Connect with us

Ongoing News

സാഫ് കപ്പ്: മിന്നുന്ന ജയത്തോടെ ഇന്ത്യ സെമിയില്‍

Published

|

Last Updated

തിരുവനന്തപുരം: യുവതാരം ലാലിയന്‍ സുലയുടെ തോളിലേറി സാഫ് ഫുട്‌ബോളില്‍ ഇന്ത്യ നേപ്പാളിനെ പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഇന്ത്യയുടെ സെമി പ്രവേശം. ഇരട്ട ഗോള്‍ നേടിയ സുലയാണ് ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചത്.
ജയിച്ചുവെങ്കിലും മത്സരത്തിന്റെ തുടക്കം മുതല്‍ നിലവാരം കുറഞ്ഞ പ്രകടനമായിരുന്നു ഇന്ത്യയുടെത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിലെ ഇലവനില്‍ അഞ്ച് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ നേപ്പാളിനെതിരെ ഇറങ്ങിയത്. മുന്നേറ്റ നിരയില്‍, പരുക്കേറ്റ റോബിന്‍ സിംഗിനും ജെജെക്കും പകരം ഹലിചരണ്‍ നസ്രേയും മധ്യനിരയില്‍ പ്രണോയ് ഹല്‍ദറിന് പകരം ബികാസ് ജെയ്‌റുവും റൗളിംഗ് ബോര്‍ജെയും പ്രതിരോധത്തില്‍ അര്‍ണബ് മൊണ്ഡലിന് പകരം ഐബോര്‍ലാങ് ഖോങ്‌ജെയും കളത്തിലിറങ്ങി. ആദ്യ മത്സരത്തില്‍ ഗോള്‍ വലയം കാത്ത ഗുര്‍പ്രീത് സിംഗ് സന്ധുവിന് പകരം സുബ്രതോ പോള്‍ ക്രോസ് ബാറിനു കീഴിലെത്തി. ടീമിന്റെ ഫോര്‍മേഷനിലും മാറ്റം വരുത്തിയിരുന്നു. ആദ്യ മത്സരത്തില്‍ പ്രതിരോധ നിരയില്‍ നാല് താരങ്ങളും മധ്യനിരയിലും മുന്നേറ്റ നിരയിലും മൂന്ന് പേരും വീതമാണ് കളിക്കാനിറങ്ങിയതെങ്കില്‍ ഇന്നലെ നാല് പ്രതിരോധ ഭടന്മാരും നാല് മധ്യനിരക്കാരും രണ്ടു സ്‌ട്രൈക്കര്‍മാരുമാണ് കളത്തിലിറങ്ങിയത്. സ്‌ട്രൈക്കര്‍മാരുടെ എണ്ണം കുറച്ചു പ്രതിരോധത്തിനു പ്രാധാന്യം നല്‍കിയിട്ടും മൂന്നാം മിനുട്ടില്‍ത്തന്നെ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ടു നേപ്പാള്‍ വലകുലുക്കി. ഇടതുവിംഗിലൂടെ മികച്ച മുന്നേറ്റം നടത്തിയ നവയുഗ് ശ്രേഷ്ഠ ഇന്ത്യന്‍ പ്രതിരോധ നിര താരം അഗസ്റ്റിന്‍ ഫെര്‍ണാണ്ടസിനെ കബളിപ്പിച്ച് പോസ്റ്റിലേക്ക് ഷൂട്ട് ചെയ്‌തെങ്കിലും പോസ്റ്റില്‍ തട്ടി മടങ്ങി. റീബൗണ്ട് പിടിച്ചെടുത്ത ബിമല്‍ മഗാറിനു മുന്നില്‍ വീണു കിടക്കുന്ന ഗോളി സുബ്രതോ പോള്‍ മാത്രം. ആളൊഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിട്ടു മഗാര്‍ സ്‌കോര്‍ ചെയ്തു. സ്‌കോര്‍ (1-0).
ഗോള്‍ വഴങ്ങിയതോടെ ആക്രമിച്ചു കളിക്കാനുള്ള ഒറ്റപ്പെട്ട ചില ശ്രമങ്ങള്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായി. എന്നാല്‍ തുടര്‍ച്ചയായുള്ള മിസ് പാസുകളും പാസുകള്‍ സ്വീകരിക്കുന്നതില്‍ വരുത്തിയ പിഴവുകളും ഇന്ത്യക്കു തിരിച്ചടിയായി. പതിവിനു വിപരീതമായി 3000ത്തോളം കാണികള്‍ ഇന്ത്യയുടെ കളി കാണാന്‍ എത്തിയിരുന്നു.
26ാം മിനുട്ടില്‍ ഇന്ത്യ ഗോള്‍ മടക്കി. ബിമല്‍ മഗാര്‍ ഇടതുവിംഗില്‍ സെന്റര്‍ ലൈനിനു സമീപം ലിങ്‌ദോയെ ഫൗള്‍ ചെയ്തു വീഴ്ത്തി. ഇതിനെത്തുടര്‍ന്നു ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് ഇന്ത്യയുടെ മറുപടി ഗോള്‍ പിറന്നത്. നാരായണ്‍ ദാസ് എടുത്ത ഫ്രീകിക്ക് ബോക്‌സില്‍ പ്രീതം കോട്ടല്‍ ഹെഡ് ചെയ്യാന്‍ ശ്രമിച്ചു. കോട്ടലിന്റെ തലയില്‍തട്ടി വീണ പന്ത് റോളിംഗ് ബോര്‍ജസ് നേപ്പാള്‍ വലയിലേക്ക് അടിച്ചു കയറ്റി. സ്‌കോര്‍ (1-1). സമനില നേടിയിട്ടും ഇന്ത്യന്‍ താരങ്ങള്‍ കളിയുടെ ശൈലി മാറ്റിയില്ല. ആദ്യ പകുതിയില്‍ ഗോളെന്നുറച്ച മൂന്ന് അവസരങ്ങളാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്.
ഒരോ മാറ്റവുമായാണ് ഇരു ടീമുകളും രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയത്. മധ്യനിരതാരം സഞ്ജു പ്രധാന് പകരം സ്‌ട്രൈക്കര്‍ ലാലിയന്‍ സുലയെ ഇന്ത്യ കളത്തിലിറക്കിയപ്പോള്‍ നേപ്പാള്‍, ആദ്യ ഗോള്‍ നേടിയ ബിമല്‍ മഗാറിന് പകരക്കാരനായി ജഗ്ജിത് ശ്രേഷ്ഠയെ ഇറക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ യുവതാരം ലാലിയന്‍ സുലയുടെ ചില മികച്ച മുന്നേറ്റങ്ങള്‍ കണ്ടു. 49ാം മിനിറ്റില്‍ നവയുഗ ശ്രേഷ്ഠയുടെ അപകടകരമായ ഒരു ഗ്രൗണ്ടര്‍ സുബ്രതോ പോള്‍ രക്ഷപ്പെടുത്തി. 58ാം മിനുട്ടില്‍ ഇന്ത്യന്‍ പ്രതിരോധം വരുത്തിയ പിഴവു മുതലാക്കി ഹെമാംഗ് ഗുരുംഗ് ബോസ്‌കിന് പുറത്തുനിന്നെടുത്ത ഷോട്ട് സുബ്രതോ പോള്‍ തട്ടിയകറ്റി.
68ാം മിനുട്ടില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചു. ഇടതു വംഗില്‍ നിന്നും നര്‍സ്രേ നല്‍കിയ പാസ് ഛേത്രി വലയിലേക്കു തിരിച്ചുവിടുകയായിരുന്നു. സ്‌കോര്‍ (1-2). തൊട്ടുത്ത നിമിഷം തന്നെ ബോക്‌സിനുള്ളില്‍ ഛേത്രി നല്‍കിയ പാസില്‍ നിന്ന് നേപ്പാള്‍ ഗോളിയെ കബളിപ്പിച്ചു നര്‍സ്രേ ഒരു ഗ്രൗണ്ട് ഷോട്ട് തൊടുത്തു. എന്നാല്‍ ഗോളിയെ മറികടന്നു പോയ പന്ത് പുറകേ ഓടിച്ചെന്ന ആദിത്യ ചൗധരി ഗോള്‍ ലൈനില്‍ നിന്ന് തട്ടിയകറ്റി. 70ാം മിനുട്ടില്‍ ഛേത്രിക്കു പകരം ജെജെ ഗ്രൗണ്ടിലെത്തി. 75ാം മിനുട്ടില്‍ത്തന്നെ ബോക്‌സിന്റെ പുറത്തുനിന്നുള്ള ജെജെയുടെ ഒരു മികച്ച ഷോട്ട് നേപ്പാള്‍ ഗോളി കിരണ്‍ കുമാര്‍ ലിംബു കൃത്യമായി കൈപ്പിടിയിലൊതുക്കി. 80ാം മിനുട്ടില്‍ ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോള്‍ എന്നു വിശേഷിപ്പിക്കാവുന്ന ഗോള്‍ സുലയുടെ ബൂട്ടില്‍ നിന്ന് പിറന്നു. ഗോളി സുബ്രതോ പോള്‍ നീട്ടി നല്‍കിയ ഹൈബോള്‍ ബോക്‌സിന് മുന്നില്‍ നിന്ന് ജെജെ വലതു വിംഗില്‍ ലാലിയന്‍ സുലക്ക് ഹെഡ് ചെയ്തു നല്‍കി. നേപ്പാള്‍ താരത്തെ ഡ്രിബിള്‍ ചെയ്ത് ബോക്‌സിലേക്ക് കയറാന്‍ ശ്രമിച്ച സുല ബോള്‍ പിന്നിലേക്കു വലിച്ച് ഇടംകാല്‍ കൊണ്ടുതീര്‍ത്ത ഷോട്ട് പോസ്റ്റിന്റെ ഇടതു മൂലയിലേക്കു പറന്നിറങ്ങുമ്പോള്‍ നേപ്പാള്‍ ഗോളിക്ക് നിസ്സഹായനായി നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളൂ. സ്‌കോര്‍ (1-3). 90ാം മിനുട്ടില്‍ സുല വീണ്ടും വലകുലുക്കി. ഇടതു വിംഗില്‍ നിന്നും റൗളിങ് ബോര്‍ജസ് നല്‍കിയ ഹൈ ബോള്‍ നേപ്പാള്‍ ഡിഫന്‍ഡര്‍ക്ക് മുകളില്‍ ഉയര്‍ന്നു ചാടിയ സുല പിന്നിലേക്ക് ഹെഡ് ചെയ്തു. നേപ്പാള്‍ ഗോളി ലിംബുവിനെ മറികടന്ന പന്ത് പോസ്റ്റിന്റെ വലതു മൂലയില്‍ കയറി. സ്‌കോര്‍ (1-4). തൊട്ടടുത്ത നിമിഷം ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ ഇന്ത്യ ഗ്രൂപ് ചാമ്പ്യന്മാരായി സെമിയിലേക്ക് മാര്‍ച് ചെയ്തു. ഇന്നു നടക്കുന്ന അഫ്ഗാന്‍ മാലദ്വീപ് മത്സരത്തില്‍ പരാജയപ്പെടുന്നവരെ ഇന്ത്യ സെമിയില്‍ നേരിടും.

Latest