ഹോട്ടല്‍ ജീവനക്കാരിക്ക് മര്‍ദനം: ആറ് മാസം ജയില്‍ ശിക്ഷ

Posted on: January 1, 2016 7:24 pm | Last updated: January 1, 2016 at 7:24 pm

ദോഹ: ഹോട്ടലിലെ വനിതാ ജീവനക്കാരിയെ മര്‍ദിച്ച് പരുക്കേല്‍പ്പിച്ചതിന് അറബ് വംശജന് ആറ് മാസം ജയില്‍ശിക്ഷ വിധിച്ചു. 5000 ഖത്വര്‍ റിയാല്‍ പിഴയും വിധിച്ചിട്ടുണ്ട്. കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സിന്റെ വിധി അപ്പീല്‍ കോടതി ശരിവെക്കുകയായിരുന്നു.
ലാറ്റിന്‍ അമേരിക്കന്‍ വംശജയായ ജീവനക്കാരിയുടെ വിശ്രമമുറിയിലേക്ക് കടന്നുവന്നാണ് ഇയാള്‍ ആക്രമിച്ചത്. ജീവനക്കാരിക്ക് മുഖത്തും തലയിലും പരുക്കേറ്റു. ഇയാള്‍ മദ്യപിച്ച നിലയിലായിരുന്നു. താന്‍ അബോധാവസ്ഥയിലാണ് ഇത് ചെയ്തതെന്നും അത്തരമൊരു സംഭവം ഓര്‍ക്കാന്‍ സാധിക്കുന്നില്ലെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഇയാള്‍ക്ക് ജയില്‍ശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ നാടുകടത്താനും കോടതി ഉത്തരവിട്ടു.