ഇസിലിന്റെ ബേങ്ക് യു എസ് തകര്‍ത്തു

Posted on: January 21, 2016 10:03 am | Last updated: January 21, 2016 at 10:03 am
SHARE

is bankബഗ്ദാദ്: ഇറാഖിലെ മൊസൂളിലുള്ള ഇസിലിന്റെ ബേങ്ക് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. ഏകദേശം 45 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ സംഭരിച്ചുവെച്ചിരുന്ന ബേങ്കാണ് തകര്‍ത്തത്. ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ഇസിലിന്റെ ബേങ്കിനെ ലക്ഷ്യമിട്ട് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചത്. കഴിഞ്ഞ രാത്രി തങ്ങളുടെ യുദ്ധ വിമാനങ്ങള്‍ ബേങ്ക് നശിപ്പിച്ചതായി അമേരിക്കയുടെ മുതിര്‍ന്ന പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥന്‍ ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. ഇക്കഴിഞ്ഞ പത്തിന് ഇസില്‍ പണം സൂക്ഷിച്ചുവെച്ചിരുന്നുവെന്ന് കരുതുന്ന മറ്റൊരു കേന്ദ്രം അമേരിക്ക ആക്രമിച്ച് നശിപ്പിച്ചിരുന്നു. മധ്യ മൊസൂളിലെ ഈ കേന്ദ്രം 2000 പൗണ്ട് തൂക്കം വരുന്ന രണ്ട് ബോംബുകള്‍ വര്‍ഷിച്ചാണ് തകര്‍ത്തത്. ഈ കെട്ടിടത്തില്‍ ഏകദേശം 90 ദശലക്ഷം അമേരിക്കന്‍ ഡോളറുണ്ടായിരുന്നുവെന്നാണ് കണക്കാക്കുന്നത്. ചൊവ്വാഴ്ച തകര്‍ത്ത ബേങ്കില്‍ 45 ദശലക്ഷം അമേരിക്കന്‍ ഡോളറും ഇറാഖി ദിനാറുമുണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പണ സൂക്ഷിപ്പ് കേന്ദ്രങ്ങള്‍ നശിപ്പിക്കപ്പെട്ടത് ഇസിലിന് കനത്ത പ്രഹരമായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ബേങ്കുകള്‍ തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് തങ്ങളുടെ പോരാളികള്‍ക്കും സിവില്‍ ജീവനക്കാര്‍ക്കുമുള്ള ശമ്പളം ഇസില്‍ വന്‍തോതില്‍ വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here