സ്റ്റാഫുകളില്ല; താനൂര്‍ സബ് രജിസ്ട്രാഫീസ് പ്രവര്‍ത്തനം മന്ദഗതിയില്‍

Posted on: December 29, 2015 6:52 pm | Last updated: December 29, 2015 at 6:52 pm

താനൂര്‍: ജില്ലയിലെ ഏറ്റവും പഴക്കമേറിയ പുരാതന കെട്ടിടങ്ങളില്‍ ഒന്നില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ കാര്യാലയമാണ് താനൂര്‍ സബ് രജിസ്ട്രാഫീസ്. താനൂര്‍, താനാളൂര്‍, നിറമരതൂര്‍, ഒഴൂര്‍, നന്നമ്പ്രറയുടെ ഒരു ഭാഗം, പരപ്പനങ്ങാടിയുടെ ഒരു ഭാഗം എന്നീ മേഖലയില്‍ നിന്നുമായി നൂറുക്കണക്കിന് രജിട്രേഷനുകളാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. എന്നാല്‍ മതിയായ സ്റ്റാഫുകളെ നിയമിക്കാത്തതിനാല്‍ ജനങ്ങള്‍ എന്നും പ്രതിസന്ധിയിലാണ്.
മാസങ്ങളായി ഒരു യു ഡി ക്ലര്‍ക്ക് പോലും ഇല്ലാത്ത ജില്ലയിലെ തന്നെ ഏക സബ് രജിസ്ട്രാഫീസ് താനൂരിലെ ഈ സര്‍ക്കാര്‍ കാര്യാലയം മാത്രമായിരിക്കുമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. ആധാരം രജിസ്‌ട്രേഷനു പുറമെ മറ്റനേകം സേവനങ്ങള്‍ നടക്കേണ്ട ഈ സ്ഥാപനം ഉദ്യോഗസ്ഥരുടെ കുറവ് കാരണം അഞ്ഞൂറില്‍ പരം ആധാരങ്ങളും അനുബന്ധ രേഖകളും കട്ടപ്പുറത്ത് നോക്കുകുത്തിയായി കിടക്കുകയാണ്. പല ഭൂമികളും ഇടനിലക്കാരെ വെച്ച് മാസങ്ങള്‍ക്ക് മുമ്പ് അഡ്വാന്‍സ് നല്‍കി രജിസ്റ്റര്‍ നടത്തി ഭൂനികുതി അടക്കുകയും, കൈവശ സര്‍ട്ടിഫിക്കറ്റ് വാങ്ങി പെര്‍മിറ്റെടുത്ത് വീട് പണി തുടങ്ങി വിദേശത്തേക്ക് തിരിച്ചു പോകണമെന്ന് ലക്ഷ്യമാക്കി വന്ന നൂറുക്കണക്കിനാളുകളാണ് സര്‍ക്കാറിന്റെ നിരുത്തരവാദിത്വം കൊണ്ട് വലയുന്നത്. ഈ ഓഫീസില്‍ കുറേകാലമായി ഒരു ഓഫീസ് അസിസ്റ്റന്റ് മാത്രമേയുള്ളൂ.
ഇദ്ദേഹമാണ് ക്ലര്‍ക്കിന്റെയും ശിപായിയുടെയുമടക്കം ജോലി നിര്‍വ്വഹിക്കുന്നത്. ഇദ്ദേഹം ആറ് വര്‍ഷമായി സ്ഥിരമായി ഇവിടെ സേവനം ചെയ്തു വരുന്നു. രാത്രി വൈകിയും ജോലി ചെയ്യുന്നതിനാല്‍ നാട്ടുകാരില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. ഈ അടുത്തായി ധാരാളം വെള്ളപ്പകര്‍പ്പുകള്‍ സബ് രജിസ്ട്രററിയാതെ ഭൂമാഫിയകളുടെ കരങ്ങളിലെത്തിയതായി ഒരു പൊതു പ്രവര്‍ത്തകന്‍ മലപ്പുറം വിജിലന്‍സില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇവിടെത്തെ ഒരു എല്‍ ഡിയും, ഒ എയുമാണിതിന്റെ പിന്നിലെന്നാണ് സൂചന. ഇവരെ സഹായിക്കുന്നതിന് മറയായി സമീപത്തെ ഒന്ന് രണ്ട് ആധാരമെഴുത്തുകാരുമുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. അതിനിടക്ക് ഒ എ അപകടത്തില്‍ പെട്ട് മെഡിക്കല്‍ ലീവിലായതും നിലവിലെ സാഹചര്യങ്ങളെ പ്രതികൂലമാക്കിയിട്ടുണ്ട്.
മാത്രമല്ല ഭൂമാഫിയകള്‍ക്ക് വളരെ നിഷ്പ്രയാസം കാര്യങ്ങള്‍ നടത്തിക്കൊടുക്കുന്നതായും പരാതിയിലുണ്ട്. നിലവില്‍ സബ് രജിസ്ട്രാഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ സുഖകരമാക്കാന്‍ മിനിമം രണ്ട് ഒ എയും രണ്ട് യു ഡി ക്ലര്‍ക്കും അനിവാര്യമാണ്. ഇത് സാധ്യമാക്കാതെ ഈ ഓഫീസിന്റെ പ്രവര്‍ത്തനം മുന്നോട്ട് പോവുകയില്ലന്നാണ് മറ്റു സ്റ്റാഫുകള്‍ പറയുന്നത്. ഇപ്പോള്‍ ഓണ്‍ ലൈന്‍ സംവിധാനം കൂടി വന്നതോടെ ജനങ്ങളും ജീവനക്കാരും ഒരു പോലെ പ്രയാസപ്പെടുകയാണ്. ഇത്തരം സാഹചര്യത്തില്‍ സര്‍ക്കാര്‍ ആവശ്യാനുസരണം സ്റ്റാഫിനെ നിയോഗിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.