Connect with us

Gulf

വിമാനയാത്രാ നിരക്ക് കുറയുമോ?

Published

|

Last Updated

അടുത്ത വര്‍ഷം വിമാനയാത്രാ നിരക്കില്‍ കുറവു വരുമോ? ഇന്ധന വില കുത്തനെ ഇടിഞ്ഞതിനാല്‍ കുറവ് വരേണ്ടതാണെങ്കിലും ഇന്ത്യന്‍ ഭരണകൂടത്തിന്റെ തെറ്റായ നയങ്ങള്‍ കാരണം കുറവ് വരില്ലെന്നാണ് സൂചന. വിദേശ എയര്‍ലൈനറുകള്‍ക്ക് അനുവദിക്കുന്ന സീറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. സ്വദേശി വിമാനക്കമ്പനികളുടെ താല്‍പര്യം സംരക്ഷിക്കാനാണത്രെ ഇത്തരം നടപടി.
വിദേശ വിമാനക്കമ്പനികള്‍ക്ക്, ആവശ്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്നുണ്ടെങ്കില്‍ ലേലം വിളിയിലൂടെ നേടണം. 5, 000 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നുള്ള വിമാനക്കമ്പനികള്‍ക്കെല്ലാം ഈ നിര്‍ദേശം ബാധകമാണ്. സ്വാഭാവികമായും ഭാരം യാത്രക്കാരുടെ തലയില്‍ വീഴും. ഇപ്പോള്‍, തന്നെ വേനലവധിക്കാലത്തും വിശേഷ ദിവസങ്ങള്‍ക്ക് മുമ്പും കഴുത്തറുപ്പന്‍ നിരക്കാണ് വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. വിദേശ ഇന്ത്യക്കാരുടെ, വിശേഷിച്ച് ഗള്‍ഫ് ഇന്ത്യക്കാരുടെ സമ്മര്‍ദഫലമായി മുമ്പ്, ഇന്ത്യയിലെ പൊതുവിമാനക്കമ്പനിയായ എയര്‍ ഇന്ത്യയും എക്‌സ്പ്രസും കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്താറുണ്ടായിരുന്നു. ഇപ്പോള്‍, പൊതുവമാനക്കമ്പനിയാണ് കൊള്ളക്ക് മുന്‍പന്തിയില്‍.
ഇന്ത്യന്‍ സര്‍ക്കാറിന്റെ പുതിയ വ്യവസ്ഥകള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുമെന്ന് ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) കുറ്റപ്പെടുത്തി. ദുബൈ ആസ്ഥാനമായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ആഴ്ചയില്‍ 185 വിമാനങ്ങളാണ് ഇന്ത്യയിലേക്ക് പറത്തുന്നത്. ഇവര്‍ക്ക് 6, 000 സീറ്റുകളാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. കൂടുതല്‍ സീറ്റുകള്‍ ഏര്‍പ്പെടുത്താന്‍ എമിറേറ്റ്‌സിന് ആഗ്രഹമുണ്ട്. പക്ഷേ, ലേലം വിളിയാണെങ്കില്‍ താല്‍പര്യം കാട്ടില്ല.
ഗള്‍ഫ് ഇന്ത്യക്കാരുടെ യാത്രാക്ലേശം പരിഹരിക്കുകയല്ല, കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം. യാത്രക്കാരെ മുന്‍നിര്‍ത്തി വിദേശ വിമാനക്കമ്പനികളില്‍ നിന്ന് കൂടുതല്‍ വരുമാനം നേടുകയാണ് ഉദ്ദേശ്യം.
ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞത് കാരണം വിമാനടിക്കറ്റ് നിരക്കില്‍ ഗണ്യമായ കുറവുവരേണ്ടകാലമാണ്. പക്ഷേ, കോര്‍പറേറ്റ് കമ്പനികളെ സഹായിക്കാന്‍, എണ്ണവില കുറയ്ക്കാത്തത് പോലെ, ജന വിരുദ്ധ നയമാണ് വിമാനടിക്കറ്റിന്റെ കാര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അടുത്ത വര്‍ഷം വേനലവധിക്കാലത്ത്, ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് ഇപ്പോള്‍ തന്നെ കൂടിക്കൊണ്ടിരിക്കുന്നു. യു എ ഇയില്‍ നിന്നാണെങ്കില്‍ ശരാശരി 3, 000 ദിര്‍ഹം വേണ്ടിവരും. പലകുടുംബങ്ങളും യാത്ര മാറ്റിവെക്കുന്ന അവസ്ഥയാണ്.