Connect with us

Kannur

തനത് സസ്യങ്ങള്‍ക്കുമേല്‍ വൈദേശികാധിനിവേശം

Published

|

Last Updated

കണ്ണൂര്‍: കേരളത്തിന്റെ തനത് സസ്യസമ്പത്തിനെ വിദേശങ്ങളില്‍ നിന്നെത്തിയ പലയിനം കളകള്‍ തീര്‍ത്തും ഇല്ലാതാക്കുന്നതായി പഠനം. കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് സം സ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നായി 4,000 നിരീക്ഷണ ബിന്ദുക്കളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 89 സസ്യഇനങ്ങള്‍ കേരളത്തിലെ ജൈവവൈവിധ്യങ്ങള്‍ക്ക് ആഘാതമേല്‍പ്പിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇവയില്‍ 11 മരങ്ങളും 39 ചെറുചെടികളും 24 കുറ്റിച്ചെടികളും 15 വള്ളിച്ചെടികളുമുണ്ട്. ഇവയില്‍ത്തന്നെ 19 എണ്ണം നിര്‍ണായകമായ അവസ്ഥയില്‍ തദ്ദേശീയ സസ്യഇനങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്ന വിധത്തില്‍ വളരുന്നതായും കണ്ടെത്തി.
കേരളത്തിലെ തനത് ജൈവവ്യവസ്ഥക്ക് ഭീഷണിയാകുന്ന അധിനിവേശ സസ്യങ്ങളില്‍ 40 ശതമാനവും തെക്കേ അമേരിക്കയില്‍ നിന്നെത്തി യവയാണ്. ലാറ്റിന്‍ അമേരിക്ക, മലേഷ്യ, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മരത്തടികള്‍, ഫര്‍ണി ച്ചര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന ഭക്ഷ്യധാന്യങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അലങ്കാരസസ്യങ്ങളില്‍ നിന്നുമെല്ലാമാണ് ഇത്തരം കള സസ്യങ്ങള്‍ കൂടുതലായുമെത്തുന്നത്.
പ്രധാനമായും ധൃതരാഷ്ട്രപച്ച, കമ്യൂണിസ്റ്റ് പച്ച, കൊങ്ങിണി, കുളവാഴ, ആഫ്രിക്കന്‍ പായല്‍, അക്കേഷ്യ, സിംഗപ്പൂര്‍ ഡെയ്‌സി, ആനത്തൊട്ടാവാടി, മലഞ്ചാവ, വാറ്റില്‍, മൈക്കാനിയ, അരിപ്പൂച്ചെടി, പാര്‍ത്തീനിയം, ഐപോമ്യകാര്‍ണിയ തുടങ്ങിയവയാണ് കേരളത്തിന്റെ സ്വാഭാവിക പരിസ്ഥിതിയെ മാറ്റിമറിച്ച പ്രധാന കളയിനങ്ങള്‍. ഇതില്‍ നാട്ടുസസ്യങ്ങളുടെ വളര്‍ച്ചക്ക് തടസ്സം സൃഷ്ടിക്കുന്നതില്‍ ഏറ്റവും പ്രധാന പങ്കുവഹിച്ചത് ലന്താനകാമര എന്ന ശാസ്തീയ നാമത്തില്‍ അറിയപ്പെടുന്ന അമേരിക്കന്‍ ചെടിയായ അരിപ്പൂച്ചെടിയാണ്. മലയോരങ്ങളില്‍ വ്യാപകമായ മലഞ്ചാവ എന്ന പന്ന ല്‍ച്ചെടിയും കനത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നു.
ആസ്‌ട്രേലിയയില്‍ നിന്നെത്തിയ വാറ്റില്‍ എന്ന ചെടി തദ്ദേശീയ ചെടികള്‍ക്കും ജീവികള്‍ക്കും പ്രശ്‌നമുണ്ടാക്കുന്നുണ്ട്.നാടും കാടും മേടുമെന്ന വ്യത്യാസമില്ലാതെ അതിവേഗം പടര്‍ന്നു കൊണ്ടിരിക്കുന്ന അമേരിക്കയില്‍ നിന്നെത്തിയ മൈകാനിയ എന്ന വള്ളിച്ചെടി തറയിലും മരങ്ങളെ മൂടിയുമാണ് വളരുന്നത്. അമേരിക്കയില്‍ നിന്നുതന്നെയെത്തിയ വിഷച്ചെടിയായ പാര്‍ത്തീനിയവും ആനത്തൊട്ടാവാടിയും കേരളത്തില്‍ വ്യാപകമായി പടര്‍ന്നുവരുന്നതായി ഇതേക്കുറിച്ച് ഗവേഷണം നടത്തിയ വി സി ബാലകൃഷ്ണന്‍ പറഞ്ഞു. തണ്ണീര്‍ത്തടങ്ങളിലും വയലുകളിലും നിറയുന്ന ഐപോമിയ കാര്‍ണിയ എന്ന പൂച്ചെടിയും ആവാസ വ്യവസ്ഥക്ക് ഏറെ പ്രശ്‌നമുണ്ടാക്കുന്നവയാണ്. സൂര്യകാന്തിയുടെ കുടുംബത്തില്‍ പെടുന്ന സിംഗപ്പൂര്‍ ഡെയ്‌സി ഐ യു സി എന്‍ തയ്യാറാക്കിയ “ലോകത്തിലെ നൂറ് അധിനിവേശ സ്പീഷീസുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കുന്നുകളുടെ നാശവും കളസസ്യങ്ങളുടെ വ്യാപനവും മൂലം ഇല്ലാതാകുന്ന നാട്ടുസസ്യങ്ങളില്‍ കൃഷ്ണകേസരിച്ചെടി, പഴുതാരക്കാലി, കഥകളി ഓര്‍ക്കിഡ്, കണ്ണാന്തളി, ഐസോയിട്ടസ്, ആടലോടകം, ഉറുതൂക്കി, കൊടുത്തൂവ, തവര തുടങ്ങിയവ സ്ഥാനം പിടിച്ചിട്ടുണ്ട്. പന്നല്‍ വര്‍ഗത്തില്‍പ്പെട്ട ഐസോയിട്ടസ് എന്ന ചെടി കണ്ണൂര്‍, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ ചില നെല്‍വയലുകളില്‍ മാത്രമേ ഇപ്പോള്‍ കാണാനാകൂയെന്ന് ഗവേഷകര്‍ പറയുന്നുണ്ട്. മാടായിപ്പാറയില്‍ 1990ല്‍ കണ്ടെത്തിയ കൃഷ്ണകേസരിച്ചെടിയും ഇത്തരത്തില്‍ നാശം സംഭവിച്ച ഒന്നാണ്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest