മൊബൈല്‍ പെട്രോള്‍ സ്റ്റേഷനുകളുമായി വഖൂദ്‌

Posted on: January 14, 2016 6:50 pm | Last updated: January 14, 2016 at 6:50 pm
SHARE

ദോഹ: പെട്രോള്‍ സ്റ്റേഷനുകളുടെ മുമ്പിലെ വാഹനങ്ങളുടെ നീണ്ട നിരയില്ലാതാക്കാന്‍ മൊബൈല്‍ പെട്രോള്‍ സ്റ്റേഷനുകളുമായി വഖൂദ്. ഇതിനായി 25 മൊബൈല്‍ പെട്രോള്‍ സ്റ്റേഷനുകള്‍ വഖൂദ് ഇറക്കുമതി ചെയ്തിട്ടുണ്ട്. ചിലയിടങ്ങളില്‍ അത് സ്ഥാപിച്ചിട്ടുണ്ട്.
നിര്‍മാണപ്രവൃത്തികള്‍ക്ക് അടച്ചിട്ടതോ മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പൊളിച്ചതോ ആയ സ്റ്റേഷനുകള്‍ക്ക് സമീപത്താണ് മൊബൈല്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുക. അല്‍ മുന്‍തസ, ഖത്വര്‍ യൂനിവേഴ്‌സിറ്റിക്ക് സമീപം, അല്‍ സദ്ദ് എന്നിവിടങ്ങളില്‍ ഉടനെ മൊബൈല്‍ പെട്രോള്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും. അല്‍ വുകൈര്‍, മിസഈദ്- അല്‍ ഖറാറ റോഡ് എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. അല്‍ വക്‌റയിലും അല്‍ വുകൈറിലും ഈയടുത്ത് പെട്രോള്‍ സ്റ്റേഷനുകള്‍ അടച്ചിട്ടിരുന്നു. ഡി റിംഗ് റോഡിലെ ഫാല്‍ക്കണ്‍ പെട്രോള്‍ സ്റ്റേഷനും അടച്ചിരുന്നു. ഇതുകാരണം നുഐജയും നജ്മ ട്രാഫിക് ഇന്റര്‍സെക്ഷനുകളും യോജിക്കുന്ന റോഡില്‍ പെട്രോള്‍ സ്റ്റേഷന് വഖൂദിന് സമ്മര്‍ദമുണ്ട്.
മൊബൈല്‍ സ്റ്റേഷനുകള്‍ സ്ഥാപിച്ചതോടെ നിരവധി പെട്രോള്‍ സ്റ്റേഷനുകള്‍ക്ക് മുമ്പില്‍ റോഡിലേക്ക് വരെ നീണ്ടുനിന്ന വാഹനങ്ങളുടെ നിര അപ്രത്യക്ഷമായിട്ടുണ്ട്. പെട്രോള്‍ സ്റ്റേഷനുകള്‍ ഇല്ലാത്തയിടങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്താന്‍ പൊതുജനങ്ങളോട് വഖൂദ് അഭ്യര്‍ഥിച്ചിട്ടുണ്ട്.