ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികള്‍ രൂപവത്കരിക്കാന്‍ പെരിന്തല്‍മണ്ണ നഗരസഭ

Posted on: January 26, 2016 10:17 am | Last updated: January 26, 2016 at 10:17 am

പെരിന്തല്‍മണ്ണ: പുതിയ സാമ്പത്തിക വര്‍ഷത്തില്‍ സുസ്ഥിര വികസനത്തിലൂന്നി ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികള്‍ രൂപവത്കരിക്കാന്‍ പെരിന്തല്‍മണ്ണ നഗരസഭ കര്‍മസമിതി പൊതുയോഗത്തില്‍ ധാരണയായി. ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് നഗരസഭ ചെയര്‍മാന്‍ എം മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അടിസ്ഥാനത്തില്‍ ഫണ്ട് വീതം വെക്കാതെ നഗരസഭയെ ഒറ്റ യൂനിറ്റായി കണക്കാക്കി എല്ലാ മേഖലകളിലേയും ആവശ്യങ്ങള്‍ സമഗ്രമായി പരിഗണിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ഉത്പാദന മേഖലയുടെ സ്ഥായിയായ വളര്‍ച്ചക്ക് പ്രോത്സാഹനം നല്‍കാന്‍ ഭക്ഷ്യവിളകള്‍, പാല്‍, മുട്ട, മത്സ്യം മാംസം എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കും. ഉത്പന്നങ്ങളുടെ ശേഖരണം സംസ്‌കരണം, വിപണനം എന്നിവക്ക് ആവശ്യമായ സഹായം ലഭ്യമാക്കും. പരിസ്ഥിതി, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിന് പദ്ധതികള്‍ നടപ്പാക്കും. മാലിന്യ പരിപാലനത്തിന് കര്‍മ പദ്ധതി രൂപവത്കരിച്ച് ആരോഗ്യ സേനയുടെ സഹായത്തോടെ സമ്പൂര്‍ണ ആരോഗ്യനഗരമാക്കി പെരിന്തല്‍മണ്ണയെ മാറ്റും. ഇതിനാവശ്യമായ തുക വകയിരുത്തും. വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം തുടങ്ങിയലക്ഷ്യങ്ങള്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ ആധുനിക വത്കരിക്കുന്നതിനും പദ്ധതി വിഭാവനം ചെയ്യും.
വൈസ് ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍ രാജ് അധ്യക്ഷത വഹിച്ചു.