നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

Posted on: December 31, 2015 11:13 am | Last updated: December 31, 2015 at 11:13 am

കോഴിക്കോട്: നഗരത്തില്‍ വന്‍ കഞ്ചാവുവേട്ട. തമിഴ്‌നാട് തേനി സ്വദേശി മന്‍മദന്‍ ചിന്നസാമി എന്നയാളെ പോലിസ് അറസ്റ്റുചെയ്തു. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.
കഞ്ചാവ് ചില്ലറ വില്‍പ്പനക്കാര്‍ക്കായി തമിഴ്‌നാട് തേനിയില്‍ നിന്ന് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന അന്തര്‍ സംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് അധികൃതര്‍ പറഞ്ഞു. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെ പ്രമുഖ നഗരങ്ങളിലെ കഞ്ചാവ് വില്‍പ്പന നടത്തുന്ന ഏജന്റുമാര്‍ക്ക് കഞ്ചാവ് മൊത്തമായും ചില്ലറയായും എത്തിച്ച് കൊടുക്കുന്ന അന്തര്‍ സംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാന കണ്ണിയുമാണ്. ഇയാളില്‍ നിന്ന് നാല് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി പി ദിവാകരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. കഞ്ചാവിന്റെ കൂടുതല്‍ ഉറവിടത്തെകുറിച്ച് അന്വേഷണം ആരംഭിച്ചു. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി പി അബ്ദുല്‍ ഇലാഹ് പ്രിവന്റീവ് ഓഫീസര്‍മാരായ ടി രമേഷ്, പി മനോജ് കൂടാതെ എക്‌സൈസ് ഓഫീസര്‍മാരും സ്‌പെഷ്യല്‍ സ്‌ക്വാഡിലുണ്ട്.