കാറുകള്‍ കൊണ്ട് ശ്വാസം മുട്ടുന്ന ഡല്‍ഹിയെ രക്ഷിക്കാന്‍

വാഹന നിയന്ത്രണങ്ങള്‍ വികസിത സമൂഹങ്ങളില്‍ വളരെ മുമ്പേയുണ്ട് എന്ന കാര്യം പലരും മറന്നുപോകുന്നു. കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയില്‍ ഡല്‍ഹി രീതിയാണുള്ളത്. ബ്രസീല്‍ തുടങ്ങി പല രാജ്യങ്ങളിലും വാഹന നിയന്ത്രണമുണ്ട്. ലക്ഷക്കണക്കിന് സൈക്കിളുകള്‍ രംഗത്തിറക്കി യുവാക്കളെ അതിലേക്കാകര്‍ഷിക്കാന്‍ കഴിഞ്ഞ ലണ്ടന്‍, പാരീസ് തുടങ്ങിയ നഗരങ്ങളും നമ്മുടെ മുന്നിലുണ്ട്. ഒറ്റ യാത്രക്കാരുമായി പോകുന്ന കാറുകളെ നിയന്ത്രിക്കുന്ന രാജ്യങ്ങളുണ്ട്. തിരക്കു നികുതി ചുമത്തുന്ന ലണ്ടന്‍ പോലുള്ള നഗരങ്ങളുണ്ട്. വാഹന വില തന്നെ വളരെ ഉയര്‍ത്തി വെച്ചിരിക്കുന്ന സിംഗപ്പൂര്‍ പോലുള്ള രാജ്യങ്ങളുണ്ട്. ഡല്‍ഹിയില്‍ ഇതിലേതു തുടങ്ങണം എന്നതേ പ്രശ്‌നമുള്ളൂ. ഒരൊറ്റ മാര്‍ഗം കൊണ്ട് മാത്രം മറികടക്കാവുന്ന ഒന്നല്ലിത്. കാറുകളുടെ നിലവാരമുയര്‍ത്തലടക്കം എല്ലാം. വിശേഷിച്ച് പൊതുഗതാഗതത്തിന്റെ വര്‍ധനവ് വളരെ പ്രധാനം തന്നെയാണ്.
Posted on: December 29, 2015 6:00 am | Last updated: December 29, 2015 at 12:15 am

delhiഡല്‍ഹി നഗരത്തില്‍ പുതുവര്‍ഷം മുതല്‍ സ്വകാര്യ കാറുകളുടെ നഗരപ്രവേശത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നു. കാറിന്റെ നമ്പര്‍ അനുസരിച്ച് മാത്രം ഇവയുടെ പ്രവേശം നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് ഒന്നാം തീയതി ഒറ്റയക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ മാത്രം അനുവദിക്കും. രണ്ടാം തീയതി ഇരട്ടയക്കം മാത്രം. ഫലത്തില്‍ പാതി സ്വകാര്യ കാറുകള്‍ മാത്രമേ, നഗരത്തില്‍ ഒരു ദിവസം പ്രവേശിക്കൂ. ഇത് വഴി നഗരത്തില്‍ ബഹിര്‍ഗമിക്കുന്ന കാര്‍ബണ്‍ വാതകങ്ങളുടെയും പൊടിയുടേയും പുകയുടേയും അളവ് ഗണ്യമായി കുറക്കാം. പ്രത്യേകിച്ച് തണുപ്പ് കാലത്ത് പുകയും മഞ്ഞും ചേര്‍ന്നുണ്ടാകുന്ന ‘സ്‌മോഗ്’ ഏറെ മലിനീകരണമുണ്ടാക്കുന്നു എന്ന് എല്ലാ പഠനങ്ങളും തെളിയിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളില്‍ ഒന്നായി (ബെയ്ജിംഗ് ആണ് ഒന്നാം സ്ഥാനത്ത്) ഡല്‍ഹി മാറിയിരിക്കുന്നു എന്ന് എല്ലാ പഠനങ്ങളും തെളിയിക്കുന്നുണ്ട്. ഇതിന്റെ പ്രധാന കാരണം സ്വകാര്യ കാറുകള്‍, വിശേഷിച്ച് ഡീസല്‍ കാറുകള്‍, അതില്‍ തന്നെ സ്‌പോര്‍ട്ട്‌സ് വാഹനങ്ങള്‍ (എസ് യു വികള്‍) ആണെന്നും കണ്ടെത്തിയിട്ടുണ്ട്.
കാറിനും ഇരുചക്ര വാഹനങ്ങള്‍ക്കും ഈ നിയന്ത്രണമുണ്ടാകും. ഇന്ത്യയില്‍ കാര്‍ ഉടമസ്ഥരുടെ ശതമാനം ഏറ്റവും ഉയര്‍ന്ന നഗരമാണ് ഡല്‍ഹി. കാര്‍ ഉടമസ്ഥത ഇന്ത്യന്‍ ശരാശരി 10 ശതമാനത്തില്‍ താഴെയെങ്കില്‍ ഡല്‍ഹിയിലത് 21 ശതമാനത്തോളമാണ്. ഇരു ചക്രവാഹനക്കാരെയും കൂട്ടിയാല്‍ ഏതാണ്ട് 60 ശതമാനം കുടുംബങ്ങള്‍ക്കും ഏതെങ്കിലും ഒരു വാഹനമുണ്ട്. മുപ്പത് ശതമാനത്തിലേറെ പേര്‍ ഡല്‍ഹി നഗരത്തില്‍ ദിവസേന തൊഴിലിടങ്ങളിലെത്തുന്നത് കാറിലോ ഇരുചക്ര വാഹനങ്ങളിലോ ആണ്. ഡല്‍ഹിയിലെ വാഹന നിയന്ത്രണത്തിന് ഹരം പകരുന്ന വിധത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണലും പിന്നീട് സുപ്രീം കോടതി തന്നെയും ഡീസല്‍- എസ് യു വി വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ നിര്‍ത്തവെക്കാനും 10 വര്‍ഷത്തിലേറെ പഴക്കമുള്ളവയുടെ റജിസ്‌ട്രേഷന്‍ പുതുക്കുന്നത് നിരോധിക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്. ഡല്‍ഹിയിലെ ‘ബാബു’മാരുടെ അഭിമാന ചിഹ്നമായി എസ് യു വികള്‍ മാറിയിരിക്കുന്നുവെന്ന കാര്യം പരിഗണിച്ചാല്‍ ഈ നിയന്ത്രണം ഏറ്റവും ബാധിക്കുക അതീവ സമ്പന്നരെയാണ്. ഒരു പരിധിവരെ ഉന്നത മധ്യവര്‍ഗക്കാരെയും. ഇക്കാലമത്രയും പരിസ്ഥിതി നിയമങ്ങള്‍ നടപ്പാക്കുന്നതിന് തടസ്സമായി നിന്നുകൊണ്ട് നയരൂപവത്കരണത്തില്‍ ഇടപെട്ടിരുന്ന ഇവര്‍ക്ക് ഇപ്പോഴത്തെ സര്‍ക്കാറില്‍ അത്ര സ്വാധീനമില്ലെന്ന തോന്നല്‍ ശക്തമാണ്. എങ്കിലും വാഹന നിര്‍മാണ ലോബിയും മാധ്യമങ്ങളിലെ അവരുടെ ശക്തമായ പിന്തുണക്കാരും ഈ നീക്കത്തിനെതിരെ രംഗത്ത് വന്നുകഴിഞ്ഞു.
എന്നാല്‍, ഡല്‍ഹി സര്‍ക്കാര്‍ ഇതോടൊപ്പം സ്വീകരിച്ച മറ്റു നടപടികള്‍ കൂടി പരിഗണിച്ചാലേ കാര്യങ്ങള്‍ വ്യക്തമാകൂ. പക്ഷേ, മാധ്യമങ്ങള്‍ക്ക് അതിന് താത്പര്യമില്ല. ഏപ്രില്‍ ഒന്ന് മുതല്‍ ആഴ്ചയില്‍ ഒരിക്കല്‍ ഡല്‍ഹിയിലെ തെരുവുകള്‍ വാക്വം ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കുക, ബദര്‍പൂരിലും രാജ്ഘട്ടിലും പ്രവര്‍ത്തിക്കുന്ന കല്‍ക്കരി താപനിലയങ്ങള്‍ അടച്ചുപൂട്ടുക, ട്രക്കുകളുടെ പ്രവേശം രാത്രി വൈകിയ സമയത്ത് മാത്രമാക്കുക, പൊതുഗതാഗതം മെച്ചപ്പെടുത്തുക മുതലായവയും തുല്യപ്രാധാന്യമുള്ളവയാണ്.
ഡല്‍ഹി നഗരത്തിലെ മലിനീകരണം സംബന്ധിച്ച ചര്‍ച്ചകളും പരിഹാര നിര്‍ദേശങ്ങളും പുതിയവയല്ല. എം സി മേത്ത എന്ന പ്രമുഖ പരിസ്ഥിതി അഭിഭാഷകന്‍ പല വട്ടം സുപ്രീം കോടതി വിധി നേടിയ ശേഷമാണ് അവിടുത്തെ ബസുകളും ടാക്‌സികളും ഓട്ടോ റിക്ഷകളും മറ്റും പ്രകൃതിവാതകത്തിലേക്ക് (സി എന്‍ ജി)മാറിയത്. പിന്നീട് ഈ നടപടികള്‍ തുടരുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാറിന്റെ വനം പരിസ്ഥിതി വകുപ്പ് തന്നെ ചില ഇടപെടലുകള്‍ നടത്തി. 2010ല്‍ ദേശീയ പരിസ്ഥിതി എന്‍ജിനീയറിംഗ് ഗവേഷണ സ്ഥാപനത്തെ (നീറി)ക്കൊണ്ട് പഠനം നടത്തിച്ച് വളരെ ആശ്ചര്യജനകമായ ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കി. വീടുകളില്‍ കത്തിക്കുന്ന എല്‍ പി ജിയും റോഡിലെ പൊടിയുമാണ് ഡല്‍ഹി മലിനീകരണത്തിന് കാരണങ്ങള്‍ എന്നാണവരുടെ കണ്ടെത്തല്‍. ഈ നിഗമനം തെറ്റും സ്ഥാപിത താത്പര്യത്താല്‍ സൃഷ്ടിക്കപ്പെട്ടതുമാണെന്ന് തുറന്നുകാട്ടിക്കൊണ്ട് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വിറോണ്‍മെന്റ്തിരുത്തി. ഡല്‍ഹിയിലുണ്ടാകുന്ന വായുവിലെ പൊടിപടലങ്ങള്‍ക്ക് തന്നെ 50 മുതല്‍ 80 ശതമാനം വരെ ഉത്തരവാദികള്‍ കാറാണെന്ന് തിരിച്ചറിഞ്ഞു. ശീതകാലത്ത് ഇത് വളരെ കൂടുതലായും കണ്ടെത്തിയിട്ടുണ്ട്.
ഇപ്പറഞ്ഞ പഠനങ്ങളുടെ പിന്‍ബലത്തില്‍ കൂടിയാണ് ദേശീയ ഹരിതട്രൈബ്യൂണലും പിന്നീട് സ്പ്രീം കോടതിയും ഈ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്ന് വിധിച്ചത്. ഡല്‍ഹി സര്‍ക്കാര്‍ ഈ വിധികള്‍ നടപ്പിലാക്കാന്‍ വേണ്ട നടപടികളുമായി മുന്നോട്ട് പോകുകയാണ്. പാരിസ്ഥിതിക സംരക്ഷണം പരമപ്രധാനമാണെന്ന നിലപാടാണ് ആം ആദ്മി പാര്‍ട്ടിക്കുള്ളത്. ഈ പ്രഖ്യാപനം വന്ന ഉടനെ ഒട്ടനവധി സ്ഥിരം വാദങ്ങളുമായി പലരും രംഗത്ത് വന്നു. ഏത് തരം നിയന്ത്രണം (പ്രത്യേകിച്ചും പാരിസ്ഥിതികമായി) വന്നാല്‍, ഉന്നയിക്കപ്പെടുന്ന ഒരു നിലപാട്, ‘കേവലം ഇതു കൊണ്ട് മാത്രം കാര്യമില്ല, നമുക്ക് സമഗ്ര സമീപനം വേണം’ എന്നതാണ്. കേട്ടാല്‍ പെട്ടെന്ന് ശരിയെന്ന് തോന്നാം. പക്ഷേ, എവിടെയെങ്കിലും തുടങ്ങണമല്ലോ. എല്ലാം ഒരുമിച്ച് ചെയ്യാനാകില്ല. ഏറ്റവും ഗൗരവതരമായിടത്താണ് ആദ്യം തുടങ്ങേണ്ടത്.
പൊതുഗതാഗത സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താതെ ഈ നിയന്ത്രണം പാടില്ലെന്നു വാദിക്കുന്ന് മറ്റൊരു കൂട്ടര്‍. അവിടെയും ഒരു കുഴപ്പമുണ്ട്. ബസുകളുടെയും മറ്റും എണ്ണം കൂട്ടിയതുകൊണ്ട് മാത്രം കാറുകളുടെ എണ്ണം കുറയില്ല. നിയന്ത്രണം വന്നാലേ നിര്‍ബന്ധമായും പൊതുവാഹനങ്ങളെ ആശ്രയിക്കാനാകൂ.
പുതിയ കാറുകളും എസ് യു വികളും ഇനിയിറങ്ങാന്‍ പോകുന്നത് പൊടിയും കാര്‍ബണ്‍ വാതകങ്ങളും വളരെ കുറഞ്ഞ രീതിയില്‍ മാത്രം പുറത്തുവിടുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്ത എന്‍ജിനുകളുമായാണ്. യൂറോ നാല്, അഞ്ച് എന്നീ നിലവാരങ്ങള്‍ക്ക് സമാനമായ ഭാരത് 4, 5 എന്നിവയിലേക്കാണ് വാഹനങ്ങള്‍ മാറ്റുന്നത് എന്നതാണ്. ഈ വാദത്തില്‍ പല അപടങ്ങളുമുണ്ട്. ഇപ്പറയുന്ന വാഹനങ്ങള്‍ ഇനി വരാനുള്ളവയാണ്. ഇപ്പോള്‍ നടക്കുന്ന മലിനീകരണത്തിന് ഇത് കുറവ് വരുത്തുകയില്ല. തന്നെയുമല്ല, ഈ മാറ്റത്തിന്റെ പേരില്‍ വലിയൊരു തുക ജനങ്ങള്‍ ചെലവാക്കേണ്ടിവരും. ഈവാദം കൊണ്ട് നേട്ടമുണ്ടാകുക, പുതിയ തരം വണ്ടികള്‍ വന്‍ പരസ്യം നല്‍കി ഇറക്കാന്‍ തയ്യാറായി നില്‍ക്കുന്ന വാഹനക്കമ്പനികള്‍ക്കാണ്. അവരുടെ കമ്പോളം ഉറപ്പാക്കുന്നു. തന്നെയുമല്ല, അവരവരുടെ പുകയും വാതകങ്ങളും നാലിലൊന്നായി കുറച്ചാലും നാല് വാഹനങ്ങള്‍കൂടി തെരുവിലിറങ്ങിയാല്‍ ഫലത്തില്‍ കാര്യമായ മാറ്റമുണ്ടാകില്ല.
ജനങ്ങളെ ആശയപ്രചാരണത്തിലൂടെ ബോധ്യപ്പെടുത്തി കുറയ്ക്കാമെന്ന വാദത്തിനും ഇതേ പ്രശ്‌നമുണ്ട്. മറ്റുള്ളവര്‍ക്ക് എന്തസൗകര്യമുണ്ടായാലും തങ്ങളുടെ സൗകര്യത്തില്‍ കുറവ് വരാന്‍ പാടില്ലെന്ന് വാദിക്കുന്നവരാണ് മധ്യവര്‍ഗത്തില്‍ വലിയൊരു പങ്കും. നഗരത്തിലെത്തുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക നികുതി ചുമത്തി നിയന്ത്രിക്കാമെന്ന നിര്‍ദേശവും ഗുണകരമാകില്ല. അതിസമ്പന്നര്‍ക്ക് ഈ അധിക നികുതി ഒരു പ്രശ്‌നമാകില്ല. ഒരാള്‍ക്ക് പണമുണ്ടെങ്കില്‍, വായു മലിനമാക്കാന്‍ അവകാശമുണ്ടോ എന്ന ചോദ്യവും പ്രസക്തം. താഴെക്കിടയിലുള്ളവരാകും ഇതിന്റെ ഫലമായി കാര്‍ ഉപേക്ഷിക്കുക.
എന്നാല്‍, ഗൗരവതരമായി ഈ നിര്‍ദേശത്തെ സംശയിക്കുന്ന ചിലരുണ്ട്. തിരക്കേറിയ നഗരത്തില്‍ എങ്ങനെ നിയന്ത്രണം (നമ്പര്‍ നോക്കി) നടപ്പാക്കും എന്നതാണൊരു പ്രശ്‌നം. ഇതിനു തന്നെ വലിയൊരു പോലീസ് സംവിധാനം വേണ്ടിവരും. (പോലീസ് ഡല്‍ഹി സര്‍ക്കാറിന്റെ കീഴിലല്ല താനും) കാറില്‍ മാത്രം ജോലിക്കെത്താന്‍ കഴിയുന്ന അംഗവൈകല്യം സംഭവിച്ചവര്‍, കാറുള്ളതുകൊണ്ട് മാത്രം (സ്വയം ഓടിച്ച് പോകാന്‍ കഴിയുന്നതിനാല്‍ മാത്രം) രാത്രി വൈകിയും ജോലി ചെയ്ത് ക്ഷമത കാണിക്കുന്നതില്‍ അഭിമാനിക്കുന്ന സ്ത്രീകള്‍.. ഇങ്ങനെ പലര്‍ക്കും പ്രത്യേക പെര്‍മിറ്റുകള്‍ നല്‍കേണ്ടിവരും. ഇത് പ്രതിസന്ധിയുണ്ടാക്കും. പെട്ടെന്നൊരു ദിവസം കാര്‍ കുറച്ചാല്‍ ഗതാഗതത്തിരക്ക് നിയന്ത്രിക്കല്‍ എളുപ്പമാകില്ല. പൊതുവാഹനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സമയമെടുക്കും. ഇത്തരം ചില പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടിവരും.
ഇത്തരം വാഹന നിയന്ത്രണങ്ങള്‍ വികസിത സമൂഹങ്ങളില്‍ വളരെ മുമ്പേയുണ്ട് എന്ന കാര്യം പലരും മറന്നുപോകുന്നു. കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയില്‍ ഇതേ രീതിയാണുള്ളത്. ബ്രസീല്‍ തുടങ്ങി പല രാജ്യങ്ങളിലും വാഹന നിയന്ത്രണമുണ്ട്. ലക്ഷക്കണക്കിന് സൈക്കിളുകള്‍ രംഗത്തിറക്കി യുവാക്കളെ അതിലേക്കാകര്‍ഷിക്കാന്‍ കഴിഞ്ഞ ലണ്ടന്‍, പാരീസ് തുടങ്ങിയ നഗരങ്ങളും നമ്മുടെ മുന്നിലുണ്ട്. ഒറ്റ യാത്രക്കാരുമായി പോകുന്ന കാറുകളെ നിയന്ത്രിക്കുന്ന രാജ്യങ്ങളുണ്ട്. തിരക്കു നികുതി ചുമത്തുന്ന ലണ്ടന്‍ പോലുള്ള നഗരങ്ങളുണ്ട്. വാഹന വില തന്നെ (വലിയ നികുതി വഴി) വളരെ ഉയര്‍ത്തി വെച്ചിരിക്കുന്ന സിംഗപ്പൂര്‍ പോലുള്ള രാജ്യങ്ങളുണ്ട്. ഡല്‍ഹിയില്‍ ഇതിലേതു തുടങ്ങണം എന്നതേ പ്രശ്‌നമുള്ളൂ. മുമ്പ് പറഞ്ഞ പോലെ ഒരൊറ്റ മാര്‍ഗം കൊണ്ട് മാത്രം മറികടക്കാവുന്ന ഒന്നല്ലിത്. കാറുകളുടെ നിലവാരമുയര്‍ത്തലടക്കം എല്ലാം. വിശേഷിച്ച് പൊതുഗതാഗതത്തിന്റെ വര്‍ധനവ് വളരെ പ്രധാനം തന്നെയാണ്.
നഗരത്തിലെ ഗതാഗതക്കുരുക്ക് വളരെ കൂടിയതിനാല്‍, കഴിഞ്ഞ വര്‍ഷം ആംആദ്മി സര്‍ക്കാര്‍ തന്നെ നിര്‍ത്തിവെപ്പിച്ച ബസ് റാലിസ് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം കൂടുതല്‍ മെച്ചപ്പെട്ട സാങ്കേതികത ഉപയോഗിച്ച് തിരിച്ചുകൊണ്ടുവരാവുന്നതുമാണ്. ഈ സര്‍ക്കാര്‍ ശ്രമങ്ങളെ ഒറ്റയടിക്ക് കോണ്‍ഗ്രസ് എതിര്‍ക്കുന്നു. കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്ക് അത് പറയാനാകില്ല. കാരണം കോടതി വിധി തന്നെ ഇതിനനുകൂലമാണ്. കൂടാതെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കൂടി പങ്കെടുത്ത് ഒപ്പുവെച്ച പാരീസ് ഉച്ചകോടിയിലെ കരാറനുസരിച്ച് കാര്‍ബണ്‍ വാതകം പുറത്ത് വിടുന്നതിന്റെ അളവ് നിയന്ത്രിക്കാന്‍ ഇന്ത്യ ബാധ്യസ്ഥമാണ്.
ഈ അപകടം ഡല്‍ഹിയെ മാത്രം ബാധിക്കുന്ന ഒന്നല്ല. കൊച്ചി പോലുള്ള നഗരങ്ങളില്‍ ഇതിനോട് അടുത്ത അവസ്ഥയാണുള്ളത്. നാമെങ്ങനെ നേരിടും? കോടതി വിധി വന്ന ശേഷം ചിന്തിച്ചാല്‍ മതിയോ? ഏതായാലും ഗാഡ്ഗിലിനെതിരെ തീര്‍ത്ത പ്രതിരോധം ഇക്കാര്യത്തില്‍ സാധ്യമാകുമെന്ന് കരുതാനാകില്ല.