Connect with us

Kerala

ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് ഗുരുവിനോടുള്ള വഞ്ചന: സോണിയ

Published

|

Last Updated

ശിവഗിരി: ബിജെപിയേയും എസ്എന്‍ഡിപി യോഗത്തേയും വെള്ളാപ്പള്ളി നടേശനേയും പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ ഏറ്റെടുത്ത് വര്‍ഗീയ ശക്തികള്‍ പ്രചാരണം നടത്തുന്നെന്ന് സോണിയാ ഗാന്ധി പറഞ്ഞു. ഗുരുവിന്റെ ആശയങ്ങള്‍ വര്‍ഗീയ ശക്തികള്‍ ഏറ്റെടുക്കുന്നത് ഗുരുവിനോടുള്ള വഞ്ചനയാണ്. ഗുരുദേവ പൈതൃകം അവകാശപ്പെടുന്ന ഇവര്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്കും ഇന്നും ഏറെ പ്രസക്തിയുണ്ടെന്നും സോണിയ പറഞ്ഞു. 83ാമത് ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി.

നെഹ്‌റുവിനേയും ഇന്ദിരയേയും സ്വാധീനിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ശ്രീനാരായണ ഗുരു രൂപീകരിച്ച എസ്എന്‍ഡിപി യോഗം പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു. ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയായത് പിന്നോക്കക്കാരുടെ ശാക്തീകരണത്തിന്റെ ഫലമായാണ്. എന്നാല്‍ ഗുരുദേവ ദര്‍ശനങ്ങളെ ചിലര്‍ രാഷ്ട്രീയ നേട്ടത്തിനായാണ് ഉപയോഗിക്കുന്നത്. എസ്എന്‍ഡിപിയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങളെ ചിലര്‍ വളച്ചൊടിക്കുകയാണെന്നും സോണിയ ഗാന്ധി പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷത വഹിച്ചു. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, മന്ത്രി കെ ബാബു, എം പിമാരായ ജോസ് കെ മാണി, എ സമ്പത്ത്, വര്‍ക്കല കഹാര്‍ എംഎല്‍എ, എംഎ യൂസഫലി, ഡോ. ഫസല്‍ ഗഫൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Latest