മറവിരോഗം ബാധിക്കുന്നവര്‍ രാജ്യത്ത് വര്‍ധിക്കുന്നു

Posted on: December 28, 2015 8:16 pm | Last updated: December 30, 2015 at 9:09 pm

imageദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ റുമൈല ഹോസ്പിറ്റലില്‍ മെമ്മറി ക്ലിനിക്കില്‍ ചികിത്സക്കെത്തുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. പ്രായമായവരില്‍ സാധാരണയായി കണ്ടുവരുന്ന മറവിരോഗം ചികിത്സിക്കാനെത്തുന്നവരുടെ എണ്ണം കൂടുന്നതായി എല്‍ഡേര്‍ലി ജെറീയാട്രിക്‌സ് ആക്ടിംഗ് ചെയര്‍ ഡോ. ഹനാദി അല്‍ ഹമദ് പറഞ്ഞു. ഓര്‍മ പ്രശ്‌നങ്ങള്‍ക്ക് മെഡിക്കല്‍ സഹായം തേടണമെന്ന ബോധവ്തകരണം വ്യാപകമായി നടത്തിയിരുന്നു.
2013ലാണ് ഖത്വര്‍ ആദ്യമായി മറവിരോഗം കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും റുമൈല ഹോസ്പിറ്റലില്‍ സംവിധാനമൊരുക്കിയത്. ഇവിടെ ഒരു ജെറീയാട്രീഷ്യന്‍, സൈക്കോ ജെറീയാട്രിക് കണ്‍സള്‍ട്ടന്റ്, സ്‌പെഷ്യലിസ്റ്റ്, ഒക്കുപേഷനല്‍ തെറാപിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാണ്. രാജ്യത്തെ ഏത് ആശുപത്രിയും റഫര്‍ ചെയ്യുന്ന മറവി രോഗികളെ ഇവിടെ ചികിത്സിക്കും. ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് ഒരു മണിക്കൂര്‍ നേരം രോഗികളെ മനോവിശകലനം നടത്തും. മൂന്ന് മുതല്‍ ആറ് വരെ മാസം ചികിത്സയുടെ കാര്യക്ഷമത പരിശോധിക്കും.
മുതിര്‍ന്നവരില്‍ മറവി രോഗത്തിലേക്ക് നയിക്കുന്ന കാരണങ്ങളെ സംബന്ധിച്ച് ബോധവത്കരണവും നടത്തുന്നുണ്ട്. 65 വയസ്സ് മുതലാണ് മറവിരോഗം സാധാരണയായി കണ്ടുവരുന്നത്. പ്രായമാകുന്തോറും മറവിരോഗവും വര്‍ധിക്കും.