ബിസിനസ് ടു ബിസിനസ് മീറ്റില്‍ 31 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും

Posted on: January 29, 2016 1:28 pm | Last updated: January 29, 2016 at 1:28 pm

kerala b2b meetകൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ബിസിനസ് ടു ബിസിനസ് മീറ്റില്‍ 31 രാജ്യങ്ങളില്‍നിന്നുളള പ്രതിനിധികള്‍ പങ്കെടുക്കും. ഫെബ്രുവരി 4 മുതല്‍ ആറ് വരെ നെടുമ്പാശ്ശേരി സിയാല്‍ എക്‌സിബിഷന്‍ സെന്ററിലാണ് ബിടു ബി മീറ്റ്. വിദേശത്തുനിന്ന് നൂറോളം ബയര്‍മാരും ഇന്ത്യയില്‍നിന്ന് 350 ബയര്‍മാരും ബി ടു ബി മീറ്റിനെത്തുമെന്ന് വ്യവസായവാണിജ്യ വകുപ്പ് ഡയറക്ടര്‍ പിഎം ഫ്രാന്‍സിസ് പറഞ്ഞു. സംസ്ഥാനത്തെ ചെറുകിട വ്യവസായ മേഖലയില്‍ പുത്തനുണര്‍വായിരിക്കും ബി ടു ബി മീറ്റ് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ രംഗത്തെ പ്രമുഖരുമായി നേരിട്ട് സംവദിക്കാന്‍ സംസ്ഥാനത്തെ ചെറുകിട വ്യവസായികള്‍ക്ക് അവസരം ലഭിക്കും. ശ്രീലങ്കയില്‍ നിന്നാണ് ഏറ്റവുമധികം പ്രതിനിധികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. യു എ ഇ പ്രതിനിധികളാണ് രണ്ടാംസ്ഥാനത്ത്. അമേരിക്ക, ബംഗ്ലാദേശ്, നൈജീരിയ, സഊദി അറേബ്യ, കൊളംബിയ, ഇറാന്‍, ഹോങ്കോംഗ്, മൗറീഷ്യസ്, പാക്കിസ്ഥാന്‍, കുവൈത്ത്, ബെനിന്‍, സിംഗപ്പൂര്‍, ഖത്വര്‍, പോളണ്ട്, തായ്‌ലന്റ്, ബെല്‍ജിയം, ബഹ്‌റൈന്‍, ബള്‍ഗേറിയ, ചൈന, മാസിഡോണിയ, ഉഗാണ്ട, നമീബിയ, സൊമാലിയ, നേപ്പാള്‍, റഷ്യ, മൊസാംബിക്, റൊമേനിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഗാംബിയ എന്നീ രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ബി ടുബി മീറ്റിനെത്തുന്നുണ്ട്. സംസ്ഥാനത്തെ വിവിധ മേഖലകളില്‍ നിന്നായി ഇരുനൂറോളം സെല്ലര്‍മാരും വരുന്നുണ്ട്. ഭക്ഷ്യ സംസ്‌കരണം, റബ്ബര്‍, തടി അധിഷ്ഠിത വ്യവസായം, ആയുര്‍വേദം, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് എന്നിവ കൂടാതെ പരമ്പരാഗത വ്യവസായങ്ങളില്‍നിന്നുളള സംരംഭകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ഒമ്പത് പൊതുമേഖലാ സ്ഥാപനങ്ങളും ബിടുബി മീറ്റില്‍ പങ്കെടുക്കും.