Connect with us

National

ഐ എസ് ഐ ചോര്‍ത്തിയത് നാവിക ആസ്ഥാനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ചാരപ്രവര്‍ത്തനം നടത്തിയതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനും മലയാളിയുമായ കെ കെ രഞ്ജിത്തില്‍ നിന്ന് ഐ എസ് ഐ ചോര്‍ത്തിയത് വ്യോമസേനാ കേന്ദ്രങ്ങളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍. ലഭ്യമായ സൂചനകള്‍ പ്രകാരം, ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ധാമിനി മക്‌നോട്ട് രഞ്ജിത്തിന് ഗൂഗിള്‍ ഉപഗ്രഹ ചിത്രം അയച്ചുകൊടുക്കുകയും അതില്‍ വ്യോമസേനാ താവളങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അടയാളപ്പെടുത്തി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
വ്യോമതാവളവും മറ്റ് സുരക്ഷാ പ്രാധാന്യമുള്ള കെട്ടിടങ്ങളും കൃത്യമായി ദൃശ്യമാകുന്ന ഉയരമടക്കം രഞ്ജിത്ത് ഇത് പ്രകാരം ധാമിനി നല്‍കിയ മാപ്പില്‍ അടയാളപ്പെടുത്തി കൊടുത്തിട്ടുണ്ട്. രഞ്ജിത്തിന് നല്‍കിയ മറ്റൊരു മാപ്പില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍, വ്യോമതാവളങ്ങള്‍, യുദ്ധവിമാനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്ന സ്ഥലങ്ങള്‍ എന്നിവ രേഖപ്പെടുത്തി നല്‍കാനാണ് ആവശ്യപ്പെട്ടത്. എല്ലാ യുദ്ധവിമാനങ്ങളും ടേക്ക്ഓഫ് ചെയ്യുന്ന റണ്‍വേയുടെ നീളവും വീതിയും നല്‍കാനും ധാമിനി ആവശ്യപ്പെട്ടിരുന്നു. അതേസമയം, എന്തെങ്കിലും രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിനല്‍കാന്‍ ഒരിക്കലും ഐ എസ് ഐ സംഘം രഞ്ജിത്തിനോട് ആവശ്യപ്പെട്ടിരുന്നില്ല.

വിമുക്തഭടന്മാരുടെ കൂട്ടായ്മ എന്ന രീതിയില്‍ സംഘങ്ങളുണ്ടാക്കി മുന്‍ സൈനികോദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്ന രീതിയും ഐ എസ് ഐ പയറ്റുന്നുണ്ട്. വിമുക്തഭന്മാര്‍ക്ക് ജോലിവാഗ്ദാനം ചെയ്യുകയും, ജോലി സംബന്ധിച്ച വിവരങ്ങള്‍ എന്ന വ്യാജേന അവരില്‍ നിന്ന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കുകയും ചെയ്യുന്നതാണ് രീതി. ഇത്തരം സംഭവങ്ങളെ കുറിച്ച് വിവരം തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രതിരോധ മന്ത്രാലയത്തിന് കത്തയച്ചു. സോഷ്യല്‍ മീഡയികള്‍ ഉപയോഗിച്ച് ചാരപ്രവര്‍ത്തനം നടത്താന്‍ ഐ എസ് ഐ സ്ത്രീകളെയാണ് വ്യാപകമായി ഉപയോഗിക്കുന്നത്. ഇതിനായി, ബ്രിട്ടീഷ് ഇംഗ്ലീഷില്‍ നന്നായി സംസാരിക്കാന്‍ കഴിയുന്ന വിദ്യാസമ്പന്നരായ സ്ത്രീകളെ വാടകക്കെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഫേസ്ബുക്കില്‍ ധാമിനി മക്‌നോട്ട് എന്ന സ്ത്രീയുടെ സൗഹൃദാഭ്യര്‍ഥന ലഭിക്കുന്നത് മുതലാണ് രഞ്ജിത്ത് അറിയാതെ ഐ എസ് ഐയുടെ രഹസ്യനീക്കത്തിന് ഇരയാകുന്നത്. സുന്ദരികളായ സ്ത്രീകളുടെ ചിത്രം പ്രൊഫൈല്‍ ഫോട്ടോ ആയി നല്‍കിയാണ് ഇവര്‍ തങ്ങളുടെ നീക്കം ആസൂത്രണം ചെയ്യുന്നത്. അറസ്റ്റിലാകുന്നത് വരെ താന്‍ ഐ എസ് ഐയുടെ ചാരപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാറുകയായിരുന്നെന്ന് രഞ്ജിത്ത് മനസ്സിലാക്കിയിരുന്നില്ല. ഒരു വര്‍ഷത്തോളമായി മിലിട്ടറി ഇന്റലിജന്‍സിന്റെ നീരീക്ഷണത്തിലായിരുന്ന മലപ്പുറം സ്വദേശിയും മുന്‍ ലീഡിംഗ് എയര്‍ക്രാഫ്റ്റ് മാനു (എല്‍ എ സി) മായ രഞ്ജിത്ത് ചൊവ്വാഴ്ച ഭട്ടിന്‍ഡ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ അറസ്റ്റിലാകുന്നത്.

രഞ്ജിത്തും ധാമിനിയും തുടര്‍ച്ചയായി ഫേസ്ബുക്ക് സന്ദേശങ്ങളും ഇമെയിലുകളും കൈമാറിയിരുന്നു. ടെലിഫോണ്‍ സംഭാഷണവും നടത്തിയിട്ടുണ്ട്. യു കെ ആസ്ഥാനമായി പ്രസിദ്ധീകരിക്കുന്നു ഒരു മാഗസിന്റെ എഡിറ്റര്‍ എന്നാണ് ധാമിനി സ്വയം പരിചയപ്പെടുത്തിയത്. മികച്ച പ്രതിഫലം നല്‍കാമെന്ന മോഹനവാഗ്ദാനം നല്‍കി, മാഗസിന്റെ പ്രതിരോധ വിശകലന വിദഗ്ധനാകാനും അവര്‍ രഞ്ജിത്തിനെ ക്ഷണിച്ചു. വാഗ്ദാനം സ്വീകരിച്ച രഞ്ജിത്തിന് ധാമിനി ഓരോ ആഴ്ചയും ഓരോ ദൗത്യങ്ങള്‍ നല്‍കിത്തുടങ്ങി. നല്‍കിയ വിവരങ്ങള്‍ക്ക്, പ്രതിരോധ വിശകല വിദഗ്ധന്‍ എന്ന നിലയില്‍ രഞ്ജിത്തിന് 30,000 മുതല്‍ 35,000 രൂപവരെ പ്രതിഫലം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

2010ല്‍ വ്യോമസേനയില്‍ പ്രവേശിച്ച രഞ്ജിത്തിനെ സംശയങ്ങളുടെ പേരില്‍ അടുത്തിടെയാണ് പിരിച്ചുവിട്ടത്. തുടര്‍ന്ന് നിരീക്ഷണത്തിലായ ഇയാളെ ഡല്‍ഹി പോലീസിന്റെ ക്രൈം ബ്രാഞ്ചും മിലിട്ടറി ഇന്റലിജന്‍സും വ്യോമസേന രഹസ്യാന്വേഷണ യൂനിറ്റും (എല്‍ യു) ചേര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഔദ്യോഗിക രഹസ്യ നിയമം അനുസരിച്ചാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ഇയാളെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Latest