുണ്ടായിരുന്നു. അതിലൊന്ന് രാജഭരണത്തെയും ഫ്യൂഡലിസത്തെയും വലിച്ചെറിഞ്ഞ് ആധുനിക ദേശീയ രാഷ്ട്രമായി ഇന്ത്യയെ വാര്‍ത്തെടുക്കുക. രണ്ടാമതായി ജാതിയവും ലിംഗപരവുമായ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിച്ച് സംസ്ഥാനങ്ങളെ പുനഃസ്ഥാപിക്കുകയും മതസ്വത്വ നിരപേക്ഷമായി പൗരാവകാശങ്ങളെയും സാമൂഹിക നീതിയെയും ആദര്‍ശങ്ങളെയും പരിഗണിക്കുകയും ചെയ്യുക. ഇതെല്ലാം കൊണ്ടുതന്നെ ഗാന്ധിജിയുടെ ദേശീയ നേതൃത്വം ഹിന്ദുത്വ രാഷ്ട്രീയത്തെ താരതമ്യേന നിഷ്പ്രഭമാക്കി. എല്ലാ മതസമുദായങ്ങള്‍ക്കും ജനാധിപത്യപരമായി വികസിക്കാനുള്ള സാമൂഹിക-രാഷ്ട്രിയ തുറകള്‍ സൃഷ്ടിച്ചു. മതവിശ്വാസം വ്യക്തിപരമായ വിശ്വാസപ്രമാണവുമായി ബന്ധപ്പെട്ടതാണെന്ന് ഗാന്ധിജി ഊന്നിപറഞ്ഞിരുന്നു. ഇതെല്ലാം ഗാന്ധിജിയെ ഇല്ലാതാക്കണമെന്ന് ആര്‍ എസ് എസിന്റെ ആവശ്യത്തിന് കാരണമായി.
ഗോദ്‌സെയുടെ വെടിയുണ്ടയേറ്റ് അന്ന് ഗാന്ധിജിയുടെ ഹൃദയത്തില്‍ നിന്നും ഒലിച്ചിറങ്ങിയ ആ ചോര ആറ് പതിറ്റാണ്ടോളമായിട്ടും ഇവിടെ ഒലിച്ചിറങ്ങുകയാണ്. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും അഹിംസയുടെയും അവതാരമായിരുന്ന മഹാത്മാവിനെ, ആ നിഷ്‌കളങ്കമായ പുഞ്ചിരിയെ ഒടുക്കിയതാരെന്ന ചോദ്യം നിരന്തരം ഉയര്‍ത്തേണ്ടത് പുതിയ രാഷ്ട്രീയ സാഹചര്യം ആവശ്യപ്പെടുന്നു. ആ ചോദ്യം എന്നും ഫാസിസത്തെ അസ്വസ്ഥപ്പെടുത്തണം.

Latest