Connect with us

Gulf

പ്രകീര്‍ത്തന മധുരിമയില്‍ ബുര്‍ദ അവാര്‍ഡ് സമര്‍പ്പണം

Published

|

Last Updated

അബുദാബിയില്‍ സാംസ്‌കാരിക യുവജന ക്ഷേമ മന്ത്രാലയത്തിന് കീഴില്‍ നടന്ന
ബുര്‍ദാ പരിപാടിയില്‍ നിന്ന്‌

അബുദാബി: യു എ ഇ സാംസ്‌കാരിക യുവജന ക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള 13-ാമത് ബുര്‍ദ അവാര്‍ഡ് സമര്‍പ്പണ വേദി പ്രവാചക പ്രകീര്‍ത്തനങ്ങളുടെ മധുരിമയില്‍ ശ്രദ്ധേയമായി. ഇന്നലെ വൈകുന്നേരം അബുദാബി നാഷനല്‍ തിയേറ്ററിലാണ് പ്രൗഢമായ ചടങ്ങുകള്‍ നടന്നത്. സാംസ്‌കാരിക യുവജന ക്ഷേമ വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ പരിപാടികളില്‍ സംബന്ധിച്ചു.
ലുത്ഫി ബുശ്‌നാ (തുനീഷ്യ), മുഹമ്മദ് അസാഫ് (ഫലസ്തീന്‍), അഹ്മദ് അല്‍ ജശ്മി, മഹമൂദ് അല്‍ അലി (യു എ ഇ), മസൂദ് ക്രിറ്റ്‌സ് (മാഡിഡോണിയ) എന്നിവരുടെ നേതൃത്വത്തിലുള്ള ആലാപന സംഘങ്ങള്‍ വ്യത്യസ്ത ഈണങ്ങളില്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ ആലപിച്ചു. ബുര്‍ദ കാവ്യത്തിലെ ഭാഗങ്ങള്‍ ഉള്‍പെടുന്നവയായിരുന്നു ആലാപനങ്ങള്‍.
കഴിഞ്ഞ വര്‍ഷങ്ങളില്‍ അവാര്‍ഡിനര്‍ഹമായ രചനകളുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു. അന്താരാഷ്ട്ര പ്രശസ്തരായ കലാകാരന്മാരുടെ അതിമനോഹരമായ കാലിഗ്രാഫിയില്‍ പ്രത്യേകം അലങ്കരിക്കപ്പെട്ടവയായിരുന്നു ഇവ.
ബുര്‍ദ അവാര്‍ഡിന് അറബ് ഇസ്‌ലാമിക് മേഖലയില്‍ നിന്ന് വര്‍ധിച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് ശൈഖ് നഹ്‌യാന്‍ വ്യക്തമാക്കി. ബുര്‍ദ അവാര്‍ഡ് വൈവിധ്യവത്കരിക്കുകയും ഏറ്റവും വലിയ സാംസ്‌കാരിക പരിപാടിയായി ഉയര്‍ത്തുകയുമാണ് ലക്ഷ്യം. പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ ജന്മ മാസത്തിലുള്ള പരിപാടി വലിയ പ്രകീര്‍ത്തന വേദിയാണെന്നും അദ്ദേഹം പറഞ്ഞു.

Latest