ക്വാളിറ്റി ഗ്രൂപ്പിന് കര്‍ണാടകയില്‍ 55 ദശലക്ഷം റിയാലിന്റെ നിക്ഷേപം

Posted on: December 30, 2015 6:35 pm | Last updated: December 30, 2015 at 6:35 pm
ക്വാളിറ്റി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍  ശംസുദ്ദീന്‍ ഒളകര കര്‍ണാടക രാജ്ഭവനില്‍  ഗവര്‍ണര്‍ വാജുഭായ വാലക്കൊപ്പം
ക്വാളിറ്റി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍
ശംസുദ്ദീന്‍ ഒളകര കര്‍ണാടക രാജ്ഭവനില്‍
ഗവര്‍ണര്‍ വാജുഭായ വാലക്കൊപ്പം

ദോഹ: ക്വാളിറ്റി ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ കര്‍ണാടകയില്‍ 55 ദശലക്ഷം ഖത്വര്‍ റിയാല്‍ നിക്ഷേപം നടത്തും. റീട്ടെയില്‍, എന്‍ജിനിയറിംഗ് മേഖലകളില്‍ നാലു പദ്ധതികളാണ് ബാംഗ്ലൂര്‍, കസ്തൂരിനഗര്‍, ഹുസൂര്‍, മാലൂര്‍ എന്നിവിടങ്ങളിലായി നടപ്പിലാക്കുകയെന്ന് മാനേജ്‌മെന്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള കര്‍ണാടക സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് ക്വാളിറ്റി ഗ്രൂപ്പിന്റെ കര്‍ണാടക സംരഭം. നിക്ഷേപ പദ്ധതികളുടെ പുരോഗതി സംബന്ധിച്ച് ക്വാളിറ്റി ഗ്രൂപ്പ് ചെയര്‍മാന്‍ ശംസുദ്ദീന്‍ ഒളകര കര്‍ണാടക വ്യവസായ വകുപ്പുമായും ഗവര്‍ണര്‍ വാജുഭായ് വാലയുമായും നടത്തിയ കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടത്തി. കൂടുതല്‍ വ്യവസായ-വാണിജ്യ സ്ഥാപനങ്ങള്‍ സ്ഥാപിക്കുതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുതിന് സര്‍ക്കാര്‍ പിന്തുണ അറിയിച്ചതായി ശംസുദ്ദീന്‍ ഒളകര പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാനെത്തിയ ക്വാളിറ്റി ഗ്രൂപ്പ് ഇന്റര്‍നാഷനലിന് സംസ്ഥാന സര്‍ക്കാറിന്റെ പിന്തുണ ഉറപ്പാക്കുമെന്ന് വാജുഭായ്‌വാല പറഞ്ഞു. കര്‍ണാടകയില്‍ നിന്നും പഴം, പച്ചക്കറി ഉത്പന്നങ്ങളും വ്യാവസായിക ഉത്പന്നങ്ങളും ക്വാളിറ്റി ഗ്രൂപ്പുവഴി ഗള്‍ഫിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള സാധ്യതകള്‍ വാജുഭായ് വാല ആരാഞ്ഞു. ബാംഗ്ലൂരിലെ കസ്തൂരി നഗര്‍, എന്‍ ആര്‍ ഐ ലേഔട്ട് എന്നിവിടങ്ങളിലാണ് ക്വാളിറ്റിയുടെ റീട്ടെയില്‍ ഔട്ട്‌ലറ്റുകള്‍ പ്രവര്‍ത്തിക്കുക.
ഇതില്‍ ക്വാളിറ്റി മാര്‍ട്ട് എന്ന പേരില്‍ ആദ്യ ഔട്ട്‌ലറ്റ് കസ്തൂരി നഗറില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. രണ്ടാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ നിര്‍മാണം അവസാനഘട്ടത്തിലെത്തി. മാര്‍ച്ചോടെ പ്രവര്‍ത്തനം ആരംഭിക്കും. ഹൂസൂറിലും മാലുരിലുമായി പ്രവര്‍ത്തനമാരംഭിച്ച ക്വാളിറ്റി എന്‍ജിനിയറിംഗ് കമ്പനി യൂനിറ്റുകള്‍ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന പദ്ധതികളാണ് ഏറ്റെടുക്കുന്നത്. വരും വര്‍ഷങ്ങളില്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കൂടുതല്‍ നിക്ഷേപമിറക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടൈന്ന് ചെയര്‍മാന്‍ ശംസുദ്ദീന്‍ ഒളകര വ്യക്തമാക്കി. കേരളത്തില്‍ റീട്ടെയില്‍, കാര്‍ഷിക മേഖലകളിലായിരിക്കും നിക്ഷേപം.