Connect with us

Kozhikode

ചമലില്‍ കാട്ടുപന്നി വിളയാട്ടം; ജീവിതം വഴിമുട്ടി പ്രദേശവാസികള്‍

Published

|

Last Updated

താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിലെ ചമലില്‍ കാട്ടുപന്നികളുടെ അക്രമം പ്രദേശവാസികളുടെ ജീവിതം വഴിമുട്ടിക്കുന്നു. കാടിറങ്ങുന്ന പന്നികള്‍ കൃഷികള്‍ നശിപ്പിക്കുന്നതും കിണറുകളില്‍ വീഴുന്നതും പതിവായിരിക്കുകയാണ്. വനാതിര്‍ത്തിയില്‍ നിന്ന് ഏറെ ദൂരത്തുള്ള ജനവാസ കേന്ദ്രങ്ങളില്‍ പോലും കാട്ടുപന്നികളുടെ വിളയാട്ടമാണ്. കേളന്‍മൂല ചെല്ലന്തറയില്‍ ഷാജിയുടെ വീട്ടുവളപ്പിലെ കിണറ്റില്‍ വീണു ചത്ത പന്നിയെ രണ്ട് ദിവസം കഴിഞ്ഞാണ് കണ്ടെത്തിയത്. പാലുമായി പോയ കര്‍ഷകനെ കാട്ടുപന്നി കുത്തി സാരമായി പരുക്കേല്‍പ്പിച്ചത് ഒരു മാസം മുമ്പാണ്.
വര്‍ഷങ്ങളായി കാര്‍ഷിക വിളകള്‍ കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികള്‍ നശിപ്പിക്കുന്നതിനാ ല്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് പ്രദേശവാസികള്‍. വളവനാനിക്കല്‍ ഏലിക്കുട്ടി 40 സെന്റ് വയലില്‍ നട്ട കപ്പ പൂര്‍ണമായും കാട്ടുപന്നി നശിപ്പിച്ചു. സമീപത്തെ കപ്പ ത്തോട്ടത്തിലേക്കും കാട്ടുപന്നികള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. കൃഷി സംരക്ഷിക്കാന്‍ കര്‍ഷകര്‍ ഒരുക്കുന്ന വേലികള്‍ തകര്‍ത്താണ് കാട്ടുപന്നിക്കൂട്ടത്തിന്റെ തേരോട്ടം. കര്‍ഷകന്‍ അക്രമിക്കപ്പെട്ടപ്പോഴും കൃഷികള്‍ നശിപ്പിക്കപ്പെട്ടപ്പോഴും വേണ്ടത് ചെയ്യാമെന്ന് വനപാലകര്‍ ഉറപ്പുനല്‍കിയതല്ലാതെ തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി.