വിദേശികള്‍ക്ക് മികച്ച ജീവിത സൗകര്യം ഖത്വര്‍ ഉറപ്പു വരുത്തുമെന്ന് തൊഴില്‍ മന്ത്രി

Posted on: January 14, 2016 6:41 pm | Last updated: January 14, 2016 at 6:41 pm
SHARE
ഡോ. അബ്ദുല്ല ബിന്‍ സാലിഹ് അല്‍ ഖുലൈഫി
ഡോ. അബ്ദുല്ല ബിന്‍ സാലിഹ് അല്‍ ഖുലൈഫി

ദോഹ: രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികള്‍ക് സുരക്ഷിതമായ ജീവിത സാഹചര്യവും തൊഴിലും ഉറപ്പു വരുത്തുന്നതിന് ഖത്വര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് തൊഴില്‍, സാമൂഹികക്ഷേമ മന്ത്രി. ഇത് രാജ്യത്തിന്റെ പ്രതിബദ്ധതയായി കാണുന്നു. ഈ രംഗത്ത് നിര്‍ണായക ചുവടുവെപ്പുകള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും ഡോ. അബ്ദുല്ല ബിന്‍ സാലിഹ് അല്‍ ഖുലൈഫി പറഞ്ഞു. ഖത്വര്‍ യൂനിവേഴ്‌സിറ്റി സോഷ്യല്‍ ആന്‍ഡ് എകണോമിക് സര്‍വേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഖത്വറില്‍ വിദേശ തൊഴിലാളികള്‍ക്ക് നല്‍കുന്ന ക്ഷേമ സൂചിക സംബന്ധിച്ചാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.
ഖത്വര്‍ ദേശീയ ദര്‍ശനം 2030ന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ തൊഴില്‍ രംഗത്ത് പരിഷ്‌കരണങ്ങളും മെച്ചപ്പെട്ട സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നത്. തൊഴില്‍, സാമൂഹികക്ഷേമ മന്ത്രാലയം ഈ ലക്ഷ്യം നേടിയെടുക്കുന്നതിനു വേണ്ടി പ്രവര്‍ത്തിച്ചു വരുന്നു. തൊഴിലാളികള്‍ക്ക് മികച്ച തൊഴില്‍, ജീവിത അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് ദേശീയ ദര്‍ശന രേഖ അഭിപ്രായപ്പെടുന്നത്. ഈ ലക്ഷ്യം നേടിയെടുക്കുന്നതിനായി മന്ത്രാലയം ജാഗ്രതയോടെ പ്രവര്‍ത്തിച്ചു വരുന്നു.
തൊഴില്‍ അവകാശങ്ങളും സൗകര്യങ്ങളും ഉറപ്പു വരുത്തുന്നതിനായി നിയമനിര്‍മാണങ്ങള്‍ നടത്തി. ഇതില്‍ തൊഴിലാളിയുടെയും തൊഴിലുമടയുടെയും ചുമതലകളും അവകാശങ്ങളും വിശദീകരിച്ചിട്ടുണ്ട്. തൊഴില്‍ സ്ഥലത്തെ സുരക്ഷയും ആരോഗ്യ പരിരക്ഷയും ഉറപ്പു വരുത്തുന്നതാണ് മാര്‍ഗനിര്‍ദേശങ്ങള്‍. പരാതികളും ഹരജികളും സമര്‍പ്പിക്കുന്നതിനും അവ പഹരിക്കുന്നതിനുമെല്ലാം നിയമത്തില്‍ നിര്‍ദേശങ്ങളുണ്ട്. വിദേശ തൊഴിലാളികളുടെ ജീവിത, തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുന്നതിന് മന്ത്രാലയം വിവിധ വഴികള്‍ ആലോചിക്കുന്നുണ്ട്. മികച്ച താമസ സൗകര്യം, ആരോഗ്യസുരക്ഷ, വേനല്‍ക്കാലത്തെ ജോലി സമയക്കുറവ് എന്നിവയിലൂടെയാണ് തൊഴിലാളികളുടെ തൊഴില്‍ സാഹചര്യം മെച്ചപ്പടുത്തുന്നത്.
തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി കൊണ്ടു വന്ന നിയമങ്ങളും നിബന്ധനകളും പാലിക്കുന്നത് ഉറപ്പു വരുത്തുന്നതിനായി പരിശോധനകള്‍ വ്യാപകമാക്കിയിട്ടുണ്ട്. നേരത്തേയുണ്ടായിരുന്ന 150 പരിശോധകര്‍ ഇപ്പോള്‍ സ്ത്രീകളുള്‍പ്പെടെ 350 ആക്കി ഉയര്‍ത്തി. 35 രാജ്യങ്ങളുമായി തൊഴിലാളികളെ കൊണ്ടുവരുന്നതുമായി കരാറുണ്ടാക്കിയിട്ടുണ്ട്. ഇടനിലക്കാരുടെ ഇടപെടല്‍ കുറക്കുന്ന രീതിയിലാണ് കരാറുകള്‍. രാജ്യത്തെ സ്‌പോണ്‍സര്‍ഷിപ്പ് നിയമം ഇല്ലാതാക്കിക്കൊണ്ടുള്ള പുതിയ തൊഴില്‍ നിയമം വിദേശികള്‍ക്ക് രാജ്യത്തേക്കു വരുന്നതിനും പുറത്തു പോകുന്നതിനും കൂടുതല്‍ സ്വാതന്ത്ര്യവും അവസരവും സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.