പ്രമേഹ രോഗികള്‍ക്കുള്ള പായസവും ജയില്‍ ചപ്പാത്തിയും ഇത്തവണ സ്‌പെഷ്യല്‍

Posted on: January 20, 2016 12:17 am | Last updated: January 20, 2016 at 8:36 am
SHARE
abdu rub @ oottu pura
ഊട്ടുപുരയില്‍ വിദ്യാഭ്യാസമന്ത്രി അബ്ദുര്‍റബ്ബ്് ഊണ് കഴിക്കാനെത്തിയപ്പോള്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ ഊട്ടുപുര സജീവം. ജയില്‍ ചപ്പാത്തിയും പ്രമേഹ രോഗികള്‍ക്ക് മാത്രം കഴിക്കാനുള്ള പായസവുമാണ് ഇത്തവണ ഊട്ടുപുരയെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി ഭക്ഷണപ്പന്തലില്‍ പുതിയ ഇടം സൃഷ്ടിക്കണമെന്നുള്ള പഴയിടം മോഹനന്‍ നമ്പൂതിരിയുടെ താത്പര്യത്തിന്റെ ഫലമായാണ് പ്രമേഹ രോഗികളെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള പായസം തയ്യാറാക്കുന്നത്. ഇത് ഏത് ദിവസം തയ്യാറാക്കി നല്‍കണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് പഴയിടം പറഞ്ഞു. ഇത് കൂടാതെ ഭക്ഷണപ്പന്തലില്‍ എത്തുന്ന മറ്റൊരു വ്യത്യസ്തമായ ഇനം ജയില്‍ ചപ്പാത്തിയാണ്. ഇതാദ്യമായാണ് ജയില്‍ ചപ്പാത്തി സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണപ്പന്തലില്‍ പ്രഭാത ഭക്ഷണമായി നല്‍കുന്നത്. 20,000 ജയില്‍ ചപ്പാത്തിക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
രുചിയുടെ വൈവിധ്യമൊരുക്കി ഊട്ടുപുരയെ ശ്രദ്ധാകേന്ദ്രമാക്കണമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരിക്ക് ആഗ്രഹമുണ്ട്. എന്നാല്‍, മതിയായ ഫണ്ടിന്റെ അഭാവം മൂലം അതിന് സാധിക്കാത്ത അവസ്ഥയാണുള്ളതെന്ന് പഴയിടം പറഞ്ഞു. 25 ലക്ഷം രൂപയാണ് ഭക്ഷണച്ചെലവിലേക്ക് സര്‍ക്കാര്‍ അനുവദിക്കുന്നത്. ഇത് അപര്യാപ്തമാണ്. അമ്പലപ്പുഴ പാല്‍ പായസം നല്‍കി കലോത്സവത്തിന്റെ ആദ്യദിനത്തില്‍ ഉച്ചഭക്ഷണത്തിന് സ്വാദു പകരാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇദ്ദേഹം.
തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന പച്ചക്കറികളാണ് ഊട്ടുപുരയില്‍ ഉപയോഗിക്കുന്നത്. വിഷ രഹിത പച്ചക്കറികളുടെ ഉപയോഗത്തിലൂടെ കറി വിഭവങ്ങള്‍ വിഷ വിമുക്തമാക്കാന്‍ നിലവിലുള്ള സാഹചര്യത്തില്‍ അസാധ്യമായിരിക്കുകയാണെന്ന് പഴയിടം പറയുന്നു. ഊട്ടുപുരയിലെ പച്ചക്കറികള്‍ വിഷ രഹിതമാക്കുന്നതിന് ആദ്യം നല്ല രീതിയില്‍ കഴുകും. പിന്നീട് ഉപ്പ് വെള്ളത്തില്‍ ഇട്ട് വെച്ച് അഞ്ച് മിനുട്ട് കഴിഞ്ഞതിന് ശേഷമാണ് കഴുകി പാചകത്തിന് ഉപയോഗിക്കുന്നത്. പാചകം ചെയ്യുമ്പോള്‍ നല്ല തോതില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് പൂര്‍ണമായും വിഷമുക്തമാക്കുകയാണ് ചെയ്യുന്നത്.
5000 ലിറ്റര്‍ സംഭരണശേഷിയുള്ള നാലും 8000 ലിറ്റര്‍ ശേഷിയുള്ള രണ്ടും ഉള്‍പ്പെടെ ഏഴോളം കൂറ്റന്‍ ടാങ്കുകളാണ് ഊട്ടുപുരക്ക് സമീപം തയ്യാറാക്കിയിട്ടുള്ളത്. വാട്ടര്‍ അതോറിറ്റിയുമായി സഹകരിച്ചാണ് കുടിവെള്ളമെത്തിക്കുക. 5000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഊട്ടുപുര ഒരുക്കിയിരിക്കുന്നത്. 3000 പേര്‍ക്ക് ഒരേസമയം ഭക്ഷണം വിളമ്പാന്‍ കഴിയുന്ന തരത്തില്‍ പത്തോളം കൗണ്ടറുകളുണ്ട്. ദിവസം മൂന്ന് നേരവും കൂടി 25000 പേര്‍ ഭക്ഷണം കഴിക്കാനത്തെുമെന്നാണ് പ്രതീക്ഷ. 9000വരെ പേര്‍ക്ക് ഉച്ചയൂണ് ഒരുക്കുന്നുണ്ട്.
ഇടിയപ്പം, പൂരിമസാല, ഉപ്പുമാവ് പഴം, ഇഡ്ഡലി സാമ്പാര്‍, പുട്ട് കടല, ഉപ്പുമാവ്, ചെറുപയര്‍ എന്നിവയാണ് പ്രഭാത ഭക്ഷണത്തില്‍ വിളമ്പുക. ഉച്ചക്ക് സാമ്പാര്‍, അവിയല്‍, കിച്ചടി, തോരന്‍ തുടങ്ങിയ വിഭവങ്ങള്‍ അടങ്ങിയ സദ്യയും പായസവും. പാല്‍പ്പായസം, ഉണക്കലരി പായസം, ഗോതമ്പ് പായസം, ചെറുപയര്‍ പായസം, വെജിറ്റബിള്‍ പായസം, നെയ്പ്പായസം തുടങ്ങിയവയാണ് ദിവസവും മധുരം പകരുക.
കലോത്സവവേദികളിലേക്ക് ഒഴുകിയെത്തുന്ന ആയിരങ്ങള്‍ക്ക് പഴയിടം മോഹനന്‍ നമ്പൂതിരി ഭക്ഷണം വെച്ച് വിളമ്പാന്‍ തുടങ്ങിയിട്ട് 10 വര്‍ഷമായി. ഇത് പതിനൊന്നാമത്തെ വര്‍ഷമാണ് സ്‌കൂള്‍ കലോത്സവത്തിന് ഭക്ഷണം തയ്യാറാക്കുന്നത്. 90 ഓളം പേരടങ്ങിയ സംഘമാണ് നമ്പൂതിരിയെ പാചകത്തിന് സഹായിക്കുന്നത്. തൈക്കാട് പോലീസ് മൈതാനിയിലാണ് ഊട്ടുപുര ഒരുക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here