അപൂര്‍വിക്ക് ലോകറെക്കോര്‍ഡ്‌

Posted on: January 7, 2016 5:37 am | Last updated: January 7, 2016 at 12:38 am

17Apurvi-Chandela-1ന്യൂഡല്‍ഹി: ഇന്ത്യയുടെ വനിതാ ഷൂട്ടിംഗ് താരം ലോക റെക്കോര്‍ഡോടെ സ്വീഡിഷ് കപ്പ് ഗ്രാന്‍ഡ് പ്രീയില്‍ സ്വര്‍ണമണിഞ്ഞു. പത്ത് മീറ്റര്‍ എയര്‍ റൈഫിളിലാണ് അപുര്‍വി ചന്ദേല 211.2 പോയിന്റോടെ ലോകറെക്കോര്‍ഡ് സ്വന്തമാക്കിയത്. ചൈനയുടെ ഒളിമ്പിക് ചാമ്പ്യന്‍ യി സിലിംഗിന്റെ 211 പോയിന്റിന്റെ ലോക റെക്കോര്‍ഡാണ് ഇന്ത്യക്കാരി വെടിവെച്ചിട്ടത്.
സ്വീഡിഷ് ഷൂട്ടര്‍മാരായ ആസ്ട്രിഡ് സ്റ്റെഫെന്‍സെന്‍ (207.6), സ്റ്റൈന്‍ നില്‍സെന്‍ (185.0) എന്നിവര്‍ യഥാക്രമം വെള്ളിയും വെങ്കലവും കരസ്ഥമാക്കി.
റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടുവാനുള്ള ആത്മവിശ്വാസമാണ് സ്വീഡനില്‍ നിന്ന് ലഭിച്ചതെന്ന് അപുര്‍വി ചന്ദേല പ്രതികരിച്ചു. കഴിഞ്ഞ മാസം അവസാനിച്ച ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിരുന്നു അപുര്‍വി.
കഴിഞ്ഞ വര്‍ഷം കൊറിയയില്‍ നടന്ന ഐ എസ് എസ് എഫ് ലോക കപ്പില്‍ വെങ്കല മെഡല്‍ ജേതാവായിക്കൊണ്ടാണ് രാജസ്ഥാന്‍ താരം റിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയത്.