എല്ലാ കേസുകളിലും വേണം ഈ ജാഗ്രത

Posted on: January 22, 2016 6:00 am | Last updated: January 21, 2016 at 11:37 pm
SHARE

SIRAJ.......തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് കാറിടിച്ചു മരിക്കാനിടയായ കേസില്‍ പ്രതി മുഹമ്മദ് നിസാമിന് കോടതി ജീവപര്യന്തവും 24 വര്‍ഷത്തെ തടവും വിധിച്ചിരിക്കുകയാണ്. കൂടാതെ 71,30,000 രൂപ പിഴയടക്കാനും ഇതില്‍ 50 ലക്ഷം ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കാനും ഉത്തരവുണ്ട്. കള്ളസാക്ഷി പറഞ്ഞതിന് നിസാമിന്റെ ഭാര്യ അമലിനെതിരെ കേസ് എടുക്കുകയും ചെയ്യും.
കഴിഞ്ഞ ജനുവരി 29നായിരുന്നു സംഭവം. അന്ന് പുലര്‍ച്ചെ ശോഭാ സിറ്റിയിലെത്തിയ നിസാം, ഗേറ്റ് തുറന്നുകൊടുക്കാന്‍ വൈകിയതിന്, ചന്ദ്രബോസിനെ ക്രൂരമായി മര്‍ദിക്കുകയും തുടര്‍ന്ന് തന്റെ ഹമ്മര്‍ ജീപ്പ് അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് ഓടിച്ചുകയറ്റുകയും ചെയ്തുവെന്നാണ് കേസ്. മാരകമായി പരുക്കേറ്റ ചന്ദ്രബോസ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. എന്നാല്‍ ചന്ദ്രബോസിനെ നിസാം ആക്രമിക്കുകയായിരുന്നില്ല; സെക്യൂരിറ്റി ബാറ്റണ്‍ ഉപയോഗിച്ച് ചന്ദ്രബോസ് നിസാമിനെ ആക്രമിക്കുകയാണുണ്ടായതെന്നും പൊലീസ് ഉദ്യോഗസ്ഥരും മാധ്യമങ്ങളും ചേര്‍ന്നു നിസാമിനെ കുറ്റക്കാരനാക്കുകയായിരുന്നുവെന്നുമാണ് പ്രതിഭാഗം പറയുന്നത്. വാഹനാപകടം യാദൃച്ഛികമാണ്. മരണകാരണം ചികിത്സാ പിഴവാണെന്നും അവര്‍ വാദിക്കുകയുണ്ടായി. ഇത് നിരാകരിച്ച തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതി കൊലപാതകമുള്‍പ്പെടെ പ്രതിയുടെ മേല്‍ ആരോപിക്കപ്പെട്ട ഏഴ് കുറ്റങ്ങളും തെളിഞ്ഞതായി വിധിന്യായത്തില്‍ പറയുന്നു.
സംഭവം കഴിഞ്ഞു ഒരു വര്‍ഷം തികയാന്‍ ഒമ്പത് ദിവസം ബാക്കിയായിരിക്കെയാണ് കോടതി വിധിപ്രസ്താവം നടത്തിയത്. ഒരു സാധാരണ കോടതി ഇത്ര വേഗത്തില്‍ വാദം കേട്ടും വിചാരണ പൂര്‍ത്തിയാക്കിയും വിധി പറയുന്നത് അസാധാരണമാണ്. പല കേസുകളിലെയും നിയമ നടപടികള്‍ കൊല്ലങ്ങള്‍ പിന്നിട്ടിട്ടും ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കെയാണ് 22 പ്രോസിക്യൂഷന്‍ സാക്ഷികളെയും പ്രതിഭാഗത്തെ നാല് സാക്ഷികളെയും വിസ്തരിച്ചും 79 ദിവസത്തെ വിചാരണ നടത്തിയും അന്തിമ തീര്‍പ്പ് കല്‍പ്പിച്ചതെന്നത് ശ്രദ്ധേയമാണ്. അതിനിടെ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിചാരണ സ്റ്റേ ചെയ്യണമെന്നും കേസ് നടത്തിപ്പിന്റെ കാലാവധി മൂന്ന് മാസം കൂടി നീട്ടണമെന്നും ആവശ്യപ്പെട്ട് രണ്ടാഴ്ച മുമ്പ് നിസാം സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. കോടതി അത് നിരസിക്കുക മാത്രമല്ല, സാധാരണക്കാരന്റെ ജീവിതത്തിന് വിലകല്‍പ്പിക്കാത്തയാളാണ് നിസാമെന്നും അയാളുടെ താന്‍പോരിമയും ധാര്‍ഷ്ട്യവും അംഗീകരിക്കാനാകില്ലെന്നും അഭിപ്രായപ്പെടുകയുമുണ്ടായി.
കേസിന്റെ പ്രാധാന്യവും പ്രതിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടെന്ന ആരോപണവും കണക്കിലെടുത്ത് കേസന്വേഷണവും പരിശോധനാ ഫലങ്ങളും കുറ്റമറ്റതാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. കേസന്വേഷണവുമായി ബന്ധപ്പെട്ട് നിസാമിനെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയപ്പോള്‍ ആഡംബര കാര്‍ ഉപയോഗിച്ചതും ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചക്ക് തൃശൂരിലെ ഹോട്ടലില്‍ അവസരമൊരുക്കിയതും വിവാദമായിരുന്നു. തെളിവുകളിലും അന്വേഷണത്തിലും അപര്യാപ്തതയുണ്ടെന്ന് കോടതി വിലയിരുത്താനിടയായാല്‍ മേല്‍ ആരോപണം സാധൂകരിക്കപ്പെടുകയും ആഭ്യന്തര വകുപ്പിന് അത് കളങ്കം വരുത്തുകയും ചെയ്യും. ഇതിനിടവരുത്താതിരിക്കാനാണ് സൂക്ഷ്മമായ അന്വേഷണം നടത്തണമെന്നും ഫോറന്‍സിക് വിഭാഗം, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയവയില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ ശേഖരിച്ചു പഴുതടച്ച് കുറ്റപത്രം തയ്യാറാക്കണമെന്നും ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയത്. ഫോറന്‍സിക് വിഭാഗം പരിശോധനാ ഫലങ്ങള്‍ കോടതിയില്‍ നേരിട്ട് സമര്‍പ്പിക്കുകയാണുണ്ടായത്. കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാത്രമാണ് പോലീസിന് നല്‍കിയത്.
അന്വേഷണ ഉദ്യോഗസ്ഥരും നീതിന്യായ വ്യവസ്ഥയും ജാഗ്രത കാണിക്കുകയും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അന്വേഷണം പരമാവധി കുറ്റമറ്റതാക്കാനും കോടതി നടപടികള്‍ വേഗത്തില്‍ തീര്‍ക്കാനും സാധിക്കുമെന്ന് ബോധ്യപ്പെടുത്തുന്നുണ്ട് ചന്ദ്രബോസ് കേസ് അന്വേഷണവും നിയമ നടപടികളും. ടി പി ചന്ദ്രശേഖരന്‍ വധക്കേസ്, സൗമ്യ വധക്കേസ്, ഡല്‍ഹി കൂട്ടബലാത്സംഗക്കേസ് തുടങ്ങി ചുരുക്കം ചില കേസുകളാണ് സമീപ കാലത്ത് ഈ വിധം കൈകാര്യം ചെയ്യപ്പെട്ടത്. രാജ്യത്ത് വിവിധ കോടതികളിലായി രണ്ടര കോടിയോളം കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ വ്യക്തമാക്കിയത്. ജില്ലാ കോടതികളില്‍ രണ്ട് കോടിയോളവും ഹൈക്കോടതികളില്‍ 40 ലക്ഷത്തോളവും സുപ്രീം കോടതിയില്‍ എഴുപതിനായിരവും കേസുകള്‍ തീര്‍പ്പാക്കാനുണ്ട്. ഇവയില്‍ പലതും ദശവര്‍ഷങ്ങളുടെ കാലപ്പഴക്കമുള്ളതാണ്. ഇതിന്റെ പേരില്‍ അനാവശ്യമായ തടവുള്‍പ്പെടെ നീതി നിഷേധത്തിനും മനുഷ്യാവകാശ ലംഘനത്തിനും ഇരയാകുന്നവര്‍ നിരവധിയാണ്. നിയമ സംവിധാനങ്ങള്‍ മേല്‍ കേസുകളില്‍ കാണിച്ച ജാഗ്രത കാണിച്ചിരുന്നെങ്കില്‍ ഇത്രയും കേസുകള്‍ കെട്ടിക്കിടക്കുമായിരുന്നോ? ഇവ തീര്‍പ്പാക്കാനുള്ള തടസ്സങ്ങളെന്തെന്ന് കണ്ടെത്തി അവ പരിഹരിക്കാനുള്ള ബാധ്യത നിയമ മേഖലക്കും ഭരണകൂടത്തിനുമുണ്ട്. ജനശ്രദ്ധയാകര്‍ഷിച്ച കേസുകളില്‍ വേഗത്തില്‍ തീര്‍പ്പ്, മറ്റുള്ളവയില്‍ ഉഴപ്പ് എന്ന നയം നീതീകരിക്കാവതല്ല. നീതിവിളംബം നീതിനിഷേധമാണെന്ന തത്വം എല്ലാ കേസുകള്‍ക്കും ബാധകമാണ്.