വിദ്യാനഗര്‍-സീതാംഗോളി റോഡ് നവീകരണത്തിന് 30 കോടി

Posted on: December 31, 2015 5:14 am | Last updated: December 30, 2015 at 10:14 pm

കാസര്‍കോട്: വിദ്യാനഗര്‍ -സീതാംഗോളി റോഡ് 30.5 കോടി രൂപ ചെലവില്‍ പുനര്‍നിര്‍മിക്കുമെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍എ അറിയിച്ചു. 9.4 മീറ്റര്‍ നീളത്തില്‍ ദേശീയ നിലവാരത്തിലാണ് റോഡ് പുനര്‍നിര്‍മിക്കുക. രണ്ടു വര്‍ഷത്തില്‍ പൂര്‍ത്തിയാക്കുന്ന ഈ പ്രവൃത്തി ഡിസംബര്‍ 17ന് ടെന്‍ഡര്‍ ചെയ്തുകഴിഞ്ഞു.
പണി പൂര്‍ത്തിയായാല്‍ 13 വര്‍ഷക്കാലം റോഡിന്റെ അറ്റകുറ്റപ്പണി ആവശ്യമുള്ള ഘട്ടങ്ങളില്‍ ചെയ്യും. ഒരോ അഞ്ചു വര്‍ഷത്തിലും റീ ടാറിംഗ് നടത്തും. ഹൈമാസ്റ്റ്, സോളാര്‍ ലൈറ്റുകള്‍, ക്രാഷ് ബാരിയര്‍, ജംഗ്ഷന്‍ ഇംപ്രൂവ്‌മെന്റ് എന്നിവ റോഡിന്റെ പ്രത്യേകതയായിരിക്കും. ടെണ്ടര്‍ ചെയ്ത പ്രവൃത്തി തുടങ്ങാന്‍ വൈകുമെങ്കില്‍ വിദ്യാനഗര്‍-സീതാംഗോളി റോഡില്‍ താത്കാലിക അറ്റകുറ്റപ്പണി ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെടുമെന്ന് എന്‍ എ നെല്ലിക്കുന്ന് അറിയിച്ചു.
ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി തുടങ്ങാനിരിക്കുന്ന റോഡുകള്‍ ഉപരോധിക്കുന്നതും പ്രസ്തുത റോഡുകളുടെ പേരില്‍ സമരം ചെയ്യുന്നതും വിരോധാഭാസമാണെന്നും ജനങ്ങളുടെ ഓര്‍മയിലും ശ്രദ്ധയിലും തങ്ങള്‍ ഇല്ലാതായിപ്പോകുമെന്ന ആശങ്കയില്‍ ചിലര്‍ നടത്തുന്ന സമരം വിലപ്പോവില്ലെന്നും എംഎല്‍എ വ്യക്തമാക്കി.
ഈ റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രതിഷധ സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇന്നലെ എല്‍ ഡി എഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ റോഡ് ഉപരോധവും സംഘടിപ്പിച്ചിരുന്നു.