ചക്കമഹോത്സവത്തിന് 30ന് തുടക്കം

Posted on: December 29, 2015 6:45 pm | Last updated: December 29, 2015 at 6:45 pm

പാലക്കാട്: പീപ്പിള്‍സ് സര്‍വീസ് സൊസൈറ്റി, കൃഷി വകുപ്പിന്റെയും നബാര്‍ഡിന്റെയും ആത്മയുടെയും സഹകരണത്തോടെ കാര്‍ഷിക- ചക്കമഹോത്സവം – പൊലിമ 30, 1,2, 3 തീയതികളില്‍ ചക്കാന്തറ സെന്റ് റാഫേല്‍സ് കത്തീഡ്രല്‍ സ്വകയറില്‍( മേഴ്‌സി ജംഗ്ഷനില്‍) സംഘടിപ്പിക്കുമെന്ന് ഫാ ജേക്കബ്ബ് മാവുങ്കല്‍, പി ശിവശങ്കരന്‍ ആചാരി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 30ന് രാവിലെ 11മണിക്ക് പ്രദര്‍ശനത്തിന് തുടക്കമാകും. രണ്ടിന് പൊലിമ വിളംബരജാഥയും രണ്ടരക്ക് വനിതകളുടെ ശിങ്കാരിമേളവും ഉണ്ടായിരിക്കും.
വൈകീട്ട് മൂന്നിന് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്യും. പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ജേക്കബ്ബ് മനത്തോടത്ത് അധ്യക്ഷത വഹിക്കും. ഷാഫി പറമ്പില്‍ എം എല്‍ എ മുഖ്യാതിഥിയായിരിക്കും.തുടര്‍ന്ന് അയല്‍ക്കൂട്ട കലാപരിപാടികളും യോഗഡാന്‍സും ഉണ്ടായിരിക്കും. 31ന് രാവിലെ 11ന് മൃഗപരിപാലനവും കൃഷിയും വിഷയത്തില്‍ സെമിനാര്‍ നടക്കും. ഡോ ശുദ്ധോധന്‍ വിഷയാവതരണം നടത്തും. കെ വി വിജയദാസ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് തല്‍സമയ ജൈവവളനിര്‍മാണവും അഞ്ചിന് നെല്ലുകുത്തല്‍, ഓലമെടയല്‍ മത്സരവും ആറിന് നാടന്‍ പാട്ടും ഉണ്ടായിരിക്കും. ഒന്നിന് രാവിലെ 11മണിക്ക് ‘ക്ഷണം രുചിക്കോ, ആരോഗ്യത്തിനോ വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ഡോ ടി രാജന്‍ വിഷയാവതരണം നടത്തും.
എം ബി രാജേഷ് എം പി ഉദ്ഘാടനം ചെയ്യും. നാലിന് തല്‍സമയ ജൈവവള നിര്‍മാണവും അഞ്ചിന് തേങ്ങ പൊതിക്കല്‍, തേങ്ങ ചിരകല്‍ മത്സരവും നടക്കും. രണ്ടിന് രാവിലെ 11മണിക്ക് നാളെക്കുള്ള കാല്‍വെപ്പുകള്‍ -കൃഷിയില്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ പി കെ ബിജു എം പി ഉദ്ഘാടനം ചെയ്യും. ഡോ വി ആര്‍ ഹരിദാസ് വിഷയാവതരണം നടത്തും. അഞ്ചിന് തെങ്ങ് കയറ്റമത്സരവും ആറിന് കലാവിരുന്നുണ്ടായിരിക്കും. മൂന്നിന് രാവിലെ 11മണിക്ക് സമാപന സമ്മേളനം മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. രൂപതാ അധ്യക്ഷന്‍ മാര്‍ജേക്കബ്ബ് മാനത്തോടത്ത് അധ്യക്ഷതവഹിക്കും. മേളയോടാനുബന്ധിച്ച് മികച്ച കര്‍ഷകരെ ആദരിക്കല്‍, കാര്‍ഷിക പ്രദര്‍ശനം, വിപണനം, വിളമത്സരം, ചക്കവി’വങ്ങള്‍, ഫുഡ് കോര്‍ട്ട്, ലൈവല്‍ പുല്‍ക്കൂട് എന്നിവയുണ്ടായിരിക്കും.