Connect with us

International

അമേരിക്കയില്‍ കനത്ത മഞ്ഞുവീഴ്ച; ലക്ഷക്കണക്കിന് പേര്‍ ദുരിതത്തില്‍

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ജീവന് ഭീഷണിയാകുന്ന വിധത്തില്‍ കനത്ത മഞ്ഞുവീഴ്ച തുടരുന്നു. തലസ്ഥാനമായ വാഷിംഗ്ടണ്‍ ഉള്‍പ്പെടെ അമേരിക്കയുടെ മിക്കഭാഗങ്ങളിലും കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. റെക്കോര്‍ഡായ 30 ഇഞ്ച് കനത്തില്‍ വരെ മഞ്ഞ് പെയ്യുമെന്നാണ് കണക്കാക്കപ്പെടുന്നത്. അമേരിക്കയിലെ ലക്ഷക്കണക്കിന് പേര്‍ ഇതേ തുടര്‍ന്ന് ദുരിതത്തിലായി. ഏറ്റവും പുതിയ കണക്കനുസരിച്ച് 1,20,000ത്തോളം വീടുകളില്‍ വൈദ്യുതി ഇല്ലാതായിട്ടുണ്ട്. നോര്‍ത്ത് കരോലിന, ടെന്നസ്സി, മേരിലാന്‍ഡ്, വിര്‍ജീനിയ, ഫിലഡാല്‍ഫിയ, ന്യൂ ജേഴ്‌സി, ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ ഡി സി എന്നീ സംസ്ഥാനങ്ങളെയാണ് മഞ്ഞ് കനത്ത രീതിയില്‍ ബാധിച്ചിരിക്കുന്നത്.
ഇന്നലെയും വിവിധ ഭാഗങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. വാഷിംഗ്ടണ്‍ ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ 90 വര്‍ഷത്തിനിടെ ഉണ്ടാകാത്ത അത്രക്കും ശക്തമായ മഞ്ഞുവീഴ്ചയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. മരണ മുഖത്തേക്കാണ് പല പ്രദേശങ്ങളും നീങ്ങിക്കൊണ്ടിരിക്കുന്നത്. ഡിസ്ട്രിക്ട് നാഷനല്‍ ഗാര്‍ഡുകളെ ജനങ്ങളുടെ സേവനത്തിന് വേണ്ടി വിവിധ മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. നിരവധി ഭാഗങ്ങളില്‍ ശക്തമായ കാറ്റും അടിച്ചു വീശുന്നുണ്ട്. മഞ്ഞുവീഴ്ച കാരണം യാത്ര തടസ്സപ്പെട്ടിരിക്കുകയാണെന്ന് ദേശീയ കാലാവസ്ഥാ വിഭാഗം അറിയിച്ചു.
കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം, അടുത്ത 36 മണിക്കൂര്‍ ഇത്തരത്തില്‍ കനത്ത മഞ്ഞുവീഴ്ച തുടരുമെന്നാണ്. ചില സ്ഥലങ്ങളില്‍ രണ്ടടിയിലധികം മഞ്ഞ് വീഴ്ചയുണ്ടാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിര്‍ജീനയ സംസ്ഥാനത്ത് 800ലധികം വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തണുത്തുറഞ്ഞ കാലാവസ്ഥയായതിനാല്‍ ജനങ്ങളാരും പുറത്തിറങ്ങാതെ വീടിനുള്ളില്‍ തന്നെ കഴിയുകയാണ്. പ്രധാന റോഡുകളില്‍ നിന്ന് മഞ്ഞ് നീക്കം ചെയ്യാനായി പ്രാദേശിക സര്‍ക്കാറുകള്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. മുന്‍കരുതലിന്റെ ഭാഗമായി ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. അതുപോലെ പൊതുവാഹന സംവിധാനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്.

Latest