Connect with us

Articles

അവര്‍ പിന്നെയും അയോധ്യയിലേക്ക്

Published

|

Last Updated

ചരിത്ര യാഥാര്‍ഥ്യങ്ങളുടെ ഉള്ളറകളില്‍ ഒരു പിടി മണ്ണ് പോലും അവകാശപ്പെടാനില്ലാത്ത ഫാസിസ്റ്റുകളുടെ അജന്‍ഡയാണ് യാഥാര്‍ഥ്യത്തോട് പുലബന്ധം പോലുമില്ലാത്ത മിത്തുകള്‍ പടച്ചുണ്ടാക്കുകയെന്നത്. രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും സംഘ്പരിവാറിന്റെ അടുക്കളയില്‍ കത്തിത്തീരാത്ത ബാബ്‌രി മസ്ജിദ് പ്രശ്‌നത്തിന്റെ മൂലകാരണവും മറ്റൊന്നല്ല. അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേന്ദ്രത്തിലും ഉത്തര്‍പ്രദേശിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ രാത്രിയുടെ മറവില്‍ “സ്വയംഭൂവായി”വന്ന വിഗ്രഹത്തില്‍ തുടങ്ങിയ പ്രശ്‌നം നരസിംഹ റാവു പ്രധാനമന്ത്രിയായായിരുന്ന കാലത്ത് 1992 ഡിസംബര്‍ ആറിന് ബാബ്‌രി മസ്ജിദ് പൊളിക്കുന്നിടത്ത് വരെയെത്തിയത് മതേതര വാദികള്‍ ഇന്നും ചങ്കിടിപ്പോടെ ഓര്‍ക്കുന്ന കറുത്ത ഏടുകളാണ്. ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും നേതാക്കളും പ്രവര്‍ത്തകരും ഡിസംബര്‍ ആറിന് ഭ്രാന്തമായ ആവേശത്തില്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ അന്ന് സംഭവത്തിന് ദൃസാക്ഷിയായ ബി ബി സിയുടെ ഇന്ത്യാ റിപ്പോര്‍ട്ടറായിരുന്ന മാര്‍ക്ക് ടളി “ഇന്ത്യ ഇന്‍ സ്ലോ മോഷന്‍” എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. വിഗ്രഹം പ്രതിഷ്ഠിച്ചതിനെ തുടര്‍ന്നുള്ള സാഹചര്യം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവായിരുന്ന ജെ പി കൃപലാനി തന്റെ ജീവചരിത്രത്തിലും വ്യക്തമാക്കുന്നു. 1949ല്‍ വിഗ്രഹങ്ങള്‍ നീക്കം ചെയ്യാന്‍ നെഹ്‌റു ഉത്തരവിട്ടിട്ടും ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന വ്യാജ റിപ്പോര്‍ട്ടിന്റെ മറവില്‍ അതിന് തയ്യാറാകാതെ ഫൈസാബാദിലെ ജില്ലാ കലക്ടറായിരുന്ന കുട്ടനാട് സ്വദേശി കെ കെ നായര്‍ പിന്നീട് അവിടെ നിന്ന് ജനസംഘം ടിക്കറ്റില്‍ ലോക്‌സഭയിലെത്തിയത് ചരിത്രത്തിലെ വിചിത്രമായൊരേട്.
അര നൂറ്റാണ്ട് കഴിഞ്ഞിട്ടും കോടതിക്ക് മുമ്പിലുള്ള പ്രശ്‌നത്തില്‍ നിന്ന് വോട്ട് ബേങ്ക് രാഷ്ട്രീയം കളിക്കാനുള്ള ശ്രമത്തില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തിരിഞ്ഞിട്ടില്ല. ബാബ്‌രി മസ്ജിദ് പൊളിക്കുന്നതിന് മുമ്പും ശേഷവും ഉത്തര്‍പ്രദേശിലെയും കേന്ദ്രത്തിലെയും സര്‍ക്കാറുകളുടെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ ഇത് പ്രധാന വിഷയമായിക്കൊണ്ടിരുന്നു. നാല് കോടി മുസ്‌ലിംകള്‍ പാര്‍ക്കുന്ന യു പിയില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടായിരുന്നു രാഷ്ട്രീയ പാര്‍ട്ടികളുടെ നീക്കങ്ങളത്രയും. ഏറ്റവുമൊടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഉത്തര്‍പ്രദേശിലെ കലക്കവെള്ളത്തില്‍ നിന്ന് മീന്‍പിടിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ബീഫ് വിവാദവും ലൗജിഹാദും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വിലപ്പോകില്ലെന്ന് ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ തിരിച്ചറിഞ്ഞ ബി ജെ പിക്ക് മുമ്പില്‍ ഇനി പൊടിതട്ടിയെടുക്കാനുള്ള ആയുധം കോടിക്കണക്കിന് ഹിന്ദു മനസ്സുകളില്‍ വികാരമായി നിലനില്‍ക്കുന്നുവെന്ന് ബി ജെ പി കരുതുന്ന രാമക്ഷേത്ര നിര്‍മാണം തന്നെയാണ്. ആറിത്തണുത്തുപോയ തീക്കനലുകള്‍ വീണ്ടും ആളിക്കത്തിക്കാനാകുമോ എന്നാണവര്‍ ആലോചിക്കുന്നത്. ആ നീക്കത്തിന്റെ ഭാഗമാണ് കോടതിയുടെ കര്‍ശന വിലക്കുകളുള്ള അയോധ്യയുടെ പ്രാന്തങ്ങളില്‍ ക്ഷേത്രത്തിനെന്ന പേരിലിറക്കിയിരിക്കുന്ന കല്ലുകള്‍. രണ്ട് ട്രക്കുകളിലായി 355 ടണ്‍ പിങ്ക് സാന്‍ഡ് സ്റ്റോണുകളാണ് ഇവിടെ എത്തിയിരിക്കുന്നത്. രാജസ്ഥാനിലും ഗുജറാത്തിലുമുള്ള രാമഭക്തര്‍ നല്‍കിയതെന്ന് പറയപ്പെടുന്ന കല്ലുകള്‍ കേന്ദ്ര സര്‍ക്കാറിന്റെ വകയല്ലെന്ന് വി എച്ച് പി നേതാക്കള്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ മോദിയുടെ സംഭാവന ആരും തള്ളിക്കളയുന്നില്ല. ഗുജറാത്തില്‍ നിന്ന് കല്ലുകളെത്തിയെന്ന് പറയുമ്പോള്‍ പ്രത്യേകിച്ചും. 1.75 ലക്ഷം ക്യുബിക് ഫീറ്റ് കല്ലുകളാണ് രാമക്ഷേത്ര നിര്‍മാണത്തിന് വേണ്ടതെന്നാണ് വി എച്ച് പിയുടെ കണക്ക്. ഇതിനായി ഒരു ലക്ഷം ക്യുബിക് ഫീറ്റ് കല്ലുകള്‍ 1990 മുതല്‍ വാങ്ങിയെന്ന് വി എച്ച് പി വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ജൂണില്‍ ക്ഷേത്ര നിര്‍മാണത്തിന് വേണ്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കല്ലുകള്‍ ശേഖരിക്കാന്‍ വി എച്ച് പി നേതാവ് അശോക് സിംഗാള്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ മാസം സിംഗാള്‍ മരിക്കുന്നതിന് മുമ്പ് പോലും അദ്ദേഹം ഇതിന് സമയക്രമം വെച്ചിരുന്നില്ല. 268 അടി നീളവും 140 അടി വീതിയും 128 അടി ഉയരവുമുള്ള രണ്ട് നിലകളിലുള്ള ക്ഷേത്രമാണ് നിര്‍മിക്കുന്നതെന്ന് വി എച്ച് പി പറയുന്നു. പന്ത്രണ്ടിലധികം വാസ്തുശില്‍പ്പികളാണ് കല്ലുകള്‍ പാകപ്പെടുത്തുന്നത്. കല്ലിറക്കിയതും ജോലികള്‍ ആരംഭിച്ചതും കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താനുള്ള ഉപായമാണെന്ന് വി എച്ച് പി പറയുന്നുണ്ടെങ്കിലും ബി ജെ പിയും സംഘ്പരിവാറും തയ്യാറാക്കിയ തിരക്കഥയാണിതെന്ന് ആര്‍ക്കും മനസ്സിലാകും. രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്ന പ്രചാരണത്തിലൂടെ ഉത്തര്‍പ്രദേശിലെ വോട്ടുകള്‍ ധ്രുവീകരിക്കാനാകുമെന്നാണ് ബി ജെ പിയും സംഘ്പരിവാറും കണക്കുകൂട്ടുന്നത്.
അയോധ്യയിലിറക്കിയ കല്ലുകള്‍ ബി ജെ പിക്ക് മാത്രമല്ല ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിക്കും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിക്കും ഒരുപോലെ ഊര്‍ജം പകരുന്നുണ്ട്. ധ്രുവീകരണമുണ്ടായാല്‍ അതിന്റെ ഗുണം ഈ പാര്‍ട്ടികള്‍ക്കെല്ലാമാണ്. എന്നാല്‍ മുസ്‌ലിംകള്‍ക്ക് 18 ശതമാനം ജോലി സംവരണമുള്‍പ്പെടെയുള്ള പല തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും നല്‍കിയാണ് സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലെത്തിയത്. ഒരിക്കല്‍ കൂടി ഇത്തരത്തില്‍ വാഗ്ദാനങ്ങള്‍ കേട്ടിരിക്കാന്‍ സംസ്ഥാനത്തെ മുസ്‌ലിംകള്‍ തയ്യാറാകുമോ എന്ന് കണ്ടറിയണം. ഈ സാഹചര്യത്തില്‍ അയോധ്യ വിഷയം അന്തരീക്ഷത്തിലെത്തുന്നത് അവര്‍ക്ക് ഈ കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഗുണകരമാകും. ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയാണ് അടുത്ത തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ വരുമെന്ന് കരുതുന്ന മറ്റൊരു പാര്‍ട്ടി. ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍(എ ഐ എം ഐ എം) ഇത്തവണ സംസ്ഥാനത്ത് നേട്ടമുണ്ടാക്കുമെന്ന് കരുതുന്നവരുണ്ട്. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വലിയ തോതില്‍ പരുക്ക് പറ്റിയെങ്കിലും പാര്‍ട്ടി ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് യു പി യിലെത്തേതാണ്. സംസ്ഥാനത്തിന്റെ ചില മണ്ഡലങ്ങളില്‍ മുസ്‌ലിംകളുടെ പിന്തുണയില്ലാതെ സ്ഥാനാര്‍ഥികള്‍ക്ക് ജയിച്ചുകയറാന്‍ കഴിയാത്ത അവസ്ഥയുണ്ട്. സംസ്ഥാനത്ത് വന്‍ തോതില്‍ ക്യാമ്പയിന്‍ നടത്തുന്ന എ ഐ എം ഐ എമ്മിലേക്ക് ഇവര്‍ ആകൃഷ്ടരായാല്‍ എസ് പിയുടെ നില പരുങ്ങലിലാകും. എ ഐ എം ഐ എം. ബി എസ് പിയുമായി കൂട്ടുകാടാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല. രാമക്ഷേത്ര നിര്‍മാണ നീക്കങ്ങള്‍ നടക്കുന്നുവെന്ന പരസ്യത്തിലൂടെ തീവ്ര നിലപാടുകളുള്ള എ ഐ എം ഐ എമ്മിന് പിന്നില്‍ മുസ്‌ലിം വോട്ടുകള്‍ ഏകീകരിക്കപ്പെടുമോയെന്നതാണ് മറ്റൊരു ചോദ്യം. ഇത് ഫലത്തില്‍ അവര്‍ കൂട്ടുകൂടാനുദ്ദേശിക്കുന്ന ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിക്കോ എസ് പിക്കോ ആയിരിക്കും ഗുണം ചെയ്യുക. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച സ്വീകാര്യത ബി ജെ പിക്ക് ഇപ്പോള്‍ നഷ്ടമായിരിക്കുന്നു. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ന്യൂനപക്ഷങ്ങള്‍ കൈയൊഴിഞ്ഞുവെന്ന് അവര്‍ മനസ്സിലാക്കുന്നു. ഈ സാഹചര്യത്തിലാണ് ഭൂരിപക്ഷ വിഭാഗത്തിന്റെ വോട്ടുകള്‍ സമാഹരിക്കാന്‍ രാമക്ഷേത്ര നിര്‍മാണ അജന്‍ഡ വീണ്ടും കൊണ്ടുവരുന്നത്.
അയോധ്യയില്‍ ഇപ്പോഴാരംഭിച്ച ജോലികള്‍ ക്ഷേത്ര നിര്‍മാണത്തിന് വേണ്ടിയാണെന്ന് കരുതുന്നില്ല. അങ്ങനെയെങ്കില്‍ കേന്ദ്രത്തിലും സംസ്ഥാനത്തും ബി ജെ പി അധികാരത്തിലിരുന്ന ഒരു ഘട്ടത്തില്‍ രാമക്ഷേത്രം നിര്‍മിക്കുമായിരുന്നല്ലോ അവര്‍. തന്നെയുമല്ല ഇത് കോടതിക്ക് മുമ്പിലുള്ള വിഷയമായതിനാല്‍ ക്രമസമാധാനം മുന്‍നിര്‍ത്തി ബി ജെ പിയും സംഘ്പരിവാറും രാമക്ഷേത്ര നിര്‍മാണത്തിനുള്ള ശ്രമങ്ങള്‍ നടത്തുകയുമില്ല. തിരഞ്ഞെടുപ്പിന്റെ ഒരുക്കം തന്നെയാണ് ബി ജെ പി ഇതിലൂടെ നടത്തുന്നതെന്ന് വ്യക്തമാണ്. അതേസമയം സംഘര്‍ഷ സാധ്യതയുള്ള തര്‍ക്കസ്ഥലത്തിന് സമീപം ഇത്രയധികം കല്ലുകള്‍ എത്തിയിട്ടും എസ് പി സര്‍ക്കാറിന്റെ പോലീസ് ക്രിയാത്മകമായി പ്രവര്‍ത്തിച്ചില്ലെന്ന ആക്ഷേപം ശക്തമാണ്. സ്വന്തം ഭൂമിയിലാണ് കല്ലുകള്‍ ഇറക്കിയതെന്ന് വി എച്ച് പി അവകാശപ്പെടുമ്പോഴും വര്‍ഗീയ സംഘര്‍ഷത്തിന്റെ തീപ്പൊരികള്‍ പടര്‍ത്താന്‍ ഈ കല്ലുകള്‍ക്ക് കഴിയുമെന്നാണ് ഭയക്കുന്നത്. ഈ പൊറാട്ട്‌നാടകത്തിന് വരുന്ന യു പി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ജനങ്ങള്‍ ഏത് തരത്തില്‍ മറുപടി നല്‍കുമെന്ന് കണ്ടറിയണം.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്